കാല്‍ഗറി സെന്റ് തോമസ് പള്ളിയില്‍ പരുമല തിരുമേനിയുടെ ഓര്‍മപെരുനാള്‍ ആചരിച്ചു
Monday, November 3, 2014 5:11 AM IST
കാല്‍ഗറി(കാനഡ): കാല്‍ഗറി സെന്റ് തോമസ് പള്ളിയില്‍ പരുമല തിരുമേനിയുടെ 112 -മത് ഓര്‍മ്മപെരുനാള്‍ പൂര്‍വ്വാധികം ഭംഗിയോടെ കൊണ്ടാടി .തദവസരത്തില്‍ കാല്‍ഗരിയില്‍ എത്തിയ യല്‍ദൊ മാര്‍ തീത്തോസ് മെത്രാപ്പോലീത്ത, ഭദ്രാസന സെക്രട്ടറി വന്ദ്യ മാത്യൂസ് എടത്തറ കോര്‍ എപ്പിസ്കൊപ്പ എന്നിവര്‍ക്ക് ഗംഭീര സ്വീകരണവും നല്കി .

ഒക്ടോബര്‍ 26 ഞായറാഴ്ച വൈകുന്നേരം മൂന്നിന് അഭിവന്ദ്യ തിരുമേനിയെയും മറ്റു വൈദികരെയും ഇടവക വികാരി ചാക്കോജോര്‍ജ് അച്ചന്റേയും, സെക്രെട്ടറി എല്‍ദോസ് യോയക്കിയുടെയും നേതൃത്വത്തില്‍ കത്തിച്ച മെഴുകുതിരി, മംഗള ഗാനത്തിന്റെ അകമ്പടികളോടെ ഇടവകാംഗങ്ങള്‍ സ്വീകരിച്ചു.

തുടര്‍ന്ന് തിരുമേനിയുടെ പ്രധാന കാര്‍മികത്വതിലും ,ഭദ്രാസന സെക്രട്ടറി വന്ദ്യ മാത്യൂസ് എടത്തറ കോര്‍ എപ്പിസ്കൊപ്പ, മാത്യൂസ് വര്‍ഗീസ് അച്ചന്‍, ഇടവക വികാരി ബഹു. ഫാ. ചാക്കോ ജോര്‍ജ്് അച്ചന്‍ എന്നിവരുടെ സഹ കാര്‍മികത്വത്തിലും വി .കുര്‍ബ്ബാനയും , മധ്യസ്ഥ പ്രാര്‍ഥനയും നടത്തി.

പള്ളിയിലെത്തിയ ജനങ്ങള്‍ക്ക് മെത്രാപ്പോലീത്ത ശ്ശൈഹിക വാഴ്വ് നല്കി അനുഗ്രഹിച്ചു. വി.കുര്‍ബ്ബാനക്ക് ശേഷം പാച്ചോര്‍ നേര്‍ച്ചയും, സ്നേഹവിരുന്നും നടത്തപ്പെട്ടു. പെരുന്നാള്‍ ആഘോഷങ്ങളില്‍ വികാരി ഫാ. ചാക്കോ ജോര്‍ജ്, സെക്രട്ടറി എല്‍ദോസ് യോയക്കി, പ്രസിഡന്റ് ലൈജു ജോര്‍ജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മോന്‍സി ഏബ്രഹാം അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം