ഒരേ ഒരു ഒഎന്‍വി: കൈരളിയുടെ പ്രിയ കവിക്ക് കേരള അസോസിയേഷന്റെ ആദരവ്
Monday, November 3, 2014 10:18 AM IST
ഡാളസ്: മലയാളത്തിന്റെ പ്രിയ കവിയും ഗാനരചയിതാവുമായ പദ്മവിഭൂഷണ്‍ ഒഎന്‍.വി കുറുപ്പിനെ ആദരിക്കുവാന്‍ കേരള അസോസിയേഷന്‍ ഓഫ് ഡാളസ് ഒരുക്കിയ 'ഒരേ ഒരു ഒഎന്‍വി' എന്ന പരിപാടി വ്യത്യസ്തകളാല്‍ സമ്പന്നമായി.

ഒഎന്‍വി സദസിലില്ലായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ സര്‍ഗസൃഷ്ടികളുടെ അവതരണങ്ങളാല്‍ പൂരിതമായിരുന്നു സദസ്. മലയാളത്തിന്റെ അഭിമാനമായ കവിയുടെ സാഹിത്യ സപര്യയ്ക്ക് അസോസിയേഷന്‍ ഒരുക്കിയ സാഹിത്യ സംഗീത നൃത്താഞ്ജലി കൊണ്ടുള്ള ആദരവ് തിങ്ങിനിറഞ്ഞ സദസിന് എന്നെന്നും മനസില്‍ സൂക്ഷിക്കാവുന്ന മധുരാനുഭവമായി.

മലയാള സാഹിത്യത്തിലെ ജീവിച്ചിരിക്കുന്ന ഇതിഹാസമാണ് ഒഎന്‍വി എന്ന് എന്ന് ചടങ്ങില്‍ ആശംസാ പ്രസംഗം നടത്തിയ ഭാഷാ പണ്ഡിതനും ഭിഷഗ്വരനുമായ ഡോ.എം.വി.പിള്ള പറഞ്ഞു. മലയാളം മരിക്കുമോ എന്ന് ഒഎന്‍വി കാണുമ്പോഴൊക്കെ ചോദിക്കാറുണ്ട്. ഒരിക്കലുമില്ല എന്നതിന്റെ തെളിവാണ് ഇവിടെ അരങ്ങത്ത് അവതരിപ്പിച്ച അദ്ദേഹത്തിന്റെ സര്‍ഗസൃഷ്ടികള്‍.

കേരളക്കരയില്‍ നിന്നും പതിനായിരക്കണക്കിന് മൈലുകള്‍ അകലെ, ചക്രവാളത്തിന്റെ മറ്റൊരു കോണില്‍ മലയാളത്തിന്റെ പൈതൃകം പുനരാവിഷ്കരിക്കപ്പെടുകയാണ്. സിനിമകള്‍ പലതും നമ്മള്‍ മറന്നുപോയേക്കാം. പക്ഷേ, ഒഎന്‍വി എഴുതിയ അതിലെ ഗാനങ്ങള്‍ അനശ്വരമായി നിലനില്‍ക്കും. സിനിമയിലെ ഗാനങ്ങള്‍ മനസിനോടാണ് സംവദിക്കേണ്ടതെന്നു തിരിച്ചറിഞ്ഞ കവിയാണ് ഒഎന്‍വി. കവിഭാവനയുടെ ഏറ്റവും ഉദാത്തമായ മാതൃക അദ്ദേഹത്തിന്റെ കവിതകളില്‍ നിറഞ്ഞു നില്‍ക്കുന്നു.

ആത്മാവിനെ തൊട്ടുണര്‍ത്തുന്നതാണ് ഒ.എന്‍.വി യുടെ ഗാനങ്ങള്‍. ശരീരത്തിലെ ഓരോ ഇന്ദ്രീയങ്ങളെയും ഉദ്വീപിക്കുന്നതാണ് അദേഹത്തിന്റെ വരികള്‍. ഉന്നതമായ കാവ്യഭാഷണവും ക്രിയാത്മകതയും ലാളിത്യവും അദേഹത്തിന്റെ ഗാനങ്ങളുടെ പ്രത്യേകതകളാണെന്നും ഡോ. എം.വി പിള്ള കൂട്ടിച്ചേര്‍ത്തു. മനുഷ്യസ്നേഹിയായ കവിയുടെ രചനകളില്‍ ഒരോ കാലഘട്ടത്തിന്റെയും പ്രതിഫലനങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നു.

മലയാളത്തിലെ നാടക ഗാനങ്ങള്‍ക്ക് ഒരു സാമൂഹിക പരിവര്‍ത്തനത്തിനുള്ള ശക്തി പകര്‍ന്നത് ഒഎന്‍വിയുടെ വരികളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കെപിഎസിയുടെയും കാളിദാസ കലാകേന്ദ്രത്തിന്റെയും പ്രഖ്യാപിത ലക്ഷ്യങ്ങള്‍ക്ക് ആക്കവും തൂക്കവും നല്ക്കാന്‍ ഒഎന്‍വിക്കായി എന്ന് ഡോ. എം.വി പിള്ള അഭിപ്രായപ്പെട്ടു.

ജീവിച്ചിരിക്കുന്ന ഒരാളെ ഇത്രയും ഗംഭീരമായി വിദേശത്തുള്ള ഒരു മലയാളി സംഘടന ആദരിച്ചത് ഏറ്റവും അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.

പാട്ടുകാരന്‍ നാളെയുടെ ഗാട്ടുകാരന്‍ എന്ന് ഉപസംഹരിച്ചുകൊണ്ടു മലയാളത്തിന്റെ താരാട്ട് പാടാന്‍ ഒഎന്‍വി എന്നും കൈരളിയോടൊപ്പം ഉണ്ടാകട്ടെ എന്ന് ഡോ. എം.വി പിള്ള ആശംസിച്ചു.

ഒഎന്‍വി കവിതകളിലെ പദങ്ങള്‍ തമ്മിലുള്ള ബന്ധവും പ്രാസവും താളവും മനസില്‍ എന്നെന്നും തങ്ങിനില്‍ക്കുമെന്ന് അമേരിക്കന്‍ മലയാളി സാഹിത്യകാരനായ ഏബ്രഹാം തെക്കേമുറി ആശംസാ സന്ദേശത്തില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ സിനിമാ ഗാനങ്ങളില്‍ യൌവനത്തിന്റെ തുടിപ്പും ജീവിതത്തിന്റെ ആഗ്രഹങ്ങളും നിഴലിക്കുന്നു. ഓരോ വാക്കിലും ഓരോ പേജ് എഴുതാവുന്ന ഭാവങ്ങളുണ്െടന്ന് തെക്കേമുറി പറഞ്ഞു.

ഒഎന്‍വിയുടെ സന്ദേശം സിഡിയിലാക്കി സ്ക്രീനില്‍ അവതരിപ്പിച്ചത് മറ്റൊരു പ്രത്യേകതയായി. തന്റെ പേരില്‍ ഇവിടെ ഒരു കേരളീയോത്സവം കൊണ്ടാടുന്നതില്‍ സന്തോഷമുണ്െടന്നും ഒരു മലയാളി എഴുത്തുകാരനെ സംബന്ധിച്ചടത്തോളം അതൊരു ഭാഗ്യമാണന്നും ഒഎന്‍വി സന്ദേശത്തിലൂടെ അറിയിച്ചു. ഡാളസിലെ മലയാളി സഹോദരങ്ങള്‍ക്ക് അദേഹം കേരളീയാശംസകള്‍ നേര്‍ന്നു.

അസോസിയേഷന്റെ ഡിജിറ്റല്‍ ലൈബ്രറിയുടെ ഉദ്ഘാടനം ഒഎന്‍വി കുറുപ്പിന്റെ സന്ദേശമടങ്ങിയ സിഡി ഇന്ത്യന്‍ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്റര്‍ പ്രസിഡന്റ് ഐ.വര്‍ഗീസിനു നല്‍കി ഡോ.എം.വി.പിള്ള നിര്‍വഹിച്ചു.

ഹര്‍ഷ ഹരിദാസ്, ഉമ ഹരിദാസ് എന്നിവര്‍ ചേര്‍ന്ന് ആലപിച്ച ദേശീയ ഗാനത്തോടെയാണ് ചടങ്ങ് തുടങ്ങിയത്. അസോസിയേഷന്‍ പ്രസിഡന്റ് ബാബു മാത്യു സ്വാഗതം ആശംസിച്ചു. സെല്‍വിന്‍ സ്റാന്‍ലി, ഷാജി പണിക്കശേരി, അനശ്വര്‍ മാമ്പള്ളില്‍, ടിഫനി ആന്റണി, ബീന വര്‍ഗീസ്, സ്റാന്‍ലി ജോര്‍ജ്, ഷഫീര്‍ മുഹമ്മദ്, ചാക്കോ ജോണ്‍സണ്‍, ദീപ ജയ്സണ്‍, ഹരിദാസ് തങ്കപ്പന്‍ എന്നിവര്‍ ഗാനങ്ങളും കവിതകളും അവതരിപ്പിച്ചു. വിസ്മയ ആന്റണി, നാന്‍സി വര്‍ഗീസ്, പ്രിയങ്ക മേനോന്‍ എന്നിവര്‍ നൃത്തമവതരിപ്പിച്ചു. സഞ്ജന ഉല്ലാസ്, അന്ന ലിയോ, വിസ്മയ ആന്റണി എന്നിവര്‍ ചേര്‍ന്ന് സംഘനൃത്തം ഒരുക്കി. ഒഎന്‍വി കുറുപ്പിന്റെ വിഡിയോ സന്ദേശം സുരേഷ് അച്യുതന്‍ തയാറാക്കി. ഹരിദാസ് തങ്കപ്പന്‍ എംസി ആയിരുന്നു. അസോസിയേഷന്‍ സെക്രട്ടറി റോയ് കൊടുവത്ത് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍