ജവഹര്‍ലാല്‍ നെഹ്റു ഇന്ത്യയുടെ അടിസ്ഥാന ശില്‍പ്പി: ജുബൈല്‍ ഒഐസിസി
Tuesday, November 18, 2014 7:18 AM IST
ജുബൈല്‍: ഒഐസിസി ജുബൈല്‍ സെന്‍ട്രല്‍ കമ്മിറ്റി നെഹ്റു അനുസ്മരണം സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനം ആക്ടിംഗ് പ്രസിഡന്റും ദമാം റീജണല്‍ കമ്മിറ്റി അംഗവുമായ വില്‍സണ്‍ തടത്തില്‍ ഉദ്ഘാടനം ചെയ്തു.

ഇന്ത്യയ്ക്കുണ്ടായിട്ടുള്ള എല്ലാ അടിസ്ഥാന സൌകര്യങ്ങളുടേയും ശില്‍പ്പി നെഹ്റുവാണ്. ലോകം മുഴുവന്‍ ആരാധിക്കുന്ന ജനാധിപത്യ വ്യവസ്ഥ കെട്ടിപ്പെടുത്തതും അനുകരാണാര്‍ഹമായ മതേതരത്വ രീതി ഇന്ത്യയ്ക്കുണ്ടായതും നെഹ്റുവില്‍ നിന്നാണ്. ഒരു മൊട്ടുസൂചി പോലും ഉണ്ടാക്കുവാന്‍ കഴിയാതിരുന്ന ഒരു രാജ്യത്തെ ചൊവ്വയിലെത്തിക്കാന്‍ കഴിഞ്ഞത് നെഹ്റു ഉണ്ടാക്കിയ അടിസ്ഥാന സൌകര്യങ്ങളില്‍ നിന്നുമാണ്.

ശാസ്ത്രീയ അവബോധത്തില്‍ ഊന്നിയ നിലപാടുകളുമായിട്ടായിരുന്നു നെഹ്റു തന്റെ ഭരണകാലത്ത് മുന്നോട്ടുനീങ്ങിയത്. എന്തുവിഷയത്തിലും യുക്തിസഹമായ സമീപനം അദ്ദേഹം സ്വീകരിച്ചിരുന്നു. പരമ്പരാഗതമായ നിലപാടുകളെ നിഷേധിക്കുവാനും ശാസ്ത്രീയ മാറ്റങ്ങളെ ഉള്‍ക്കൊള്ളുവാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഏത് പ്രശ്നത്തെയും ഒന്നിലധികം വീക്ഷണകോണുകളില്‍ക്കൂടി നോക്കിക്കാണുവാനുള്ള അസാധാരണ വൈഭവം നെഹ്റുവിന് ഉണ്ടായിരുന്നു. ശാസ്ത്രീയ നേട്ടങ്ങളെ ആവേശപൂര്‍വം സ്വീകരിച്ചിരുന്ന നെഹ്റു അതേ അവസരത്തില്‍ തന്നെ ആധ്യാത്മിക നിലപാടുകളെയോ മറ്റുവിധത്തിലുള്ള ചിന്താശീലങ്ങളെയോ എതിര്‍ക്കുവാന്‍ തയാറായില്ല എന്നതും സവിശേഷതയാണ്.

സ്വതന്ത്ര ഭാരതത്തിന്റെ ആദ്യത്തെ ഒന്നര ദശകത്തിനുള്ളില്‍ തന്നെ തന്റേതായ ഭരണനൈപുണ്യം പ്രകടമാക്കാന്‍ നെഹ്റുവിന് കഴിഞ്ഞു. നെഹ്റു മുന്നോട്ടുവച്ച സോഷ്യലിസ്റ് ആശയങ്ങള്‍ ഏതുകാലത്തെയും അതിജീവിക്കുന്നതായിരുന്നു. ചേരിചേരാനയം, പഞ്ചശീലതത്വങ്ങള്‍, രാജ്യത്തിന്റെ വികസനപ്രക്രിയയ്ക്ക് ചൂണ്ടുപലകയാകുന്ന പഞ്ചവത്സര പദ്ധതികള്‍, ആസൂത്രണ കമ്മീഷന്‍ തുടങ്ങിയവയൊക്കെ ആഭരണ തന്ത്രജ്ഞന്റെ ഭാവനയില്‍ രൂപംകൊണ്ട ആശയങ്ങളായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

വൈസ് പ്രസിഡന്റ് സുരേഷ് കണ്ണൂര്‍ അധ്യക്ഷത വഹിച്ചു. നസീര്‍ തുണ്ടില്‍, ഷാജിദ് കാക്കൂര്‍, ബി.എം ഫാസില്‍, ഉസ്മാന്‍ കുന്നംകുളം, കിച്ചു കായംകുളം, എന്‍. ശിവദാസന്‍, അംജത് അടൂര്‍, നജീബ്, അന്‍സില്‍ ആലപ്പുഴ, നൌഫല്‍ പിലാചെരി, അജ്മല്‍ താഹ കോയ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി അബ്ദുള്‍ രഹ്മാന്‍ സ്വാഗതവും നിബിന്‍ അനില്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം