ആര്‍എസ്സി കുവൈറ്റ് സാഹിത്യോത്സവ്: കലാകിരീടം ജലീബ് സോണിന്
Wednesday, November 12, 2014 10:04 AM IST
കുവൈറ്റ്സിറ്റി: റിസാല സ്റഡി സര്‍ക്കിള്‍ കുവൈറ്റ് കമ്മിറ്റി സംഘടിപ്പിച്ച ആറാമത് ദേശീയ സാഹിത്യോത്സവില്‍ 363 പോയിന്റ് നേടി ജലീബ് സോണ്‍ ജേതാക്കളായി. 282 പോയിന്റ് നേടി ഫര്‍വാനിയ സോണ്‍ രണ്ടാം സ്ഥാനവും 279 പോയിന്റുകളോടെ ഫഹാഹീല്‍ സോണ്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ആര്‍എസ്സി ഗള്‍ഫില്‍ ഇരുപത് വര്‍ഷം പൂര്‍ത്തിയാക്കിയ വേളയില്‍ 'ന്യൂ ജനറേഷന്‍; തിരത്തെഴുതുന്ന യൌവനം' എന്ന ശീര്‍ഷകത്തില്‍ ആര്‍എസ്സി സംഘടിപ്പിച്ചു വരുന്ന യുവ വികസന വര്‍ഷ പരിപാടികളുടെ ഭാഗമായാണ് സാഹിത്യോത്സവ് 2014 അരങ്ങേറിയത്.

യൂണിറ്റ്, സോണ്‍ തലങ്ങളില്‍ പ്രൈമറി, ജൂണിയര്‍, സെക്കന്‍ഡറി, സീനിയര്‍, ജനറല്‍ വിഭാഗങ്ങളിലായി 23 മത്സരങ്ങല്‍ പൂര്‍ത്തിയാക്കിയാണ് 300 ല്‍ പരം പ്രതിഭകള്‍ ദേശീയ സാഹിത്യോത്സവിനെത്തിയത്.

രാവിലെ എട്ടിന് അബാസിയ പാകിസ്ഥാന്‍ സ്കൂളില്‍ ആരംഭിച്ച സാഹിത്യോത്സവില്‍ നാല് വേദികളിലായി മാപ്പിളപ്പാട്ട്, ദഫ് മുട്ട്, സംഘ ഗാനം, ബുര്‍ദ ആസ്വാദനം, ഖുര്‍ആന്‍ പാരായണം, കഥ പറയല്‍, ക്വിസ്, ജലഛായം, വിശ്വല്‍ ഡോക്കുമെന്ററി, കഥാ രചന തുടങ്ങി വൈവിധ്യങ്ങളായ കലകളെ പ്രകാശിപ്പിക്കുന്ന 45 ഇന മത്സരങ്ങള്‍ അരങ്ങേറി.

രാത്രി എട്ടിന് നടന്ന സമാപന സംഗമത്തില്‍ എസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ ജലീല്‍ സഖാഫി കടലുണ്ടി സാംസ്കാരിക പ്രഭാഷണം നട ത്തി. സ്വാഗത സംഘം മുഖ്യ രക്ഷാധികാരി സയ്യിദ് ഹബീബ് ബുഖാരി അധ്യക്ഷത വഹിച്ചു. ഐസിഎഫ് കുവൈറ്റ് പ്രസിഡന്റ് അബ്ദുള്‍ ഹകീം ദാരിമി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി അലവി സഖാഫി തെഞ്ചേരി, വൈസ് പ്രസിഡന്റ് അഹ്മദ് കെ മാണിയൂര്‍, സെക്രട്ടറി അബ്ദുള്ള വടകര, അഡ്വ. തന്‍വീര്‍, ഹനീഫ വെള്ളച്ചാലില്‍, അബ്ദുള്‍ ലത്തീഫ് സഖാഫി, മിസ്അബ് വില്ല്യാപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.

ഐസിഎഫ് സുപ്രീം കൌണ്‍സില്‍ സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി ജേതക്കള്‍ക്ക് ട്രോഫി നല്‍കി. കലാ പ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ട ഫര്‍ഹാന്‍ റാഷിദിന് ഐ ബ്ളാക്ക് എംഡി ആബിദ് ഉപഹാരം നല്‍കി. സയ്യിദ് സൈതലവി സഖാഫി, അഹ്മദ് സഖാഫി കാവനൂര്‍, അബ്ദുള്‍ അസീസ് സഖാഫി, കൊടുമു മുഹ്യുദ്ദീന്‍ കുട്ടി മുസ്ലിയാര്‍, എന്‍ജിനിയര്‍ അബൂ മുഹമ്മദ്, മുഹമ്മദ് കുട്ടി ബാഖവി എന്നിവര്‍ പ്രോത്സാഹന സമ്മാനങ്ങളും ട്രോഫികളും വിതരണം ചെയ്തു. സാഹിത്യോത്സവ് വിധികര്‍ത്താക്കള്‍ക്ക് ആര്‍എസ് സി ഉപഹാരം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍