ഹറമുകളുടെ വിപുലീകരണ വിഭാഗത്തെ നിതാഖാത്തില്‍ ഉള്‍പ്പെടുത്തിയതിനെതിരെ പരാതി
Monday, November 3, 2014 7:52 AM IST
ജിദ്ദ: ഹറമുകളുടെ വിപുലീകരണ മേഖലയെ നിതാഖാത്തില്‍ ഉള്‍പ്പെടുത്തിയത് നവീകരണ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന ആക്ഷേപം ഉയര്‍ന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വദേശികളെ കിട്ടാത്തതാണ് ഇതിന് കാരണമായി ചുണ്ടിക്കാണിക്കുന്നത്.

മക്ക മസ്ജിദുല്‍ ഹാറാമിലും മദീനയിലും മസ്ജിദുന്നബവിയിലും നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. വിപുലീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ യഥാസമയം പുര്‍ത്തിയാക്കുന്നതിനായി നൂറു കണക്കിന് തൊഴിലാളികളാണ് 24 മണിക്കുറും ജോലി ചെയ്യുന്നത്. പുതുതായി ഉള്‍പ്പെടുത്തിയതനുസരിച്ച് 30 ശത്മാനം സ്വദേശികളുണ്െടങ്കില്‍ മാത്രമാണ് നിതാഖാത്ത് വ്യവസ്ഥ പ്രകാരം കുറഞ്ഞ പച്ചയില്‍ ഉള്‍പ്പെടുകയുള്ളു. 31 50 മധ്യ പച്ച വിഭാഗത്തിലും 50 ശതമാനം മുതല്‍ 70 ശതമാനം വരെ ഉയര്‍ന്ന പച്ചയിലും 71 ശതമാനം അതില്‍കുടിതലും എക്സലന്റ വിഭാഗത്തിലുമാണ് ഉള്‍പ്പെടുക.

ഇരുഹറമുകളുടേയും വിപുലീകരണ നിര്‍മാണ പ്രവര്‍ത്തനങ്ങളെ നിതാഖാത്തില്‍ ഉള്‍പ്പെടുത്തിയത് വലിയ പ്രതിസന്ധിക്ക് വഴിയൊരുക്കുമെന്ന് ജിദ്ദ ചേംബര്‍ ഓഫ് കൊമേഴ്സ് നിര്‍മാണ സമിതി തലവന്‍ അബ്ദുള്ള സൌദി അഭിപ്രായപ്പെട്ടു. ഈ മേഖലയില്‍ സ്വദേശികളെ കിട്ടാത്തതാണ് കാരണം. നിര്‍മാണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നതിന് സ്വദേശികള്‍ക്ക് താത്പര്യമില്ല. അവര്‍ക്ക് ഓഫീസ് അഡ്മിനിസ്ട്രേഷന്‍ ജോലികളാണ് പ്രിയം.

ഹജ്ജ് ഉംറ തീര്‍ഥാടകര്‍ക്ക് യാത്ര സൌകര്യമൊരുക്കുന്ന മേഖലയിലും സ്വദേശി വത്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി ഈ വിഭാഗത്തെ നിതാഖാത്ത് വ്യവസ്ഥയില്‍ ഉള്‍പ്പെടുത്തിയതിനെതിരെയും പരാതി ഉയര്‍ന്നു. ട്രാന്‍സ് പോര്‍ട്ടിംഗ് മേഖലയില്‍ ജോലി ചെയ്യാന്‍ സ്വദേശികള്‍ താത്പര്യം കാണിക്കാത്തതാണ് ഇത്തരം സ്ഥാപനങ്ങള്‍ നിേരിടുന്ന പ്രധാന പ്രശ്നമെന്ന് ജിദ്ദ ചേംബര്‍ ഓഫ് കൊമേഴ്സ് ട്രാന്‍സ്പോര്‍ട്ട് സമിതി തലവന്‍ സഅദ് അല്‍ ഖുറൈഷി പറഞ്ഞു. നിരവധി തവണ പ്രദേശിക പത്രങ്ങളില്‍ സ്വദേശികളെ ആവശ്യമുണ്ടന്ന് കാണിച്ച് പരസ്യം നല്‍കിയിട്ടും ആരും മുന്നോട്ടു വന്നില്ലെന്ന് അദ്ദേഹം അറിയിച്ചു.

പുതുതായി ഒമ്പതു വിഭാഗങ്ങളെ കുടിയാണ് ഇന്നലെ പുതുതായി നിതാഖാത്ത് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ നിതാഖാത്ത് വ്യവസ്ഥയില്‍ ഉള്‍പ്പെടുത്തിയ തൊഴില്‍ വിഭാഗങ്ങളുടെ എണ്ണം 58 ആയി ഉയര്‍ന്നു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം