രജതജൂബിലി ആഘോഷിക്കുന്ന എപ്പിസ്കോപ്പമാര്‍ക്ക് ഡാളസില്‍ സ്വീകരണം
Saturday, November 1, 2014 8:58 AM IST
ടെക്സസ്: ഒരു വര്‍ഷം നീണ്ട മര്‍ത്തോമ എപ്പിസ്കോപ്പല്‍ രജതജൂബിലി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് നോര്‍ത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസ്, മുന്‍ഭദ്രാസന എപ്പിസ്കോപ്പയും ഇപ്പോള്‍ കൊട്ടാരക്കര നിലയ്ക്കല്‍ ഭദ്രാസനാധിപനായ ഡോ. യൂയക്കിം മാര്‍ കൂറിലോസ് എന്നിവര്‍ക്ക് സ്വീകരണം നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഡാളസില്‍ പുരോഗമിക്കുന്നു.

1989 ഡിസംബര്‍ ഒമ്പതിന് എപ്പിസ്കോപ്പാമാരായി അവരോധിതരായവരില്‍ ഇരുവര്‍ക്കും പുറമെ റാന്നി നിലയ്ക്കല്‍ ഭദ്രാസനാധിപനായിരിക്കുന്ന ഡോ. ഗീവര്‍ഗീസ് മാര്‍ അത്തനാഷ്യോസും ഉള്‍പ്പെട്ടിരുന്നു. സ്വീകരണ സമ്മേളനത്തില്‍ അത്തനാഷ്യോസ് തിരുമേനി പങ്കെടുക്കുന്നില്ല.

നവംബര്‍ 22 ന് (ശനി) പ്ളാനൊ സെഹിയേന്‍ മര്‍ത്തോമ ചര്‍ച്ച് ആതിഥ്യമരുളുന്ന സ്വീകരണയോഗത്തില്‍ ഡാളസ് ഫോര്‍ട്ട്വര്‍ത്തിലെ സഭാവിശ്വാസികള്‍ക്കു പുറമെ സാമൂഹിക, സാംസ്കാരിക മതനേതാക്കന്മാരും രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കുമെന്ന് സംഘാടകര്‍ അവകാശപ്പെട്ടു.

നവീകരണ സഭയായ മര്‍ത്തോമ സഭയുടെ പാരമ്പര്യങ്ങളും കീഴ്വഴക്കങ്ങളും ഉയര്‍ത്തി പിടിച്ച്, ലളിതമായ ജീവിതചര്യ, സഭാജനങ്ങളുമായി അടുത്ത് ഇടപഴകല്‍, നിശ്ചയദാര്‍ഢ്യത്തോടെ ഭരണചുമതലകള്‍ നീതിപൂര്‍വം നിര്‍വഹിക്കല്‍ തുടങ്ങിയ സദ്ഗുണങ്ങള്‍ മാതൃകയായി സ്വീകരിച്ചു, വിനയാന്വിതരായി, സഭാപിതാക്കന്മാര്‍ സഞ്ചരിച്ച പാതകളിലൂടെ സഭയെ നയിക്കുന്നതിനും മര്‍ത്തോമ സഭയുടെ ആത്മീയവും ഭൌതികവുമായ വളര്‍ച്ചയില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നതിനും തിരുമേനിമാര്‍ക്ക് കഴിഞ്ഞു എന്നുള്ളത് പ്രത്യേകം പ്രസ്താവ്യമാണ്.

നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസന സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച പ്രോജക്ട് സഭാജനങ്ങളുടെ ആത്മാര്‍ഥ പിന്തുണയോടെ പ്രാവര്‍ത്തികമാക്കുവാന്‍ ശ്രമിക്കുമ്പോള്‍ തന്നെ എപ്പിസ്കോപ്പല്‍ ജൂബിലി ആഘോഷങ്ങളുടെ സമാപനത്തില്‍ പുതിയ പ്രോജക്ടുകളുടെ പ്രഖ്യാപനവും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത്. സ്വീകരണ സമ്മേളനം വിജയിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കുകളാകുന്നത് ഓരോ സഭാംഗങ്ങള്‍ക്കും അഭിമാനത്തിന് വക നല്‍കുന്നു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍