കെപിസിസി സെക്രട്ടറി മാന്നാര്‍ അബ്ദുള്‍ ലത്തീഫിന് സ്വീകരണം നല്‍കി
Wednesday, October 29, 2014 8:08 AM IST
ദമാം: ഒഐസിസി സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദമാമിലെത്തിയ ഒഐസിസി ചുമതല വഹിക്കുന്ന കെപിസിസി സെക്രട്ടറി മാന്നാര്‍ അബ്ദുള്‍ ലത്തീഫിന് ഒഐസിസി ദമാം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഊഷ്മളമായ സ്വീകരണം നല്‍കി.

റീജിയണല്‍ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല, ഗ്ളോബല്‍ കമ്മിറ്റി വക്താവ് മന്‍സൂര്‍ പള്ളൂര്‍, പി.എം.നജീബ്, സി.അബ്ദുള്‍ ഹമീദ്, രമേശ് പാലക്കാട്, രാജു പള്ളിയത്ത്, പി.എ. നൈസാം, സുരേഷ് കുന്നം, ഹനീഫ് റാവുത്തര്‍, ഇ.കെ.സലിം, സുമേഷ് കാട്ടില്‍, നബീല്‍ നെയ്തല്ലൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ ജില്ലാ ഏരിയ കമ്മിറ്റി ഭാരവാഹികളും സാമൂഹിക പ്രവര്‍ത്തകന്‍ നാസ് വക്കവും അബ്ദുള്‍ ലത്തീഫിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു.

അബഹ, റിയാദ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിക്കാനാണ് കെപിസിസി സെക്രട്ടറി സൌദിയിലെത്തിയത്. ദമാമില്‍ നിന്നും ചൊവ്വാഴ്ച അബഹയിലേക്ക് പോകുന്ന മാന്നാര്‍ അബ്ദുള്‍ ലത്തീഫ് 28 ന് അവിടുത്തെ തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് നേതൃത്വം നല്‍കും. തുടര്‍ന്നു റിയാദിലെത്തുന്ന അദ്ദേഹം 31 ന് റിയാദ് റീജിയണല്‍ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കും. കൂടാതെ സൌദി അറേബ്യയിലാദ്യമായി ഒഐസിസി നാഷണല്‍ കമ്മിറ്റിക്ക് രൂപം നല്‍കുന്നതും കെപിസിസി സെക്രട്ടറിയുടെ സന്ദര്‍ശനോദ്ദേശ്യമാണ്.

തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയാക്കി ഉംറ നിര്‍വഹിച്ച് നവംബര്‍ രണ്ടിന് നാട്ടിലേക്ക് മടങ്ങും. ഒഐസിസി ഗ്ളോബല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷെരീഫ് കുഞ്ഞും ഔദ്യോഗിക വക്താവ് മന്‍സൂര്‍ പള്ളൂരും മാന്നാര്‍ അബ്ദുള്‍ ലത്തീഫിനെ അനുഗമിക്കുന്നുണ്ട്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം