ഷിക്കാഗോ എക്യൂമെനിക്കല്‍ കൌണ്‍സില്‍ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 22-ന്
Wednesday, November 19, 2014 6:05 AM IST
ഷിക്കാഗോ: എക്യൂമെനിക്കല്‍ കൌണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ആറാമത് ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 22-ന് ശനിയാഴ്ച രാവിലെ 9 മണിക്ക് ഗ്ളെന്‍ എല്ലിനിലുള്ള അക്കര്‍മാന്‍ ഫിറ്റ്നസ് സെന്ററില്‍ ആരംഭിക്കും.

ഷിക്കാഗോയിലെ യുവതീ-യുവാക്കളെ എക്യൂമെനിക്കല്‍ പ്രസ്ഥാനത്തോട് ചേര്‍ത്ത് കൊണ്ടുവരിക എന്ന ആശയത്തില്‍ എക്യൂമെനിക്കല്‍ സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് ആരംഭിച്ച ഈ ടൂര്‍ണമെന്റ് ഇന്ന് ഷിക്കാഗോയിലെ യുവജനങ്ങളുടെ ആവേശമായി മാറിയിരിക്കുകയാണെന്ന് എക്യൂമെനിക്കല്‍ കൌണ്‍സില്‍ പ്രസിഡന്റും സീറോ മലബാര്‍ സഭയുടെ ഓക്സിലറി ബിഷപ്പുമായ മാര്‍ ജോയി ആലപ്പാട്ട് അഭിപ്രായപ്പെട്ടു.

ഈവര്‍ഷത്തെ ടൂര്‍ണമെന്റിലേക്ക് ഇതുവരെ എട്ട് ടീമുകള്‍ രജിസ്റര്‍ ചെയ്തതായി യൂത്ത് കോര്‍ഡിനേറ്റര്‍ ജിമ്മി പണിക്കരും അനൂപ് അലക്സാണ്ടറും അറിയിച്ചു.

ഇടവക വികാരിമാര്‍ ഒപ്പിട്ട സാക്ഷ്യപത്രം ഓരോ ടീമും രജിസ്ട്രേഷനോടൊപ്പം ഹാജരാക്കണമെന്ന് റവ ബിനോയി പി. ജേക്കബ് അച്ചനും, റവ സോനു വര്‍ഗീസ് അച്ചനും അറിയിച്ചു.

ജേതാക്കള്‍ക്ക് പരേതനായ റവ ഫാ. പൂവത്തൂര്‍ കോശി കോര്‍എപ്പിസ്കോപ്പ ട്രോഫിയും, റണ്ണേഴ്സ് അപ്പിന് പരേതനായ എന്‍.എന്‍. പണിക്കര്‍ റോളിംഗ് ട്രോഫിയും ക്രിസ്മസിനോടനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ വെച്ച് നല്‍കുന്നതാണ്. ഡോ. എഡ്വിന്‍ കാച്ചപ്പള്ളിയാണ് വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് ട്രോഫികള്‍ സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്.

ജോര്‍ജ് പണിക്കര്‍, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, രഞ്ജന്‍ ഏബ്രഹാം, ബാബു മാത്യു എന്നിവര്‍ അടങ്ങുന്ന കമ്മിറ്റിയാണ് ടൂര്‍ണമെന്റിനെ നയിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. ജോര്‍ജ് പണിക്കര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം