ഇന്ത്യ ഫെസ്റ് ഡിസംബര്‍ നാലു മുതല്‍ ഏഴു വരെ
Saturday, November 8, 2014 8:15 AM IST
അബുദാബി: ഇന്ത്യ സോഷ്യല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന അഞ്ചാമത് ഇന്ത്യഫെസ്റ് ഡിസംബര്‍ നാലു മുതല്‍ ഏഴു വരെ നടക്കും. ഐഎസ്സി കെട്ടിടത്തില്‍ നിന്നും മാറ്റി സമീപത്തുള്ള വിശാലമായ സ്ഥലത്ത് വേദി ഒരുക്കി വിപുലമായ രീതിയില്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

പ്രശസ്ത മജീഷ്യന്‍ മുതുകാട് അവതരിപ്പിക്കുന്ന മാജിക് ഷോ, തൈക്കൂടം ബ്രിഡ്ജ് അവതരിപ്പിക്കുന്ന സംഗീത സന്ധ്യ, വിവിധ രാജ്യങ്ങളുടെ എംബസി കള്‍ ഒരുക്കുന്ന കലാപരിപാടികള്‍ എന്നിവയാണ് മേളയുടെ മുഖ്യാകര്‍ഷണം. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്ഷ്യ വിഭവങ്ങള്‍ ലഭ്യമാകുന്ന ഭക്ഷ്യമേള, പ്യുഷോ 301 മോഡല്‍ കാര്‍ ഒന്നാം സമ്മാനമായി നല്‍കുന്ന മെഗാ റാഫിള്‍ ഡ്രോ, ബാങ്കുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, ട്രാവല്‍ ആന്‍ഡ് ടൂറിസം, തുണിത്തരങ്ങള്‍, പുസ്തകങ്ങള്‍ തുടങ്ങി നിരവധി വ്യാപാരസ്ഥാപനങ്ങളുടെ സ്റാളുകള്‍ എന്നിവയും ഉണ്ടാകും.

മൂന്ന് ദിവസത്തെ പ്രവേശനത്തിന് പത്ത് ദിര്‍ഹമാണ് പ്രവേശനകൂപ്പണ്‍ ചാര്‍ജ് യുഎഇ എക്സ്ചേഞ്ച്, എക്സ്പ്രസ് മണി, ഒമീര്‍ ബിന്‍ യുസഫ് ആന്‍ഡ് സണ്‍സ്, അഹല്യ ഹോസ്പിറ്റല്‍, എയര്‍ ഇന്ത്യ എന്നീ സ്ഥാപനങ്ങളാണ് പരിപാടിയുടെ സ്പോണ്‍സര്‍മാര്‍. എല്ലാ ദിവസവും നാലിന് പരിപാടികള്‍ ആരംഭിക്കും.

ഐഎസ്സി പ്രസിഡന്റ് ഡി. നടരാജന്‍, ജനറല്‍ സെക്രട്ടറി ആര്‍. വിനോദ്, വൈസ് പ്രസിഡന്റ് ബിജി തോമസ്, ട്രഷറാര്‍ റഫീക്ക് കയനിയില്‍, അസിസ്റന്റ് ട്രഷറര്‍ ഷിജില്‍ കുമാര്‍, വിനോദ വിഭാഗം സെക്രട്ടറി മാത്യു ജോസ്, ജനറല്‍ കണ്‍വീനര്‍ ജോര്‍ജ് വെനെഷ്യ, യുഎഇ എക്സ്ചേഞ്ച് സിഇഒ വൈ. സുധീര്‍കുമാര്‍ ഷെട്ടി, ഒമീര്‍ ബിന്‍ യൂസഫ് ഡിവിഷണല്‍ മാനേജര്‍ അശ്വിനി ശിവ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള