കേഫാക് ലീഗ്: സിഎഫ്സി സാല്‍മിയ, സ്റാര്‍ ലൈറ്റ് വാരിയേഴ്സ്, ബ്രദേഴ്സ് കേരള, സില്‍വര്‍ സ്റാര്‍ എന്നിവയ്ക്ക് വിജയം
Thursday, October 30, 2014 7:34 AM IST
കുവൈറ്റ് : കെഫാക്കിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഗ്രാന്‍ഡ് ഹൈപ്പര്‍ ഫുട്ബാള്‍ ലീഗില്‍ സിഎഫ്സി സാല്‍മിയക്കും സ്റാര്‍ ലൈറ്റ് വാരിയേഴ്സിനും ബ്രദേഴ്സ് കേരളക്കും സില്‍വര്‍ സ്റാറിനും വിജയം.

ആദ്യ മത്സരത്തില്‍ ബിഗ് ബോയ്സിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് സിഎഫ്സി സാല്‍മിയ തറപറ്റിച്ചത്. അത്യധികം വീറും വാശിയും കണ്ട മത്സരത്തില്‍ മികച്ച ഒത്തിണക്കവും വേഗതയും കൊണ്ട് എതിരാളിയെ ഏറെ പിന്നിലാക്കിയ സിഎഫ്സി സാല്‍മിയ ആധികാരിക വിജയം നേടുകയായിരുന്നു. മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച മുഹമ്മദ് ഹാഷിമാണ് കളിയിലെ കേമന്‍. വിജയികള്‍ക്കു വേണ്ടി മുഹമ്മദ് ഹസന്‍ ഗോള്‍ നേടി.

ആക്രമണ ഫുട്ബാളിന്റെ മുഴുവന്‍ വശ്യതയും ആവാഹിച്ച രണ്ടാമത്തെ മത്സരത്തില്‍ പൊരുതി കളിച്ച സ്പാര്‍ക്സ് എഫ്സിയെ ഒരു ഗോളിന് തോല്‍പ്പിച്ച് സ്റാര്‍ ലൈറ്റ് വാരിയേഴ്സ് വിജയം കൈവശപ്പെടുത്തുകയായിരുന്നു. നിരന്തരം എതിരാളികളുടെ ഗോള്‍ പോസ്റില്‍ ആക്രമണം നടത്തിയ സ്റാര്‍ ലൈറ്റ് താരം സുമേഷാണ് വിജയ ഗോള്‍ കുറിച്ചത്.

മൂന്നാം മത്സരത്തില്‍ കെ.കെ.എസ് സുറയെ ഒരു ഗോളിന് തോല്‍പ്പിച്ച് ബ്രദേഴ്സ് കേരള വിജയം നേടി. അമീറാണ് ബ്രദേഴ്സ് കേരളയുടെ ഗോള്‍ സ്കോറര്‍. അവസാന മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ചാമ്പ്യന്‍സ് എഫ്സിയെ സില്‍വര്‍ സ്റാര്‍ തോല്‍പ്പിച്ചു വിജയം ആഘോഷിച്ചു. സാവധാനം തുടങ്ങിയ മത്സരത്തില്‍ മുഴവന്‍ സമയവും കളി നിയന്ത്രിച്ചത് സില്‍വര്‍ സ്റാറായായിരുന്നു. ആദ്യ പകുതിയില്‍ പ്രിന്‍സിലൂടെ ലീഡ് നേടിയ സില്‍വര്‍ സ്റാര്‍ ഫൈനല്‍ വിസില്‍ മുഴങ്ങാന്‍ മിനിട്ടുകള്‍ മാത്രം ശേഷിക്കെ പ്രജീഷിലൂടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കുകയായിരുന്നു. സില്‍വര്‍ സ്റാര്‍ താരം പ്രിന്‍സ് മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടി.

വെള്ളിയാഴ്ച നടക്കുന്ന ലീഗ് മത്സരത്തില്‍ സിയാസ്കോ മാക്ക് കുവൈറ്റുമായും രൌദ ചാലഞ്ചെഴ്സ് യംഗ് ഷൂട്ടേഴ്സുമായും ബ്ളാസ്റ്റേഴ്സ് മലപ്പുറം ബ്രദേഴ്സുമായും കേരള സ്ട്രൈക്കേഴ്സ് ഫഹാഹീല്‍ ബ്രദേഴ്സുമായും ഏറ്റുമുട്ടും.

കുവൈറ്റിലെ മുഴുവന്‍ ഫുട്ബാള്‍ പ്രേമികള്‍ക്കും കുടുംബസമേതം മത്സരങ്ങള്‍ ആസ്വദിക്കുവാനുള്ള സൌകര്യം ഒരുക്കിയതായി കേഫാക് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 99708812, 99783404, 97494035.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍