ജീസസ് യൂത്ത് ക്യാമ്പിന് സമാപനം; ഭക്തിയുടെ നിറവില്‍ അല്‍ഫോന്‍സ് ജോസഫ്
Tuesday, December 9, 2014 8:40 AM IST
പോര്‍ട്ട് സീ (മെല്‍ബണ്‍): വിക്ടോറിയ ജീസസ് യൂത്തിന്റെ നേതൃത്വത്തില്‍ മൂന്ന് ദിവസമായി മെല്‍ബണിലെ പോര്‍ട്ട് സീയില്‍ നടന്നു വരുന്ന കോണ്‍ഫറന്‍സിന് പരിസമാപ്തി.

വിക്ടോറിയായിലെ ജീസസ് യൂത്തിന്റെ മുഴുവന്‍ സജീവാംഗങ്ങളും കുടുംബാംഗങ്ങളും ഉള്‍പ്പെടെ അഞ്ഞൂറിലധികം പേര്‍ കടലിരമ്പുന്ന പോര്‍ട്ട്സീയുടെ ചാരുതയില്‍ ഭക്തിസാന്ദ്രമായി മാറി. യുവജനങ്ങളുടെ സജീവ സാന്നിധ്യവും മുഴുവന്‍ മുന്‍കാല ജീസസ് യൂത്ത് പ്രവര്‍ത്തകരുടെയും അനുഭവങ്ങള്‍ വിശ്വാസികള്‍ക്ക് മുമ്പില്‍ ഏറ്റുപറഞ്ഞപ്പോള്‍ ദൃഢതയുടെ ഒരു സംരഭത്തിന്റെ കരുത്ത് വിളിച്ചോതി.

പ്രമുഖ ഗായകനും മ്യൂസിക് ഡയറക്ടറും റെക്സ് ബാന്‍ഡിന്റെ നായകനുമായ അല്‍ഫോന്‍സ് ജോസഫിന്റെ നേതൃത്വത്തില്‍ ഭക്തി ഗാനങ്ങള്‍ സ്റേജില്‍ നിറഞ്ഞാടിയപ്പോള്‍ പ്രാര്‍ഥനയുടെ മനസുമായി വിശ്വാസികള്‍ ഏറ്റുപാടി. ക്രിസ്തീയ ഗാനങ്ങള്‍ കര്‍ണാട്ടിക്-ഹിന്ദുസ്ഥാനി രാഗത്തില്‍ ആലപിച്ചു സദസിന്റെ കൈയടി ഏറ്റുവാങ്ങിയിട്ടുളള അല്‍ഫോന്‍സിന്റെ ഇംഗ്ളീഷ് പാട്ടുകള്‍ ഏറെ മികവുറ്റതായിരുന്നു. വെളളിത്തിര, മഞ്ഞുപോലൊരു പെണ്‍കുട്ടി, ജലോത്സവം, ബിഗ്ബി, ആയുധം, പയ്യന്‍സ് എന്നീ പ്രശസ്ത സിനിമകളുടെ മ്യൂസിക് ഡയറക്ടറായിരുന്ന അല്‍ഫോന്‍സിന്റെ സ്റേജിലെ പ്രകടനം ജീസസ് യൂത്തിന്റെ ശക്തിയുടെ മുഖമുദ്ര തെളിയിക്കുന്നതായിരുന്നു.

രാവിലെ മുതല്‍ നടന്ന വിവിധ സെഷന്‍ പാനല്‍ ചര്‍ച്ചകള്‍ വളരെ സുഗമമായി നടന്നു. ചര്‍ച്ചകളിലും വിവിധ ക്ളാസുകളിലും ഫാ. തോമസ് അരീക്കുഴി, തോമസ് മൈക്കിള്‍, ഫാ. ബോണി ഏബ്രഹാം എംജിസി, സി.ഡി. ജോസഫ്, നവീന്‍ തോമസ് എന്നിവര്‍ നയിച്ചു. രാവിലെ നടന്ന കുടുംബ നവീകരണത്തില്‍ സുജ നവിന്‍, യുവജന സെഷനില്‍ നീമയും ടീനേജ് സെഷനില്‍ സജിതും വിവിധ ഗ്രൂപ്പ് ചര്‍ച്ചകള്‍ നയിച്ചു.

വൈകുന്നേരം നടന്ന സമാപന ദിവ്യബലിയില്‍ മോണ്‍. ഫാ. ഗ്രീഗ് ബെനെറ്റ് നേതൃത്വം നല്‍കി. വൈകുന്നേരം ആറിന് പോര്‍ട്ട് സീ ചരിത്രപരമായ ഡീപ്പര്‍ ഹയര്‍ ക്യാമ്പ് സമാപിച്ചു. പപ്പുവാ ന്യൂഹിനിയില്‍ നിന്നുളള അംഗങ്ങളും ക്യാമ്പില്‍ സന്നിഹിതരായിരുന്നു.

റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്