ഒബാമയുടെ ഇമിഗ്രേഷന്‍ ഉത്തരവിനെതിരെ 17 സംസ്ഥാനങ്ങള്‍ കോടതിയില്‍
Thursday, December 4, 2014 9:48 AM IST
ഓസ്റിന്‍: ഒബാമ ഭരണകൂടത്തിന്റെ ഇമിഗ്രേഷന്‍ എക്സിക്യൂട്ടീവ് ഉത്തരവിനെ ചോദ്യം ചെയ്ത് ടെക്സസ് നിയുക്ത ഗവര്‍ണറും അറ്റോര്‍ണി ജനറലുമായ ഗ്രോഗ് ഏബെട്ടിന്റെ നേതൃത്വത്തില്‍ 17 സംസ്ഥാനങ്ങളുടെ സംയുക്ത സമിതി യുഎസ് ഡിസ്ട്രിക്ട് കോടതിയില്‍ ലോ സ്യൂട്ട് ഫയല്‍ ചെയ്തതായി ഡിസംബര്‍ മൂന്നിന് (ബുധന്‍) ഗ്രോഗ് ഏബട്ട് പറഞ്ഞു.

നിയമ വിരുദ്ധമായി അമേരിക്കയില്‍ കുടിയേറിയവര്‍ക്ക് നിയമ സംരക്ഷണം നല്‍കാന്‍ ഒബാമ ഭരണകൂടം സ്വീകരിച്ച നടപടികള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് നിയുക്ത ഗവര്‍ണര്‍ പറഞ്ഞു.

നവംബര്‍ 20 ന് ഒബാമ പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് അഞ്ചു വര്‍ഷം തുടര്‍ച്ചയായി അമേരിക്കയില്‍ ജീവിച്ചവരെ പെര്‍മനന്റ് റസിഡന്റായി അംഗീകരിക്കുന്നതിനുളള നടപടികള്‍ സ്വീകരിച്ചിരുന്നു.

ഒബാമയുടെ ഉത്തരവിനെതിരെ ടെക്സസ് ഗവര്‍ണറുടെ നേതൃത്വത്തില്‍ അലബാമ, ജോര്‍ജിയ, ഐഡഹോ, ഇന്ത്യാന കാന്‍സസ്, ലൂസിയാന, മയിന്‍, മിസിസിപ്പി, മൊണ്ടാന, കരോലിന, നെബ്രക, സൌത്ത് ഡക്കോട്ട, യുട്ട, വെസ്റ് വെര്‍ജീനിയ, വിസ്കോസില്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ അണിനിരന്നതോടെ അനധികൃത കുടിയേറ്റക്കാരുടെ സ്വപ്നങ്ങള്‍ക്ക് മങ്ങലേറ്റിരിക്കുകയാണ്.

2016 പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിന് അണിയറയില്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്ന റിക്ക് പെറിയും ഒബാമയുടെ തീരുമാനത്തിനെതിരെ ശക്തമായി രംഗത്തെത്തിയത് രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍