വികസനകാര്യത്തില്‍ പുതിയ കാഴ്ചപ്പാട് അനിവാര്യം: ഡോ. തോമസ് ഐസക്
Tuesday, November 11, 2014 9:04 AM IST
കുവൈറ്റ് സിറ്റി: കേരളത്തിന്റെ വികസന കാര്യത്തില്‍ പുതിയ വികസന കാഴ്ചപ്പാട് അനിവാര്യമാണെന്ന് മുന്‍ ധനകാര്യ മന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ. തോമസ് ഐസക് അഭിപ്രായപ്പെട്ടു.

പ്രോഗ്രസീവ് പ്രഫഷണല്‍ ഫോറം പരിപാടിയില്‍ പങ്കെടുക്കാന്‍ കുവൈറ്റില്‍ എത്തിയ അദ്ദേഹത്തിന് കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഡോ.തോമസ് ഐസക്.

പരമ്പരാഗത വ്യവസായങ്ങള്‍ തകര്‍ന്നു. ഇനി കേരളത്തിന്റെ ഭാവി, ടൂറിസം, ഐടി, ബയോ ടെക്നോളജി തുടങ്ങിയ മേഖലകളിലാണ്. ഇതിനു കേരളം വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യവാശ്യമാണ്. സമ്പൂര്‍ണ ശുചിത്വം കേരളത്തില്‍ സാധ്യവുമാണ്. പ്രശ്നം മലയാളിയുടെ ശീലത്തിന്റെ മാറ്റത്തിന്റേതാണ്.

വികസനത്തിന്റെ കാര്യത്തില്‍ നമുക്ക് ഒരു പുതിയ കാലം തുറക്കാം. കേരളത്തില്‍ ഒന്നും നടക്കില്ല എന്ന ധാരണ മാറ്റി മറിക്കാനാവശ്യമായ രാഷ്ട്രീയ ഇച്ചാ ശക്തിയും ദര്‍ശനവും കര്‍മ്മ പദ്ധതിയും സാര്‍ഥകമാക്കാന്‍ പ്രവാസികളായ എല്ലാ മലയാളികളേയും അദ്ദേഹം സ്വാഗതം ചെയ്തു. പുതിയ വ്യവസായ സംരംഭങ്ങള്‍ ഇവിടെ നിന്ന് കേരളത്തിലേക്ക് വരണം. പ്രവാസികളുടെ ക്ഷേമ പ്രവര്‍ത്തനം കാലിക പ്രസക്തമാണ് എന്നും ഡോ. തോമസ് ഐസക് പറഞ്ഞു.

കേരളത്തിന്റെ നവോഥാന പാരമ്പര്യത്തെ ഇല്ലാതാക്കാനുള്ള സംഘടിത ശ്രമങ്ങളാണ് നാട് നേരിടുന്ന പ്രധാന രാഷ്ട്രീയ പ്രശ്നമെന്ന് തോമസ് ഐസക് നിരീക്ഷിച്ചു. മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന സന്ദേശത്തിനു ഘടക വിരുദ്ധമായ ചിന്തകളുടെ പ്രചാരം നമ്മുടെ നാടിനെ നശിപ്പിക്കും. അത്തരം വിധ്വംസക പ്രവര്‍ത്തകരെ തിരിച്ചറിയാനും പ്രതിരോധിക്കാനും നമുക്ക് സാധിക്കണം എന്നും ഡോ. തോമസ് ഐസക് സൂചിപ്പിച്ചു.

സാല്‍മിയ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളില്‍ നടന്ന സ്വീകരണ സമ്മേളത്തില്‍ കല കുവൈറ്റ് പ്രസിഡന്റ് ജെ.സജി അധ്യക്ഷത വഹിച്ചു. വിവിധ സംഘടന പ്രതിനിധികളായ സഗീര്‍ തൃക്കരിപ്പൂര്‍, സത്താര്‍ കുന്നില്‍, മനോജ് ഉദയപുരം, ശുഭ ഷൈന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു. കല കുവൈറ്റിന്റെ 40 യൂണിറ്റുകള്‍ക്കുവേണ്ടി കണ്‍വീനര്‍മാര്‍ ഡോ. തോമസ് ഐസക്കിനെ സ്വീകരിച്ചു. ചടങ്ങിന് കല കുവൈറ്റ് ജനറല്‍ സെക്രട്ടറി ടി.വി. ജയന്‍ സ്വാഗതവും ട്രഷറര്‍ റെജി കെ. ജേക്കബ് നന്ദിയും പ്രകാശിപ്പിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍