തെരഞ്ഞെടുപ്പ് കഴിയുന്നതോടെ റിയാദ് ഒഐസിസി നെടുകെ പിളരാന്‍ സാധ്യത
Tuesday, October 28, 2014 6:44 AM IST
റിയാദ്: ഒക്ടോബര്‍ 31 ന് നടക്കുന്ന ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി തെരഞ്ഞെടുപ്പോടെ സംഘടനയില്‍ ഒരു വന്‍പിളര്‍പ്പിന് സാധ്യത ഉരുത്തിരിഞ്ഞു വരുന്നു. പ്രധാനമായും രണ്ട് പാനലുകള്‍ തമ്മിലാണ് പ്രധാന മത്സരം. മുന്‍ പ്രസിഡന്റ് സി.എം. കുഞ്ഞിയുടെ നേതൃത്വത്തിലും മുന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് അഡ്വ. എല്‍.കെ അജിത്തിന്റെ നേതൃത്വത്തിലുമുള്ള രണ്ട് പാനലുകള്‍ തമ്മിലാണ് മത്സരം. വീറും വാശിയും നിറഞ്ഞ മത്സരത്തിന്റെ ഫലം എന്തായാലും ഇരുവിഭാഗവും ഒന്നിച്ചൊരു സംഘടനയില്‍ പ്രവര്‍ത്തിക്കാനുള്ള സാധ്യത വിരളമാണെന്നാണ് നിഷ്പക്ഷ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഏറെ വാശിയോടെ നടന്ന ഒഐസിസി തെരഞ്ഞെടുപ്പിനുശേഷം ജിദ്ദയില്‍ നിലനില്‍ക്കുന്ന ശക്തമായ വിഭാഗീയതയേക്കാള്‍ രൂക്ഷമായിരിക്കും റിയാദിലെ അവസ്ഥ എന്നാണ് സംഘടനയില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ തന്നെ അഭിപ്രായപ്പെടുന്നത്.

19 സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളും 15 നിര്‍വാഹക സമിതി അംഗങ്ങളും എട്ടുവീതം നാഷണല്‍, ഗ്ളോബല്‍ കമ്മിറ്റി അംഗങ്ങളുമടങ്ങുന്ന 50 സ്ഥാനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസം ഇന്നലെ ആയിരുന്നു. ഇരു വിഭാഗങ്ങളില്‍ നിന്നുമായി നൂറിലധികം നാമനിര്‍ദ്ദേശ പത്രികകള്‍ വിവിധ സ്ഥാനങ്ങളിലേക്ക് സമര്‍പ്പിച്ച് കഴിഞ്ഞതായി അറിയുന്നു. നാല് സ്ഥാനാര്‍ഥികളാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. സി.എം. കുഞ്ഞി കുമ്പളയും അഡ്വ. എല്‍.കെ അജിതും കൂടാതെ മലപ്പുറം ജില്ലയില്‍ നിന്നുള്ള മുഹമ്മദ് ബാവയും തിരുവനന്തപുരം ജില്ലയിലെ കുമാരന്‍ മനോഹരനും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പുതന്നെ ആരംഭിച്ച പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അതിന്റെ അന്തിമഘട്ടത്തിലാണ്. ഇരു ഗ്രൂപ്പുകളും അവകാശവാദവും കാമ്പയിനുകളും സോഷ്യല്‍ മീഡിയകളിലൂടെയുള്ള പ്രചാരണങ്ങളുമായി ഒപ്പത്തിനൊപ്പം മുന്നേറുകയാണ്. ജില്ലാ കമ്മിറ്റികളില്‍ ഭൂരിപക്ഷത്തിന്റെയും പ്രത്യക്ഷത്തിലുള്ള പിന്തുണ മുന്‍ പ്രസിഡന്റ് സി.എം കുഞ്ഞിക്കാണെങ്കിലും അടിയൊഴുക്കുകള്‍ ശക്തമാണെന്നും അഡ്വ. അജിത് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും പറയുന്നു. സി.എം കുഞ്ഞിയുടെ നേത്യത്വത്തില്‍ 50 സ്ഥാനാര്‍ഥികളുടെ പാനലായാണ് നോമിനേഷന്‍ സമര്‍പ്പിച്ചതെന്നും ഇവരെ മുഴുവന്‍ വിജയിപ്പിക്കുന്നതിനായി ഒറ്റക്കെട്ടായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും ഈ വിഭാഗത്തിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ ഷാജി സോണ പറഞ്ഞു.

എല്ലാ കീഴ്വഴക്കങ്ങളും പാലിച്ചു കൊണ്ടാണ് തെരഞ്ഞെടുപ്പ് നടത്തുന്നതെന്ന് തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ഔദ്യോഗിക വിഭാഗം പറഞ്ഞു. സുതാര്യമായ ഒരു തെരഞ്ഞെടുപ്പ് വഴി സ്വാധീനങ്ങള്‍ക്കോ ഭീഷണികള്‍ക്കോ വഴിപ്പെടാതെ വോട്ട് രേഖപ്പെടുത്താനുള്ള അവസരം എല്ലാ വോട്ടര്‍മാര്‍ക്കും ഒരുക്കിയിട്ടുണ്െടന്നും മുന്‍ ഗ്ളോബല്‍ കമ്മിറ്റി അംഗം അവകാശപ്പെട്ടു. എന്നാല്‍ ഒരു വിഭാഗത്തിന്റെ മാത്രം താത്പര്യങ്ങളാണ് തെരഞ്ഞെടുപ്പില്‍ സംരക്ഷിക്കപ്പെടുന്നതെന്നും ഔദ്യോഗിക വിഭാഗത്തിന്റെ സൌകര്യങ്ങളും വിജയ സാധ്യതകളും മുന്നില്‍ കണ്ടു കൊണ്ടാണ് തെരഞ്ഞെടുപ്പ് നിരീക്ഷകരും റിയാദിലെ ഇലക്ഷന്‍ ചുമതലയുള്ള മുന്‍ ഗ്ളോബല്‍ കമ്മിറ്റി ജന. സെക്രട്ടറി പോലും പ്രവര്‍ത്തിക്കുന്നതെന്നുമാണ് മറു വിഭാഗത്തിന്റെ ആരോപണം. കെപിസിസിസി യില്‍ നിന്നും ഗ്ളോബല്‍ കമ്മിറ്റിയില്‍ നിന്നും റിയാദില്‍ തെരഞ്ഞെടുപ്പ് നിയന്ത്രിക്കാനെത്തുന്നവര്‍ ഒരു വിഭാഗത്തിന്റെ ചെലവിലും ഒത്താശയിലുമാകുമ്പോള്‍ അവരില്‍ നിന്നും എങ്ങനെയാണ് തങ്ങള്‍ക്ക് നീതി ലഭിക്കുക എന്നാണ് അവരുടെ ചോദ്യം.

വീറും വാശിയും മുറുകുന്നതോടെ ശക്തമായ ചേരി തിരിവും പ്രകടമായിട്ടുള്ള റിയാദ് ഒഐസിസിയില്‍ ഒരു പിളര്‍പ്പ് ആസന്നമാണെന്ന സൂചനകളാണ് ഇപ്പോഴുള്ളത്. അത് ഒഴിവാക്കാന്‍ കെപിസിസി യില്‍ നിന്നും തെരഞ്ഞെടുപ്പ് നിയന്ത്രിക്കാനും നിരീക്ഷിക്കാനുമായെത്തുന്നവര്‍ക്കെങ്കിലും കഴിയേണ്ടിയിരിക്കുന്നു. ഇല്ലെങ്കില്‍ മടങ്ങിപ്പോകുന്നതിന് മുമ്പ് തന്നെ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചിരുന്ന ഒരു സംഘടന പളരുന്നതിന് അവര്‍ക്ക് ദൃക്സാക്ഷികളാകേണ്ടി വരും. ഇരു ഗ്രൂപ്പുകളിലും പരിചയസമ്പന്നരായ നേതാക്കളുടെ ഒരു വന്‍നിര തന്നെ ഉണ്ട് എന്നതിനാല്‍ ഒരു പിളര്‍പ്പുണ്ടായാല്‍ അത് കാര്യമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍