ഒമാനിലേക്ക് ഇന്ത്യന്‍ വ്യവസായികള്‍ക്ക് സുസ്വാഗതം: മന്ത്രി അലി അല്‍ സുനയിദി
Saturday, November 1, 2014 11:28 AM IST
മസ്കറ്റ്: ഒമാനില്‍ നിന്നും വ്യവസായ- വാണിജ്യ മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ത്യ സന്ദര്‍ശിച്ച ഉന്നതതല പ്രതിനിധി സംഘം തിരിച്ചെത്തി. രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജിയെയും പ്രതിനിധി സംഘം സന്ദര്‍ശിച്ചു.

ന്യൂഡല്‍ഹിയില്‍ 'ഫിക്കി' ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) മുന്‍കൈ എടുത്തു നടത്തിയ ഇന്തോ- ഒമാന്‍ ജോയിന്റ് ബിസിനസ് കൌണ്‍സില്‍ മീറ്റിംഗിലാണ് ഒമാന്‍ വ്യവസായ വാണിജ്യ മന്ത്രി അലി അല്‍ സുനയിദി ഇന്ത്യയില്‍ നിന്നും കൂടുതല്‍ വ്യവസായികളെ സംരംഭങ്ങള്‍ തുടങ്ങാന്‍ സ്വാഗതം ചെയ്തത്.

മൂലധനവും ലാഭവും സംരംഭകന് സ്വന്തം സ്വാതന്ത്യ്രത്തില്‍ കൊണ്ടുപോകാം, കോര്‍പ്പറേറ്റ് ടാക്സില്‍ 10 വര്‍ഷത്തെ ഒഴിവ്, കമ്പനികളില്‍ നൂറു ശതമാനം ഉടമസ്ഥത, വ്യവസായ സ്ഥാപനങ്ങള്‍ക്കായി ഇറക്കുമതി ചെയ്യുന്ന മെഷിനറിക്കും അസംസ്കൃത സാധനങ്ങള്‍ക്കും നികുതിയൊഴിവ്, സര്‍വോപരി വ്യക്തിഗത ആദായ നികുതിയില്‍ നിന്നൊഴിവ്.

നിലവില്‍ 1500 ഇന്തോ-ഒമാന്‍ സംയുക്ത സംരംഭങ്ങള്‍ ഒമാനിലുണ്ട്, കൂടാതെ 140 ഇന്ത്യന്‍ കമ്പനികള്‍ വിജയകരമായി പ്രവര്‍ത്തനം നടത്തുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1.25 ബില്ല്യണ്‍ ഡോളറിന്റെ കരാറുകളാണ് ഇന്ത്യന്‍ കമ്പനികള്‍ കരസ്ഥമാക്കിയത്.

വാണിജ്യ വ്യവസായ രംഗത്ത് 2012 നെ അപേക്ഷിച്ച് 2013 സാമ്പത്തിക വര്‍ഷം കുതിച്ചു കയറ്റമായിരുന്നു. 3.9 ബില്ല്യണ്‍ ഡോളറില്‍ നിന്നും ആറ് ബില്ല്യണ്‍ ഡോളറില്‍ എത്തി നില്‍ക്കുന്നു. ഒമാനിലെ സാമൂഹിക രംഗത്തുള്‍പ്പെടെ ഇന്ത്യയുടെ ശക്തമായ സാന്നിധ്യം പ്രകടമാണ്.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം