നാടക പ്രതിഭകള്‍ക്ക് ഗ്രന്ഥപ്പുര ജിദ്ദയുടെ ആദരം
Monday, November 3, 2014 7:46 AM IST
ജിദ്ദ: അവിസ്മരണീയമായ രംഗ സജ്ജീകരണങ്ങളോടെ പ്രവാസികള്‍ക്കുമുന്നില്‍ അവതരിപ്പിച്ച നായകന്‍ എന്ന നാടകത്തിന്റെ ശില്‍പ്പികളെ ഗ്രന്ഥപ്പുര ജിദ്ദ ആദരിച്ചു.

യവനിക തിയറ്റേഴ്സിന്റെ ബാനറില്‍ ഈ നാടകം അണിയിച്ചൊരുക്കിയ സംവിധായകന്‍ അനില്‍ നൂറനാട് കഥയും ഗാനങ്ങളും നിര്‍വഹിച്ച അജിത് നിര്‍വിളാകന്‍ സംഗീത സംവിധാനം നിര്‍വഹിച്ച റോബിന്‍ കുര്യന്‍ എന്നിവര്‍ക്ക് യഥാക്രമം മജീദ് നഹ, സഹല്‍ തങ്ങള്‍, ശിഫ ജിദ്ദ മാനേജിംഗ് ഡയറക്ടര്‍ പി.എ അബ്ദുറഹ്മാന്‍ എന്നിവര്‍ ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു. ബഷീര്‍ തൊട്ടിയന്‍ അധ്യക്ഷത വഹിച്ചു.

കാലിക സമൂഹം ന്യൂ ജനറേഷന്‍ ആവരണത്തില്‍ നൈമിഷകമായ ചടുല കാഴ്ചകള്‍ക്കു നായകപരിവേഷം സങ്കല്‍പിക്കുമ്പോള്‍ കാലന്തരങ്ങളിലൂടെ കടന്നു വന്ന യഥാര്‍ഥ നായകന്മാരെ അവതരിപ്പിക്കുന്ന പ്രമേയമാണ് 'നായകന്‍' എന്ന ഒന്നര മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന നാടകം. നാലുകെട്ടിലെ ഭീമനെയും പഴശിരാജയിലെ പ്രണയാതുരനായ രാജ്യ സ്നേഹിയും മതിലുകളിലെ വൈക്കം മുഹമ്മദ് ബഷീറിനെയും തന്മയത്വത്തോടെ അവതരിപ്പിക്കുന്നതില്‍ വിജയിക്കാന്‍ സാധിച്ചിട്ടുണ്ട്.

അബു ഇരിങ്ങട്ടീരി, പി.എ അബ്ദു റഹ്മാന്‍, ഗോപി നടുങ്ങാടി, ഉസ്മാന്‍ ഇരുമ്പുഴി, ഷിബു തിരുവനന്തപുരം എന്നിവര്‍ ആശംസകള്‍ അറിയിച്ചു. കൊമ്പന്‍ മൂസ സ്വാഗതവും അരുവി മോങ്ങം നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍