കെഎംസിസി നാഷണല്‍ കമ്മിറ്റി സുരക്ഷാ പദ്ധതി - 2015 ന് തുടക്കമായി
Monday, November 3, 2014 7:52 AM IST
റിയാദ്: കെഎംസിസി സൌദി നാഷണല്‍ കമ്മിറ്റിക്ക് കീഴില്‍ കഴിഞ്ഞ വര്‍ഷം നടപ്പിലാക്കുകയും ജാതി മത ഭേദമന്യേ ജന പങ്കാളിത്തംകൊണ്ട് ചരിത്രം രചിക്കുകയും ചെയ്ത സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ രണ്ടാംഘട്ട പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നവംബര്‍ ഒന്നു മുതല്‍ തുടക്കമായി.

വെള്ളിയാഴ്ച റിയാദില്‍ ചേര്‍ന്ന സൌദി കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രവര്‍ത്തക സമിതി യോഗമാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്. പദ്ധതിയിലേക്ക് 75 റിയാല്‍ സംഭാവന നല്‍കി അംഗമാകുന്ന പ്രവാസി, പദ്ധതി കാലാവധിക്കുള്ളില്‍ മരണപ്പെടുകയാണെങ്കില്‍ അദ്ദേഹം അപേക്ഷാ ഫോറത്തില്‍ നിര്‍ദേശിക്കപ്പെട്ടിട്ടുള്ള കുടുംബാംഗങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ ആനുകൂല്യമായി നല്‍കുന്നതാണ് പദ്ധതി. രണ്ട് മാസം നീണ്ടുനില്‍ക്കുന്ന അടുത്ത വര്‍ഷത്തേക്കുള്ള സുരക്ഷാ പദ്ധതിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഡിസംബര്‍ 31ന് അവസാനിക്കും. ഇക്കൊല്ലത്തെ സാമൂഹ്യ സുരക്ഷാ പദ്ധതി അംഗത്വമെടുത്തവരില്‍ പതിനഞ്ചു പേരാണ് കഴിഞ്ഞ എട്ട് മാസത്തിനിടെ മരിച്ചത്. ഇവരുടെ അനാഥരായ കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം നവംബര്‍ ഏഴിന് മലപ്പുറത്ത് നടക്കുന്ന സൌദി കെഎംസിസിയുടെ 35-ാം വാര്‍ഷിക ഉദ്ഘാടന സമ്മേളനത്തില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ചേര്‍ന്ന് വിതരണം ചെയ്യും. ഇതോടൊപ്പം കിഡ്നി, കാന്‍സര്‍, ഹൃദയ സംബന്ധമായ മാരക രോഗങ്ങളില്‍പ്പെട്ട് ചികിത്സ തേടിക്കൊണ്ടിരിക്കുന്ന അംഗങ്ങള്‍ക്ക് ചികിത്സ സഹായവും വിതരണം ചെയ്യും. ഒരു കോടിയോളം രൂപയാണ് ഇതിലേക്കായി കെഎംസിസി നാഷണല്‍ കമ്മിറ്റി മാറ്റി വച്ചിട്ടുള്ളത്.

കഴിഞ്ഞ തവണ മെംബര്‍മാരായ അംഗങ്ങളുടെ കാലാവധി 2014 ഡിസംബര്‍ 31ന് അവസാനിക്കുന്നതിനാല്‍ ഇവര്‍ ഇതിനു മുമ്പായി മെമ്പര്‍ഷിപ്പ് പുതുക്കിയിരിക്കണം. പുതുതായി ചേരാന്‍ ആഗ്രഹിക്കുന്നവരും മെമ്പര്‍ഷിപ്പ് പുതുക്കുന്നവരും അംഗീകൃത സെന്‍ട്രല്‍, ജില്ല, ഏരിയ കെഎംസിസി കമ്മിറ്റികള്‍ വിതരണം ചെയ്യുന്ന നാഷണല്‍ കമ്മിറ്റി സുരക്ഷാ പദ്ധതി 2015ന്റെ അപേക്ഷാ ഫോറം പൂരിപ്പിച്ച് നല്‍കിയാണ് പദ്ധതിയില്‍ അംഗത്വം സ്വീകരിക്കേണ്ടത്. പദ്ധതിയുമായി ബന്ധപ്പെട്ട നിയമാവലി അപേക്ഷാഫോറത്തോടൊപ്പം പുറത്തിറക്കിയിട്ടുണ്ട്. ഇത് പൂര്‍ണമായും വായിച്ച് ബോധ്യപ്പെട്ട ശേഷം മാത്രമായിരിക്കണം അംഗത്വം സ്വീകരിക്കേണ്ടത്.

യോഗത്തില്‍ ആക്ടിംഗ് പ്രസിഡന്റ് പി.ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ചന്ദ്രിക ചീഫ് ഓര്‍ഗനൈസര്‍ ഹമീദ് വാണിമേല്‍ ഉദ്ഘാടനം ചെയ്തു. മുന്‍വര്‍ഷത്തെ സുരക്ഷാപദ്ധതിയുടെ പ്രവര്‍ത്തനത്തെ കുറിച്ച് കുന്നുമ്മല്‍ കോയ വിശദീകരിച്ചു. 2014 വരവ് ചെലവ് കണക്കുകള്‍ റഫീഖ് പാറക്കല്‍ അവതരിപ്പിച്ചു. സി. ഹാഷിം, പാലോളി മുഹമ്മദലി, പി.പി മുഹമ്മദ്, ഡോ. കാവുങ്ങല്‍ മുഹമ്മദ്, കെ.വി ഗഫൂര്‍, സമദ് പട്ടനില്‍, ജമാല്‍ വട്ടപ്പൊയില്‍, കെ.കെ കോയാമു ഹാജി, സി.പി മുസ്തഫ, ഷാജി ആലപ്പുഴ, ഖാദര്‍ ചെങ്കള, ആലിക്കുട്ടി ഒളവട്ടൂര്‍, യു.എ റഹീം ജുബൈല്‍, ഷംസുദ്ദീന്‍ ചെട്ടിപ്പടി, മുഹമ്മദ് രാജ ലൈലാ അഫ്ലാജ്, ഷറഫുദ്ദീന്‍ കണ്ണേറ്റി, കെ.വി.എ അസീസ് ചുങ്കത്തറ, മാലിക് മഖ്ബൂല്‍ ദമാം, സുലൈമാന്‍ മാളിയേക്കല്‍, സി.പി മുഹമ്മദ് ഷരീഫ്, ഉസ്മാന്‍അലി പാലത്തിങ്ങല്‍, ജലീല്‍ തിരൂര്‍, സി.എം.എ നാസര്‍, മുജീബ് ഉപ്പട ചര്‍ച്ചയില്‍ പങ്കെടുത്തു.

വി.കെ മുഹമ്മദ് പ്രാര്‍ഥന നടത്തി. ജനറല്‍ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട് സ്വാഗതവും സെക്രട്ടറി അര്‍ഷുല്‍ അഹമ്മദ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍