കെകെഎംഎ കുടുംബ സഹായനിധി 63 ലക്ഷം രൂപ വിതരണം ചെയ്തു
Monday, November 10, 2014 8:11 AM IST
കുവൈറ്റ്: കെകെഎംഎ അംഗമായിരിക്കേ മരണപ്പെടുന്നവരുടെ കുടുംബങ്ങളെ സഹായിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള കെകെഎംഎ കുംടുംബസഹായനിധിയില്‍നിന്നും 63 ലക്ഷം രൂപ കഴിഞ്ഞ ദിവസം വിതരണം ചെയ്തു.

കെകെഎംഎ അംഗമായിരിക്കെ മരിച്ച അഞ്ച് പേരുടെ കുടുംബങ്ങള്‍ക്ക് ആദ്യഗഡുവായി എട്ടു ലക്ഷം രൂപ വീതവും നേരത്തേ മരിച്ച ആറു പേരുടെ കുടുംബങ്ങള്‍ക്ക് രണ്ടാം ഗഡുവായി ഒരു ലക്ഷത്തി അറുപത്തി രണ്ടായിരം രൂപ വീതവും അഞ്ചുപേരുടെ കുടുംബങ്ങള്‍ക്ക് അവസാന ഗഡുവായി 83511 രുപ വിതവുമായി ആകെ 63,72,711 രൂപയാണ് ശനിയാഴ്ച കോഴിക്കോട് യാരാ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ സി.എ ലത വിതണരം ചെയ്തത്.

കെകെഎംഎ കുടുംബസഹായനിധി ഇതര പ്രവാസി സംഘടനകള്‍ക്കും സര്‍ക്കാരിനും മാതൃകയാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ കളക്ടര്‍ പറഞ്ഞു. സഹായധനം സ്വീകരിക്കുന്നതിനിടയില്‍ ഉപ്പയുടെ ഓര്‍മകളാല്‍ അണപൊട്ടിയ കണ്ണീരടക്കാന്‍ കഴിയാത്ത കുട്ടികളുടെ അവസ്ഥ കളക്ടറുടേയും വേദിയിലെ മറ്റുള്ളവരുടേയും കണ്ണുകളെ ഈറനണിയിച്ചു.

അനുബന്ധമായി നടന്ന കുടുംബ പ്രാര്‍ഥനാ സംഗമം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജമീല ഉദ്ഘാടനം ചെയതു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലൂല്ലൈലി തങ്ങള്‍ കുടുംബ സഹായ നിധി രണ്ടാം ഗഡു വിതരണം നിര്‍വഹിച്ചു. കെകെഎംഎ മുഖ്യ രക്ഷാധികാരി കെ. സിദ്ധിഖ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

കെകെഎംഎ അബുഹലീഫ ശാഖാംഗമായിരുന്ന മലപ്പുറം ജില്ലയിലെ വള്ളികാഞ്ഞിരം നിറമരുതൂര്‍ സ്വദേശി എം.കെ. ഹൌസില്‍, ഇബ്രാഹിം എം.കെ, ഫര്‍വാനിയ ശാഖാംഗമായിരുന്ന കോഴിക്കോട്, ചെലവൂര്‍ സ്വദേശി, അബ്ദുള്‍ ജമാല്‍.ഇ, ജഹറ ശാഖാംഗമായിരുന്ന കാസര്‍ഗോഡ് കുഡലു സ്വദേശി അബ്ദുള്‍ ഹമീദ്. പി.കെ. ഫര്‍വാനിയ ശാഖാംഗമായിരുന്ന കോഴിക്കോട് കക്കോടിലെ കുഞ്ഞിക്കുട്ടി ഹാജി, അബാസിയ ശാഖാംഗമായിരുന്ന മലപ്പുുറം കോഡൂര്‍ ചട്ടിപറമ്പിലെ ഉണ്ണീന്‍ എന്നിവരുടെ കുടുംബങ്ങള്‍ക്കാണ് ആദ്യഗഡു എട്ടുലക്ഷംരൂപ വീതം നല്‍കിയത്.

ചടങ്ങില്‍ ഹാഫിള്‍ മഅമൂന്‍ ഹുദവി മുഖ്യ പ്രഭാഷണം നടത്തി. വളാഞ്ചേരി കെ.കെ. മുഹമ്മദ് മുസ്ലിയാര്‍, കെ.കെ. എം.എ. കേന്ദ്ര വൈസ് പ്രസിഡന്റ് സുബൈര്‍ഹാജി, പി.കെ. ഇസ്മത്ത്, ബാവ കൊടുമുണ്ട, ഹസന്‍ ബല്ലാകടപ്പുറം, എന്നിവര്‍ പ്രസംഗിച്ചു. കേന്ദ്ര വൈസ് പ്രസിഡന്റ് ബഷീര്‍ മേലടി സ്വാഗതവും കേരള കോഓര്‍ഡിനേറ്റര്‍ ഇ.കെ. അബ്ദുള്ള നന്ദിയും പറഞ്ഞു.

13,500 ലേറെ അംഗങ്ങളിലൂടെ സ്വരൂപിക്കുന്നതാണ് കെകെഎംഎ കുടുംബ സഹായനിധി. തങ്ങളുടെ ഒരു സഹോദരന്‍ മരണപ്പെടുമ്പോള്‍ സംഘടനയിലെ ഓരോ അംഗവും നല്‍കുന്ന നിശ്ചിത വിഹിതമാണ് കെകെഎംഎ കുടുംബ സഹായനിധി. ഇതുവരെ കെകെഎംഎ അംഗമായിരിക്കെ മരിച്ച 96 സഹോദരരുടെ കുടുംബങ്ങള്‍ക്കായി നാലരകോടിയിലേറെ രൂപ ഇതിലൂടെ നല്‍കികഴിഞ്ഞു. ഇവരുടെ മക്കളുടെ പന്ത്രണ്ടാം ക്ളാസ് വരെയുള്ള വിദ്യാഭ്യാസത്തിനും കെകെഎംഎ കുടുംബ സഹായനിധിയില്‍ നിന്നും സഹായം നല്‍കുന്നുണ്ട്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍