അഷ്റഫ് വധക്കേസ് പ്രതികളില്‍ മൂന്ന് പേര്‍ മോചിതരായി, മുസ്തഫ മണ്ണില്‍ മലസ് ജയിലില്‍ തന്നെ
Friday, December 19, 2014 6:28 AM IST
റിയാദ്: ഏറെ പ്രമാദമായ മംഗലാപുരം സ്വദേശി അഷ്റഫ് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്ന നാല് മലയാളികളില്‍ മൂന്ന് പേര്‍ ജയില്‍ മോചിതരായി വ്യാഴാഴ്ച വീടണഞ്ഞു. 2008 മെയ് മാസം റിയാദില്‍ നടന്ന കൊലപാതകത്തില്‍ പ്രതികളായി അറസ്റ്റ് ചെയ്ത് ജയിലിലായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി മുഹമ്മദ് സക്കീര്‍ (36), പെരിന്തല്‍മണ്ണ ഏലംകുളം കുന്നക്കാവ് സ്വദേശി കുന്നത്ത് മുസ്തഫ (33), കണ്ണൂര്‍ ഇരിട്ടി സ്വദേശി സജ്ന മന്‍സിലില്‍ ഫസല്‍ (35) എന്നിവരാണ് ബുധനാഴ്ച രാത്രി അല്‍ ഹയില്‍ ജയിലില്‍ നിന്നും മോചിതരായി റിയാദില്‍ നിന്നും മുംബൈ വഴിയുള്ള ജെറ്റ് എയര്‍വെയ്സ് വിമാനത്തില്‍ നാട്ടിലേക്ക് തിരിച്ചത്. ഇതേ കേസില്‍ അകപ്പെട്ട് മലസ് ജയിലിലുള്ള മണ്ണാര്‍ക്കാട് മണ്ണില്‍ മുസ്തഫ (35) യുടെ മോചനം ഇനിയും സാധൃമായിട്ടില്ല.

ഒന്നിച്ച് താമസിച്ചിരുന്ന അഷ്റഫിനെ പ്രതികളായ നാല് പേര്‍ ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തി എന്നാണ് കേസ്. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിലേക്കത്തിയത്. കൊല്ലപ്പെട്ട അഷ്റഫിന്റെ മൃതദേഹം പ്ളാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ് ബലദിയ്യ ഡ്രമ്മില്‍ തള്ളുന്നതിനിടയില്‍ ഇവരെ മതകാരൃ പോലീസ് പിടികൂടുകയായിരുന്നു.

അഷ്റഫ് വധക്കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട നാല് പേരുടേയും മോചനത്തിനായി മുഖൃമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നോര്‍ക്കയും ഇടപെട്ട് നടത്തിയ ശ്രമങ്ങളാണ് വിജയം കണ്ടത്. സൌദിയിലെ നോര്‍ക്ക കണ്‍സല്‍ട്ടന്റ് ശിഹാബ് കൊട്ടുകാടും മറ്റ് സാമൂഹൃ പ്രവര്‍ത്തകരും ചേര്‍ന്ന് കൊല്ലപ്പെട്ട അഷ്റഫിന്റെ റിയാദില്‍ ജോലി ചെയ്യുന്ന പിതാവ് അബ്ദുല്‍ ഖാദറുമായി നടത്തിയ നിരന്തര ചര്‍ച്ചയുടെ ഫലമായി 80 ലക്ഷം ഇന്തൃന്‍ രൂപ ബ്ളഡ് മണി നല്‍കി നാല് പേരേയും മോചിപ്പിക്കാനുള്ള സാധൃത തെളിയുകയായിരുന്നു. ഈ തുക നല്‍കാന്‍ പ്രമുഖ പ്രവാസി വൃവസായിയും നോര്‍ക്ക ഡയറക്ടറുമായ ഡോ. സി.കെ മേനോന്‍ തയ്യാറായി. അദ്ദേഹത്തിന്റെ പ്രതിനിധികള്‍ കോടതിയില്‍ പണം കെട്ടി വെച്ചാണ് നാല് പേരുടേയും മോചനത്തിന് വഴി തുറന്നത്. പിന്നീട് സാങ്കേതിക കാരണങ്ങളാല്‍ വര്‍ഷങ്ങളോളം ഇവര്‍ക്ക് ജയിലില്‍ തന്നെ തുടരേണ്ടി വന്നു. മലസ് ജയിലിലായിരുന്നവരില്‍ ഫസല്‍, മുസ്തഫ പെരിന്തല്‍മണ്ണ, സക്കീര്‍ എന്നിവരെ മൂന്ന് വര്‍ഷം മുന്‍പ് അല്‍ ഹായിര്‍ ജയിലിലേക്ക് മാറ്റി. അന്ന് ചെവിയില്‍ ഒരു പരിക്കുണ്ടായിരുന്ന മുസ്തഫ മണ്ണിലിനെ ചികിത്സയുടെ കാരണം പറഞ്ഞ് മലസില്‍ തന്നെ നിര്‍ത്തുകയായിരുന്നു. അല്‍ ഹായിറിലേക്ക് മാറ്റിയ മൂന്ന് പേരാണ് വൃാഴാഴ്ച മോചിതരായി നാട്ടിലെത്തിയത്.

മുസ്തഫയുടെ മോചനവും താമസിയാതെ ഉണ്ടാകുമെന്നാണ് സാമൂഹൃ പ്രവര്‍ത്തകര്‍ പറയുന്നത്. എന്നാല്‍ കൂടെയുണ്ടായിരുന്ന മൂന്ന് പേരും നാട്ടിലെത്തിയിട്ടും മുസ്തഫ മാത്രം നാട്ടിലെത്താത്തതില്‍ വിഷമിച്ചിരിക്കുകയാണ് മുസ്തഫയുടെ ഭാരൃ ഫാത്തിമയും രണ്ട് മക്കളും പ്രായമായ പിതാവും മറ്റ് ബന്ധുക്കളും. ബ്ളഡ് മണി കെട്ടി വെച്ചിട്ടും മോചിതരാകാതിരുന്ന ഇവര്‍ക്ക് വേണ്ടി ബന്ധുക്കളും സാമൂഹൃ പ്രവര്‍ത്തകരും അധികാര കേന്ദ്രങ്ങളില്‍ നിരന്തരം കയറിയിറങ്ങുകയായിരുന്നു.
വൃാഴാഴ്ച കാലത്ത് കോഴിക്കോട്, നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടുകളിലായി വന്നിറങ്ങിയ മൂന്ന് പേരേയും സ്വീകരിക്കാന്‍ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമെത്തിയിരുന്നു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍