ഫ്ളോറിഡ സംസ്ഥാന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ ഇന്ത്യന്‍ സമൂഹം
Sunday, October 26, 2014 4:27 AM IST
മയാമി: ഫ്ളോറിഡ സംസ്ഥാന തിരഞ്ഞെടുപ്പിന്റെ ആരവം ഒരു ആവേശമായി ഉയര്‍ന്നു പൊങ്ങുമ്പൊള്‍ ഇന്ത്യന്‍ സമൂഹവും തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ മുഖ്യപങ്കുവഹിക്കുന്നു. ഫ്ളോറിഡ സംസ്ഥാനത്തിന്റെ രാഷ്ട്രീയ ചിത്രം എന്നും നിര്‍ണ്ണയിക്കുവാന്‍ കഴിയുന്നത് സൌത്ത് ഫ്ളോറിഡായിലെ മൂന്ന് കൌണ്ടികള്‍ക്കാണ്. മയാമി. ഡേയിസ്, ബ്രോവാര്‍ഡ്, പാംബീച്ച് എന്നീ മൂന്ന് കൌണ്ടികളിലായി രണ്ടായിരത്തിപത്തിലെ സെന്‍സസ് പ്രകാരം അന്‍പതിനായിരം ഇന്ത്യാക്കാരുണ്െടന്നാണ് കണക്കുകള്‍ കാണിയുന്നത്.

എന്നാല്‍ ഇന്ത്യന്‍ സമൂഹത്തിന്റെ വളര്‍ന്നു വരുന്ന മൂന്നാം തലമുറയോടൊപ്പം കഴിഞ്ഞ നാല് പതിറ്റാണ്ടായി സൌത്ത് ഫ്ളോറിഡായിലെ, വിദ്യാഭ്യാസ, തൊഴില്‍, വ്യാപാര, സാമ്പത്തിക സാമൂഹ്യ മേഖലകളില്‍ സജീവസാന്നിദ്ധ്യമറിയിച്ച ഇന്ത്യന്‍ സമൂഹം രാഷ്ട്രീയ ഇഛാശക്തിയില്‍ പിന്നിലായിപ്പോയെങ്കിലും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സിറ്റി, കൌണ്ടി, സ്കൂള്‍ ബോര്‍ഡ് തുടങ്ങിയ തിരഞ്ഞെടുപ്പുകളില്‍ ഇന്ത്യന്‍ സമൂഹത്തോട് സഹകരിക്കുന്ന അമേരിക്കന്‍ സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ട് ഇടപെടുകയും ഇന്ത്യന്‍ സമൂഹത്തിന്റെ ശക്തമായ പിന്‍ബലം കൊണ്ടു തന്നെ ഏതാനും സിറ്റി ഭരണാധികാരികളെ വിജയിപ്പിക്കുവാനും കഴിഞ്ഞിട്ടുണ്ട്. അങ്ങനെ ഇന്ത്യന്‍ സമൂഹത്തിന് ഇന്ന് സൌത്ത് ഫ്ളോറിഡായില്‍ നല്ലൊരു അംഗീകീരവും ലഭിച്ചു കഴിഞ്ഞു.

ഫ്ളോറിഡായിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ശക്തി മനസ്സിലാക്കിയ രാഷ്ട്രീയ നേതൃത്വം ഈ തിരഞ്ഞെടുപ്പില്‍ വളരെ ശ്രദ്ധാപൂര്‍വ്വമാണ് ഇന്ത്യന്‍ സമൂഹത്തെ കൂടെ നിര്‍ത്തുവാന്‍ ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ ഡെമോക്രാറ്റിക് പാര്‍ട്ടി ഗവര്‍ണര്‍ സ്ഥാനാര്‍ത്ഥിയും മുന്‍ഗവര്‍ണറുമായ ചാര്‍ലിക്രിസ്റും, റിപ്പബ്ളിക്കന്‍ പാര്‍ട്ടി ഗവര്‍ണറും സ്ഥാനാര്‍ത്ഥിയുമായ റിസ്ക് സ്കോട്ടും നിരവധി തവണ സൌത്ത് ഫ്ളോറിഡയില്‍ രാഷ്ട്രീയ പ്രചരണത്തിനു വേദി തിരഞ്ഞെടുത്തത്.

ഒക്ടോബര്‍ 19-ന് ഞായറാഴ്ച വൈകുന്നേരം അഞ്ചിന് ഡേവി നഗരത്തിലുള്ള ലോംഗ് ലേയ്ക്ക് റാഞ്ചിലുള്ള കമ്മ്യൂണിറ്റി സെന്ററില്‍ ഫ്ളോറിഡാ അറ്റോര്‍ണി ജനറലായി മത്സരിക്കുന്ന ജോര്‍ജ്ജ് ഷെല്‍ഡനുവേണ്ടി ഇലക്ഷന്‍ ക്യാമ്പേയില്‍ മീറ്റിംഗ് സംഘടിപ്പിച്ചു.

ഡേവി നഗരസഭ അദ്ധ്യക്ഷ ജൂഡി പോളിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ തിരഞ്ഞെടുപ്പ് പ്രചരണയോഗത്തില്‍ ഫ്ളോറിഡ സംസ്ഥാന സീനിയര്‍ സെന്റര്‍ നാന്‍ റിച്ച് സ്ഥാനാര്‍ത്ഥിയെ ഇന്ത്യന്‍ കമ്മ്യൂണിറ്റിക്ക് പരിചയപ്പെടുത്തി. ഫ്ളോറിഡായിലെ സീനിയര്‍ അഭിഭാഷകനും 2008 ലെ ചാര്‍ലി ക്രിസ്റ് ഗവര്‍മെന്റില്‍ ചില്‍ഡ്രന്‍ ആന്റ് ഫാമിലി (ഡി.സി.എഫ്) ന്റെ സെക്രട്ടറിയുമായിരുന്ന അറ്റോര്‍ണി ജനറല്‍ സ്ഥാനാര്‍ത്ഥി ജോര്‍ജ്ജ് ഷെല്‍ഡന്‍ തന്റെ നയങ്ങളും പരിപാടികളും വിശദീകരിച്ചു.

സിറ്റി ഓഫ് പെംബ്രൂക്ക് പൈന്‍സ് വൈസ് മേയര്‍ ഐറീഷ് ഡിപ്പിള്‍ തന്റെ പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ നൈജീരിയന്‍ കമ്മ്യൂണിറ്റിയുടെ ചീഫ് ഇമ്മാനുവേല്‍ ഉപ്പുക്കായി തങ്ങളുടെ സമൂഹത്തിന്റെ നിലപാടും ഉറച്ച പിന്തുണയും വാഗ്ദാനം ചെയ്തു.

ഇന്ത്യന്‍ കമ്മ്യൂണിറ്റിക്കുവേണ്ടി (എ.ഐ.എ) അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോ.പീയൂഷ് അഗര്‍വാള്‍, സിക്ക് സമുദായത്തെ പ്രധിനിധീകരിച്ച് മേജര്‍ പന്ന്യൂ, കേരള സമാജം ഓഫ് സൌത്ത് ഫ്ളോറിഡ സെക്രട്ടറി ഷാര്‍ലെറ്റ് വര്‍ക്ഷീസ്, ഫോക്കാനയെ പ്രധിനിധീകരിച്ച് ട്രസ്റി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ജോര്‍ജ്ജ് വര്‍ഗീസ്, ഫോമാ മുന്‍ റീജനല്‍ വൈസ് പ്രസിഡന്റ് സേവി മാത്യൂ തുടങ്ങിയവര്‍ ഇന്ത്യന്‍ സമൂഹത്തിന്റെ നിലപാട് വിശദമാക്കി.

തുടര്‍ന്ന് സ്ഥാനാര്‍ത്ഥിയോടും മറ്റ് രാഷ്ട്രീയ നേതാക്കളോടുമുള്ള ചോദ്യോത്തര സംവാദമായിരുന്നു. ഇതിന് സണ്ണി തോമസ് നേതൃത്വം നല്കി. ഫ്ളോറിഡ വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങളെക്കുറിച്ച് അദ്ധ്യാപകരെ പ്രധിനിധീകരിച്ച് ആനി കോശിയും, മെഡിക്കല്‍ രംഗത്ത് വരുത്തിയ മാറ്റങ്ങളും മെഡിക്കല്‍ ഇന്‍ഷറന്‍സ് പ്രശ്നങ്ങളെക്കുറിച്ച് എ.കെ.എം.ജി. പ്രസിഡന്റ് ഡോ. സുനില്‍ കുമാറും, സുജിത്ത് ജോണും, പുതിയ ബില്‍ഡിംഗ് നിയമങ്ങളും അതുകൊണ്ടുള്ള പ്രശ്നങ്ങളെക്കുറിച്ച് ബേബി നടയിലും, സാജു വടക്കേലും, ചോദ്യങ്ങള്‍ ചോദിക്കുകയും അറ്റോര്‍ണി ജനറല്‍ സ്ഥാനാര്‍ത്ഥി ഉത്തരം നല്‍കുകയും ചെയ്തു.

ഒക്ടോബര്‍ 20ാം തീയതി തിങ്കളാഴ്ച മുതല്‍ നവംബര്‍ 2ാ-ന് ഞായറാഴ്ച വരെ ഏര്‍ലി വോട്ടിങ്ങ് ആരംഭിക്കുമെന്നും എല്ലാ ദിവസവും രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം ഏഴു വരെയും, ശനി, ഞായര്‍ ദിവസങ്ങളില്‍ ഏഴു മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെയുമാണ് ഏര്‍ലി വോട്ടിങ്ങ് സമയം. ഓരോ കൌണ്ടിയിലും സൌകര്യപ്രഥമായ രീതിയില്‍ ഏര്‍ലി വോട്ടിങ്ങ് സെന്ററുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്െടന്നും ഏവരും തനിക്ക് വോട്ട് ചെയ്യണമെന്നും അഭ്യര്‍ത്ഥിച്ചു.

ഇലക്ഷന്‍ ക്യാമ്പെയിന്‍ മീറ്റിംഗിന്റെ മാസ്റര്‍ ഓഫ് സെറിമണിയായി ജോയി കുറ്റിയായാനിയും ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് (ഐ.എന്‍.ഒ.സി.) വൈസ് പ്രസിഡന്റ് ഡോ. മാമ്മന്‍ സി ജയിക്കബ് നന്ദി പറഞ്ഞു. ഈ പരിപാടിക്ക് ജോമി സക്കറിയാസ്, കുഞ്ഞമ്മ കോശി, സജി സക്കറിയാസ്, ജോര്‍ജ്ജ് നെടുവേലില്‍, ജോബര്‍ണാര്‍സ്, പോള്‍ കുള, മാത്യു മാത്തന്‍, സാമുവേല്‍ തോമസ്, സാജന്‍ മാത്യു, ഷിബു സ്കറിയ, റോബിന്‍ ആന്റണി, ഷിബു ജോസഫ്, ജോര്‍ലിന്‍ ജോസഫ്, മനോജ് ജോര്‍ജ്ജ്, ഏബ്രഹാം ഇല്ലിക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം