അര്‍പ്പണ്‍ കുവൈറ്റ് പതിനഞ്ചാമത് വാര്‍ഷികം ആഘോഷിച്ചു
Sunday, November 23, 2014 6:13 AM IST
കുവൈറ്റ്: കുവൈറ്റിലെ പ്രമുഖ സാമൂഹിക, സാംസ്കാരിക സംഘടനയായ അര്‍പ്പണ്‍ കുവൈറ്റ് പതിനഞ്ചാമത് വാര്‍ഷികം ആഘോഷിച്ചു. നവംബര്‍ 14ന് (വെള്ളി) ഇന്ത്യന്‍ എംബസി ഹാളില്‍ നടന്ന ആഘോഷപരിപാടിയില്‍ രാഗവും രചനയും എന്ന പേരില്‍ പ്രശസ്ത കാര്‍ട്ടൂണിസ്റും വേഗവര വിദഗ്ധനുമായ അഡ്വ. ജിതേഷിന്റെ ഇന്‍ഫോട്ടോയിന്‍മെന്റ് എന്ന കാര്‍ട്ടൂണ്‍ രചനാ പ്രകടനവും പ്രശസ്തനായ മാന്‍ഡലിന്‍ വിദഗ്ധന്‍ യു.പി രാജുവിന്റെ സംഗീത പരിപാടിയും അരങ്ങേറി.

ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജെയിന്‍ മുഖ്യാതിഥിയായിരുന്നു. ചടങ്ങില്‍ ജനറല്‍ സെക്രട്ടറി അനില്‍ ആറ്റുവ സ്വാഗതവും പ്രസിഡന്റ് മോഹന്‍ അയ്യര്‍ അധ്യക്ഷ പ്രസംഗവും നടത്തി. അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ കൃഷ്ണന്‍ കെ. പിള്ള, ട്രഷറര്‍ രാഘവ്, പ്രോഗ്രാം കണ്‍വീനര്‍ മഹാദേവന്‍, കെ.പി സുരേഷ്, വനിതാ വിഭാഗം കണ്‍വീനര്‍ ലത മഹാദേവന്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ചടങ്ങില്‍ കുവൈറ്റിലെ പ്രശസ്തരും പ്രമുഖ സംഘടനാ ഭാരാവാഹികളും മാധ്യമ പ്രവര്‍ത്തകരും പങ്കെടുത്തു.

പരിപാടിയുടെ തുടര്‍ച്ചായി നവംബര്‍ 15ന് ഖൈത്താന്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളില്‍ കുട്ടികള്‍ക്കായി കാര്‍ട്ടൂണ്‍ കാരിക്കേച്ചര്‍ രചനാ മത്സവും ജിതേഷ്ജിയുടെ കാര്‍ട്ടൂണ്‍ ശില്‍പ്പശാലയും നടന്നു. നിരവധി വിദ്യാര്‍ഥികള്‍ ചടങ്ങില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍