'പൊതു പ്രവര്‍ത്തനം ജീവകാരുണ്യപരമാകണം'
Saturday, December 20, 2014 11:07 AM IST
ദമാം: ഭീമമായ ചിലവില്‍ ആഡംബര വീടുകള്‍ നിര്‍മിക്കുകയും അതിനേക്കാള്‍ വലിയ മതിലുകള്‍ കെട്ടിപ്പൊക്കുകയും ചെയ്യുമ്പോള്‍ തൊട്ടടുത്ത് കിടക്കുന്ന അയല്‍വാസിയുടെ ദുരിതം മനസിലാക്കുവാനോ അവന്റെ പ്രശ്നങ്ങളില്‍ സാന്ത്വനമെത്തിക്കുന്നതിനോ ആധുനിക സമൂഹം തയാറാവാത്തത് മനുഷ്യത്വത്തിന്റെ അപചയമാണെന്നും കേവലം മുദ്രാവാക്യം വിളികളോ ജാഥ നടത്തി ശക്തിതെളിയിക്കുന്നതോ അല്ല സംഘടനാ പ്രവര്‍ത്തനമെന്നും കാരുണ്യ മേഖലകളിലും ക്ഷേമപ്രവര്‍ത്തനങ്ങളിലും കൂടുതല്‍ സജീവമായ ഇടപെടലുകള്‍ ഉണ്ടാവുകയാണ് വേണ്ടതെന്നും സൌദി നാഷണല്‍ കെഎംസിസി വൈസ് പ്രസിഡന്റ് പി.പി. മുഹമ്മദ് എളേറ്റില്‍ അഭിപ്രായപ്പെട്ടു.

റാക്ക കെഎംസിസി പ്രവാസി സുരക്ഷാ പദ്ധതി 2015 പ്രത്യേക കണ്‍വന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മരണമെന്ന അലംഘനീയമായ വിധിക്ക് കീഴടങ്ങപ്പെട്ട പ്രവാസി കുടുംബനാഥന്റെ അനന്തരാവകാശികള്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം ഉണ്ടാക്കിയെടുക്കാന്‍ സൌദി ദേശീയ കെഎംസിസി രൂപം നല്‍കിയ രണ്ടാം ഘട്ട പ്രവാസി സുരക്ഷാ പദ്ധതി പ്രവാസി സമൂഹം ഒന്നടങ്കം ഏറ്റെടുക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. റാക്ക യൂണിറ്റ് പ്രസിഡന്റ് സിറാജ് ആലുവ അധ്യക്ഷത വഹിച്ച കണ്‍വന്‍ഷന്‍ അല്‍കോബാര്‍ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഇഫ്തിയാസ് അഴിയൂര്‍ ഉദ്ഘാടനം ചെയ്തു. കിഴക്കന്‍ പ്രവിശ്യാ കെഎംസിസി വൈസ് പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് കടവനാട്, ആസിഫ് കൊണ്േടാട്ടി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സിദ്ധീഖ് പാണ്ടികശാല പ്രവാസി സുരക്ഷാ പദ്ധതി വിശദീകരണം നിര്‍വഹിച്ചു. ഷാനവാസ് ചെറുവണ്ണൂര്‍ ഖിറാഅത്ത് നടത്തി.

ജനറല്‍ സെക്രട്ടറി സൈഫുള്ള പെരിന്തല്‍മണ്ണ സ്വാഗതവും അബ്ദുള്‍ ജബാര്‍ കാസര്‍ഗോഡ് നന്ദിയും പറഞ്ഞു. സി.ടി മൊയ്തീന്‍കോയ പരപ്പനങ്ങാടി, അബ്ദുള്‍ മജീദ് ബേപ്പൂര്‍, അഷ്റഫ് കുന്ദമംഗലം, കോയ ഫറോക്ക്, സക്കീര്‍ ഹുസൈന്‍ കീഴാറ്റൂര്‍, മിര്‍ഷാദ് തിരൂര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സാംസ്കാരിക മൂല്യങ്ങളെ തകര്‍ക്കുന്ന ആഭാസ സമരരീതികള്‍ക്കെതിരെ മുഖം നോക്കാതെ കേരളീയ സമൂഹം പ്രതികരിക്കാന്‍ തയാറാകണമെന്ന് കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം