കേരളാ സെന്റര്‍ അച്ചീവ്മെന്റ് അവാര്‍ഡുകള്‍ വിതരണം ചെയ്തു
Wednesday, November 19, 2014 6:05 AM IST
ന്യൂയോര്‍ക്ക്: സ്വാതന്ത്യ്രസമരത്തില്‍ ഇതിഹാസം രചിച്ച വീര വനിതകളായ ലക്ഷ്മി സഹ്ഗാള്‍, എം.വി. കുട്ടിമാളു അമ്മ, അമ്മു സ്വാമിനാഥന്‍ തുടങ്ങിയവരുടെ പിന്‍ഗാമിയായി അനക്കര വടക്കത്ത് തറവാട്ടില്‍ ജനിച്ച പ്രൊഫ. ഗീതാമേനോന്‍, കേരളാ സെന്ററിന്റെ വിദ്യാഭ്യാസത്തിനുള്ള അവാര്‍ഡ് ഏറ്റുവാങ്ങിയ നടത്തിയ പ്രസംഗത്തില്‍ കേരളത്തിന്റെ നേട്ടങ്ങളില്‍ അഭിമാനപുളകിതയായി.

വിദ്യാഭ്യാസത്തിനു കേരളം നല്‍കുന്ന പ്രധാന്യം വേറെങ്ങും ഉണ്ടാവുമെന്നു തോന്നുന്നില്ല. അറിവിനുവേണ്ടി ദാഹിക്കുന്ന ജനതയാണത്. തന്റെ മുത്തച്ഛന്‍ ഹൈക്കോടതി ജസ്റീസ് പി. ഗോവിന്ദമേനോന്‍ റിട്ടയര്‍ ചെയ്തശേഷം പ്രൊഫസറായി പ്രവര്‍ത്തിച്ചു. തന്റെ പിതാവും അദ്ധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ചുരുക്കത്തില്‍ അദ്ധ്യാപനം തന്റെ രക്തത്തിലുള്ളതാണ്. ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയിലെ സ്റ്റേണ്‍ സ്കൂള്‍ ഓഫ് ബിസിനസില്‍ ബിസിനസ് മാര്‍ക്കറ്റിംഗ് പ്രൊഫസറും ഡീനുമായ അവര്‍ പറഞ്ഞു. വിദ്യാഭ്യാസത്തോടുള്ള തന്റെ താത്പര്യം കുടുംബത്തില്‍ നിന്നുതന്നെ കൈവരിച്ചതാണ് അവര്‍ പറഞ്ഞു.

ഡോ. തോമസ് ഏബ്രഹാം ആയിരുന്നു എം.സി. കേരളാ സെന്റര്‍ അടുത്ത ഘട്ടത്തിലേത്തേക്കും അടുത്ത ലക്ഷ്യത്തിലേക്കും കടക്കേണ്ട കാലമായെന്നും അതിനായി കൂടുതല്‍ പേര്‍ സജീവമായി രംഗത്തുവരണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കേരളം ഐ.ടി രംഗത്ത് പിന്നോക്കം പോയെങ്കില്‍ സാങ്കേതികവിദ്യയില്‍ മുന്നില്‍ വരണമെന്നദ്ദേഹം പറഞ്ഞു.

കേരളാ സെന്റര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഇ.എം. സ്റീഫന്‍ അവാര്‍ഡ് ജേതാക്കളെ അഭിനന്ദിച്ചു. വിജയഗാഥ രചിച്ചവരെ ആദരിക്കുന്നതിനും അതു ജനത്തെ അറിയിക്കുന്നതിനുമാണ് ഈ ചടങ്ങ്.

കേരളാ സെന്റര്‍ പ്രസിഡന്റ് തമ്പി തലപ്പിള്ളില്‍ സ്വാഗതം പറഞ്ഞു. ബാങ്കര്‍ ശ്രീധര്‍ മേനോന്‍, സാങ്കേതിക രംഗത്ത് കേരളം നഷ്ടപ്പെടുത്തിയ അവസരങ്ങള്‍ അനുസ്മരിച്ചു. സെന്ററിന്റെ ഗ്രാന്റ് പേട്രണ്‍മാരായ ശ്രീധര്‍ മേനോനും, ദിലീപ് വര്‍ഗീസും ചേര്‍ന്നാണ് ഗീതാ മേനോന് അവാര്‍ഡ് സമ്മാനിച്ചത്.

വ്യവസായ സംരംഭത്തിനുള്ള (എന്റര്‍പ്രണര്‍ഷിപ്പ്) അവാര്‍ഡ് നേടിയ സിബി വടക്കേക്കരക്ക് പ്രൊഫ. സോമസുന്ദരനും, ഗോപാലന്‍ നായരും ചേര്‍ന്ന് പ്ളാക്ക് നല്‍കി. വ്യവസായരംഗത്തെ വിജയം മിക്കപ്പോഴും ഭാഗ്യവും സമയവും (ടൈമിംഗ്) ആണെന്ന് സിബി വടക്കേക്കര പറഞ്ഞു. അതിനാല്‍ തനതായ നേട്ടങ്ങള്‍ കൈവരിച്ചവരാണ് തന്നേക്കാള്‍ യോഗ്യര്‍.

സണ്ണി കുലത്താക്കല്‍, ഡയിസി ബബീന്ദ്രന്‍ എന്നിവര്‍ കോര്‍പറേറ്റ് ലീഡര്‍ഷിപ്പ് അവാര്‍ഡ് നേടിയ സുരേഷ് നായര്‍ക്ക് പുരസ്കാരം സമ്മാനിച്ചു. അമ്മയും ഭാര്യയുമാണ് തന്റെ ശക്തികേന്ദ്രമെന്നു പറഞ്ഞ സുരേഷ് നായര്‍ നാം നമ്മുടെ നാടിന്റെ നന്മയ്ക്ക് പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥരാണെന്ന് ചൂണ്ടിക്കാട്ടി.

കേരളാ സെന്റര്‍ സെക്രട്ടറി ജിമ്മി ജോണ്‍, ജയശങ്കര്‍ നായര്‍ എന്നിവര്‍ ചേര്‍ന്ന് ഗവണ്‍മെന്റ് സര്‍വീസിനുള്ള അവാര്‍ഡ് ഡോ. ഗബ്രിയേല്‍ റോയിക്ക് നല്‍കി. എന്‍ജിനീയറിംഗ് അവാര്‍ഡ് ലഭിച്ച അബ്രഹാം പന്നിക്കോട്ടിനു ബന്‍സി തോമസ്, ഗോപി നായര്‍ എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് സമ്മാനിച്ചു.

അപ്ളൈഡ് സയന്‍സില്‍ പുരസ്കാരം ലഭിച്ച ഡോ. തോമസ് ജോണ്‍ കൊളാക്കോട്ടിനു മനോഹര്‍ തോമസ്, ഷാജി ബേബി ജോണ്‍ എന്നിവര്‍ പ്ളാക്ക് സമ്മാനിച്ചു. മന്ത്രി ഷിബു ബേബി ജോണിന്റെ സഹോദരനാണ് ഷാജി ബേബി ജോണ്‍. കമ്യൂണിറ്റി സര്‍വീസിനുള്ള അവാര്‍ഡ് ബേബി ഊരാളിലിനു ഏബ്രഹാം തോമസും, ജി. മത്തായിയും ചേര്‍ന്ന് നല്‍കി. ഡോ. തെരേസാ ആന്റണിക്ക് ഡോ. സിസിലി ആന്റോ, ഡോ. ഉണ്ണി മൂപ്പന്‍ എന്നിവര്‍ പ്ളാക്ക് നല്‍കി.

റിപ്പോര്‍ട്ട്: ജോസ് കാടാപുറം