ട്രാഫിക് മേഖലയില്‍ സമൂല പരിഷ്കാരങ്ങളുമായി കുവൈറ്റ് സര്‍ക്കാര്‍
Thursday, November 27, 2014 8:05 AM IST
കുവൈറ്റ് : ട്രാഫിക്കുമായി ബന്ധപ്പെട്ട് ഏറെ പഴി കേള്‍ക്കുന്ന കുവൈറ്റ് സര്‍ക്കാര്‍ പുതിയ ഭേദഗതികള്‍ നടപ്പിലാക്കി റോഡ് നിയമങ്ങളില്‍ സമൂലമായ മാറ്റങ്ങള്‍ക്ക് ഒരുങ്ങുന്നു.

ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ട്രാഫിക്ക് അനുഭവപ്പെടുന്ന കുവൈറ്റില്‍ 9.5 ലക്ഷം വാഹനങ്ങള്‍ ഉള്‍ക്കൊള്ളുവാനുള്ള ശേഷിയാണ് ഉള്ളതെങ്കിലും നിലവില്‍ ഇരുപത് ലക്ഷത്തിലേറെ വാഹനങ്ങള്‍ റോഡിലുള്ളതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

പുതിയ നിയമങ്ങളിലൂടെ പഴുതുകള്‍ ഉപയോഗിച്ച് ലൈസന്‍സ് അനധികൃതമായി സമ്പാദിക്കുന്നത് തടയുവാനും വാഹനം ഓടിക്കുന്നവരുടെ എണ്ണം കുറച്ചുകൊണ്ട് ഗതാഗതക്കുരുക്ക് പരിഹരിക്കുവാനുമാണ് ഉദ്ദേശിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

നിലവില്‍ ഡ്രെെവിംഗ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള ശമ്പള പരിധിയായ 450 കുവൈറ്റ് ദിനാറില്‍ നിന്നും 600 ദിനാറായി ഉയര്‍ത്തി. ലൈസന്‍സ് ലഭിക്കുവാന്‍ കുവൈറ്റില്‍ കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും താമസിച്ചിരിക്കണമെന്നും ബിരുദം വേണമെന്നുള്ള വ്യവസ്ഥകള്‍ പുതിയ നിയമത്തിലും തുടരും. തസ്തികകളുടെ ആനുകൂല്യത്തില്‍ ലൈസന്‍സ് ലഭിച്ചവര്‍ ആ തസ്തികയില്‍ നിന്ന് മാറിയാലും താമസാനുമതി കാന്‍സല്‍ ചെയ്താലും ലൈസന്‍സ് റദ്ദാകും. മാത്രവുമല്ല നേരത്തെയുള്ളതില്‍ നിന്നും വിഭന്നമായി ഡ്രൈവിംഗ് ലൈസന്‍സ് കാലാവധി റസിഡന്‍സ് കാലാവധിയുമായി ബന്ധപ്പെടുത്തും. ഇതനുസരിച്ച് റസിഡന്‍സ് പുതുക്കുന്നതോടൊപ്പം ലൈസന്‍സും പുതുക്കേണ്ടിവരും.

ശമ്പള പരിധിയില്‍ താഴെ പറയുന്ന വിഭാഗങ്ങള്‍ക്ക് ഇളവ് ലഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഡോക്ടര്‍മാര്‍, ഫാര്‍മസിസ്റുകള്‍, നഴ്സിംഗ് ജീവനക്കാര്‍, മെഡിക്കല്‍ ടെക്നീഷ്യന്മാര്‍, എന്‍ജിനിയര്‍മാര്‍, അധ്യാപകര്‍, മാധ്യമ പ്രവര്‍ത്തകര്‍, സ്വദേശി വിവാഹം ചെയ്ത വിദേശിയും മക്കളും, ബിദൂനികള്‍, സര്‍വകലാശാല വിദ്യാര്‍ഥികള്‍, ഡ്രൈവിംഗ് ലൈസന്‍സുള്ള വിദേശികള്‍ക്ക് മക്കള്‍ ഉണ്െടങ്കില്‍ അവരുടെ ഭാര്യമാര്‍, ജഡ്ജിമാര്‍, പബ്ളിക് പ്രോസിക്യൂട്ടര്‍മാര്‍, വിദഗ്ധന്മാര്‍, ജനറല്‍ മാനേജര്‍മാര്‍, അസിസ്റന്റ് ജനറല്‍ മാനേജര്‍മാര്‍, നയതന്ത്ര ഉദ്യോഗസ്ഥന്മാര്‍, കളിക്കാര്‍, ഡ്രൈവര്‍മാര്‍, മന്‍ദൂബ്, ഗാര്‍ഹിക ഡ്രൈവര്‍മാര്‍, പൈലറ്റുമാര്‍, ക്യാപ്റ്റന്മാര്‍ എന്നീ വിഭാഗത്തിലുള്ളവര്‍ക്ക് ഇളവുകള്‍ ലഭിക്കുമെന്ന് അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍