'അമേരിക്കയിലെ അവസരങ്ങള്‍ ഉപയോഗിക്കണം'
Wednesday, December 3, 2014 7:09 AM IST
സാന്‍ അന്റോണിയോ: അമേരിക്കയിലെ വിദ്യാഭ്യാസ, സാമൂഹിക,ശാസ്ത്രീയ, രാഷ്ട്രീയ മേഖലയിലുളള അവസരങ്ങള്‍ പ്രവാസി മലയാളികളും അവരുടെ തലമുറകളും ദീര്‍ഘദര്‍ശനത്തോടെ ഉപയോഗിക്കാന്‍ കഴിയണമെന്ന് പ്രമുഖ മനഃശാസ്ത്രജ്ഞനും മോട്ടിവേഷനല്‍ ട്രെയിനറുമായ ഡോ. എം. കെ. ലൂക്കോസ് മന്നിയോട്ട് പറഞ്ഞു. സാന്‍ അന്റോണിയോ സെന്റ് മേരിസ് മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ നടന്ന മോട്ടിവേഷണല്‍ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഉന്നതമായ വിദ്യാഭ്യാസവും നേതൃത്വ സ്ഥാനവും നേടിയെടുക്കുവാന്‍ സൌകര്യങ്ങളുളള ഏക രാഷ്ട്രമാണ് അമേരിക്ക. ഉത്തരേന്ത്യന്‍ യുവതലമുറ അമേരിക്കയിലെ അധികാര കേന്ദ്രങ്ങളില്‍ ഉന്നത സ്ഥാനങ്ങള്‍ അലങ്കരിക്കുന്നതിന്റെ പന്നില്‍ മാതാപിതാക്കളുടെ ദീര്‍ഘദര്‍ശനമാണ്. നമ്മുടെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ അടുത്ത കുടുംബങ്ങള്‍ തമ്മിലുളള കൂട്ടമായി മാറുന്നു. മലയാളി സമൂഹങ്ങള്‍ നടത്തുന്ന സമ്മേളനങ്ങളില്‍ യുവജനങ്ങളുടെ പ്രാധിനിത്യം കുറയുന്നത് അവര്‍ക്ക് താല്‍പര്യമുളള വിഷയങ്ങളും അവരെ ആകര്‍ഷിക്കുവാനുളള ആശയങ്ങളും നമുക്കില്ലാത്തതാണ്. എന്നാല്‍ മറ്റു സമൂഹങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രാതിനിത്യം യുവജനങ്ങളുടേതുമാണ്. ഇടവകകളില്‍ യുവജനങ്ങളെ നേതൃത്വ സ്ഥാനങ്ങളിലേക്ക് കൊണ്ടുവരുവാന്‍ നാം ശ്രമിക്കേണ്ടിയിരിക്കുന്നു.

കഠിനാധ്വാനവും ലക്ഷ്യങ്ങളിലേക്ക് എത്തുവാന്‍ പരിശ്രമിക്കുന്നവര്‍ക്ക് എല്ലാ സഹായവും ഈ രാജ്യം ഉറപ്പു നല്‍കുന്നത് ഏറെ ശ്ളാഘനീയമാണ്. പ്രവാസി മലയാളികളായ നാം നമ്മുടെ തലമുറകളെ അസാധാരണ ദൌത്യങ്ങളില്‍ എത്തിക്കുവാന്‍ കമ്യൂണിറ്റിയുടെ അകമഴിഞ്ഞ പ്രോത്സാഹനം ആവശ്യമാണ്. ശാരീരിക വൈകല്യങ്ങള്‍ ഉണ്ടായിരുന്ന ഹെലന്‍ കെല്ലര്‍, ജോണി എറിക്സണ്‍ ടാഡാ തുടങ്ങിയവരുടെ ജീവിത വിജയങ്ങള്‍ അദ്ദേഹം വിവരിച്ചു.

റവ. ഫാ. ഡോ. വി.സി. വര്‍ഗീസ് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോര്‍ജ് എന്‍. വര്‍ഗീസ്, കുഞ്ഞുമോന്‍ വര്‍ഗീസ്, തോമസ് കോശി പൂവത്തൂര്‍, തോമസ് ഫിലിപ്പോസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: തങ്കം ജോണ്‍