പെട്രോള്‍ നിറക്കാന്‍ സ്മാര്‍ട്ട് പമ്പുകളുമായ് അബുദാബി ഓയില്‍ കമ്പനി
Friday, November 14, 2014 5:38 AM IST
അബുദാബി: പെട്രോള്‍ പമ്പുകളും സ്മാര്‍ട്ടാകുന്നു. പെട്രോള്‍ നിറയ്ക്കാന്‍
ഇനി സഹായി വേണ്ട. കാശും വേണ്ട. അബുദാബി പെട്രോള്‍ പമ്പുകളില്‍
സ്ഥാപിക്കുന്ന ആധുനിക സൌകര്യങ്ങള്‍ പമ്പുകളിലെ തിരക്കും ബില്‍ അടയ്ക്കുന്നതിലെ കാലതാമസവും ഒഴിവാക്കും. വാഹനങ്ങളില്‍ ഘടിപ്പിക്കുന്ന
റേഡിയോ ഫ്രീക്വന്‍സി ഐഡി കൂടി എത്തുന്നതോടെ പമ്പുകളിലെ ഇന്നത്തെ അവസ്ഥ തന്നെ പഴങ്കഥയാകുമെന്നാണ് അഡ്നോക്ക് അധികൃതര്‍ വെളിപ്പെടുത്തുന്നത്.

വാഹനങ്ങളുടെ പെട്രോള്‍ വെന്റുകളില്‍ ഘടിപ്പിക്കുന്ന മൈക്രോ ചിപ്പ് അടങ്ങിയ ചെറിയ ഉപകരണത്തില്‍, ആര്‍എഫ്ഐഡി ഓണ്‍ലൈന്‍ സൌകര്യത്തിലൂടെ നിശ്ചിത തുക ഉള്‍ക്കൊള്ളിക്കും. ഏതു തരത്തിലുള്ള പെട്രോള്‍ എന്നതും ചിപ്പില്‍ രേഖപ്പെടുത്താം. ഹോള്‍ഡിംഗ് വാല്‍വ് വാഹനത്തിലെ പെട്രോള്‍ ടാങ്കിലേക്ക് കടത്തുമ്പോള്‍ ആര്‍എഫ്ഐഡിയിലുള്ള ചിപ്പിലെ വിവരങ്ങള്‍ സ്വയം ശേഖരിക്കുന്നു. പമ്പ് അതിലെ വിവരങ്ങള്‍ അനുസരിച്ച് പെട്രോള്‍ നിറയ്ക്കാന്‍ തുടങ്ങുന്നു. ടാങ്ക് നിറയുമ്പോള്‍ തനിയെ നില്‍ക്കും. ബാക്കി തുക ഐഡിയില്‍ അവശേഷിക്കും. കൂടാതെ പെട്രോള്‍ നിറയ്ക്കണമെങ്കില്‍ മുന്‍കൂട്ടി തുക നിശ്ചയിക്കാനും സൌകര്യം ഉണ്ട്. പെട്രോള്‍ വെന്റിലെ ഐഡി മോഷ്ടിക്കുമെന്ന പേടിയും വേണ്ട. ആരെങ്കിലും ഇത് ഇളക്കി എടുത്താല്‍ അതോടെ അതിലെ വിവരങ്ങള്‍ നിര്‍ജീവമാകും.

എമിരേറ്റ്സ് ഐഡി ഉപയോഗിക്കാനും ഇനി പെട്രോള്‍ സ്റേഷനില്‍ സൌകര്യം ഒരുക്കുന്നുണ്ട്. ബാങ്ക് അക്കൌണ്ടുമായി ലിങ്ക് ചെയ്ത ഐഡികള്‍ക്കാണ് ഈ സൌകര്യം ലഭിക്കുക. ജിസിസി രാജ്യങ്ങളിലെയും ഡോളര്‍, യൂറോ എന്നീ കറന്‍സികളും മെഷീനില്‍ നേരിട്ട് നിക്ഷേപിച്ച് പെട്രോള്‍ നിറയ്ക്കുന്നതിനും ഇനി സാധ്യമാകും. ഇതോടെ പെട്രോള്‍ നിറച്ചശേഷം തുക അടയ്ക്കാനുള്ള കാലതാമസം ഒഴിവാകും. ഇതിനായി മുസഫയിലെ ഐക്കാട് പെട്രോള്‍ സ്റേഷനില്‍ പരീക്ഷണാര്‍ഥം സ്മാര്‍ട്ട് മെഷീന്‍ സ്ഥാപിച്ചു കഴിഞ്ഞു. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ അബുദാബിയിലെ എല്ലാ പമ്പുകളിലും ഈ സൌകര്യം ലഭ്യമാക്കുമെന്ന് അധികൃതര്‍ വെളിപ്പെടുത്തി.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള