ഇടം സാംസ്കാരിക വേദിയുടെ എം.എന്‍ വിജയന്‍ അനുസ്മരണം വെള്ളിയാഴ്ച
Tuesday, November 4, 2014 10:10 AM IST
റിയാദ്: ഇടം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ അടുത്ത വെള്ളിയാഴ്ച റിയാദില്‍ എം.എന്‍ വിജയന്‍ മാഷ് അനുസ്മരണവും ഫാസിസവും കോര്‍പ്പറേറ്റിസവും എന്ന വിഷയത്തെ ആസ്പദമാക്കി ചര്‍ച്ചാ സമ്മേളനവും നടക്കുന്നു. ബത്ഹയിലെ ഷിഫാ അല്‍ ജസീറ ഓഡിറ്റോറിയത്തില്‍ വൈകുന്നേരം ആറു മുതലായിരിക്കും പരിപാടി.

ഫാസിസത്തിനെതിരെ ദീര്‍ഘകാലം എഴുതിയും സംസാരിച്ചും മലയാളിയുടെ ചിന്തയെ ഉണര്‍ത്തിയ എം.എന്‍ വിജയന്റെ വാക്കുകള്‍ക്ക് ഏറെ പ്രസക്തിയുള്ള ഒരു കാലഘട്ടമാണിതെന്ന് ഇടം സാംസ്കാരിക വേദി പ്രവര്‍ത്തകര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഫാസിസവും കോര്‍പ്പറേറ്റുകളും കൈകോര്‍ക്കുന്ന ഇന്ത്യന്‍ വര്‍ത്തമാനത്തിന്റെ രാഷ്ട്രീയ സാംസ്കാരിക സാമ്പത്തിക ഗതിവിഗതികളില്‍ ശ്രദ്ധ കൊടുക്കലാണ് ഇക്കാലത്തിന്റെ പ്രാഥമികമായ പുരോഗമന ദൌത്യം. ഫാസിസ്റ് ബിംബങ്ങളെ മുന്‍നിര്‍ത്തി കോര്‍പ്പറേറ്റകള്‍ ഇന്തയില്‍ വമ്പിച്ച തോതില്‍ വിഭവക്കൊള്ളയും കുത്തകവത്കരണവും നടത്തിക്കൊണ്ടിരിക്കുമ്പോള്‍ രാഷ്ട്രീയ ജാഗ്രതയുടെ സൂക്ഷ്മദൃഷ്ടിയില്ലായ്മയാണ് പ്രതിപക്ഷവും മാധ്യമലോകവും കാണിക്കുന്നത്. ഈ സാഹചര്യത്തില്‍ ഭാഷയുടേയും വ്യക്തിജീവിതത്തിന്റേയും ഓരോ അണുവിലും മാനവികതയുടെ അടയാള രൂപങ്ങള്‍ ശ്രദ്ധയോടെ കൊത്തിവച്ച് കടന്നു പോയ എം.എന്‍ വിജയന്‍ എന്ന ദാര്‍ശനികന്റെ സ്മരണ ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന്റേയും സംസ്കാരത്തേയും സാംസ്കാരികതയേയും മുന്നോട്ട് നടത്തുവാന്‍ നമുക്ക് കരുത്ത് പകരുമെന്ന് സംഘാടകര്‍ പ്രത്യാശിച്ചു.

റിയാദിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങിലേക്ക് റിയാദിലെ മുഴുവന്‍ ആളുകളേയും ക്ഷണിക്കുന്നതായി ഇടം ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇക്ബാല്‍ കൊടുങ്ങല്ലൂര്‍ 0557869839, സിദ്ദീഖ് നിലമ്പൂര്‍ 0502709695.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍