സാമൂഹിക തിന്മകള്‍ക്കെതിരെ മുസ്ലിം ലീഗ് നിലപാട് കര്‍ശനമാക്കി: എം.സി മായിന്‍ ഹാജി
Saturday, October 25, 2014 4:28 AM IST
റിയാദ്: സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന അനാചാരങ്ങള്‍ക്കും തിന്മകള്‍ക്കുമെതിരെ ശക്തമായ നിലപാടെടുത്തിരിക്കുകയാണ് മുസ്ലിം ലീഗെന്നും അക്കാര്യത്തില്‍ ബോധവത്കരണ പരിപാടികള്‍ ആരംഭിച്ചെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം.സി മായിന്‍ ഹാജി. റിയാദ് കെഎംസിസി ഓഫീസില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഭാസവും ആര്‍ഭാടവും നിറഞ്ഞു നിന്നിരുന്ന മുസ്ലിം വിവാഹങ്ങള്‍ ലളിത ചടങ്ങുകളിലേക്ക് മാറിത്തുടങ്ങി. ലീഗിന്റെ പ്രഖ്യാപനം കേരളീയ സമൂഹം നെഞ്ചോട് ചേര്‍ത്തു പിടിക്കുന്നതിന്റെ തെളിവാണിത്.

വിവാഹ ധൂര്‍ത്തിനെതിരെയുള്ള ലീഗിന്റെ കാമ്പിയിന് സമൂഹത്തില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ലീഗിന്റെ വിമര്‍ശകര്‍ പോലും ഈ നീക്കത്തിന് പിന്തുണ നല്‍കി. സാമൂഹിക പ്രതിപദ്ധത വിഷയങ്ങളില്‍ ലീഗിന്റെ ഈ ഇടപെടല്‍ വോട്ടു രാഷ്ട്രീയമല്ലെന്നും സാമൂഹിക സാംസ്കാരിക ഉന്നമനമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ജീവകാരുണ്യമേഖലയില്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മാതൃകയായി ലീഗ് മാറിയിരിക്കുന്നു. ബൈതുറഹ്മ പോലുള്ള പദ്ധതികള്‍ നടപ്പാക്കി പാവപ്പെട്ടവന്റെ കണ്ണീരൊപ്പാനും അവന്റെ ദുഃഖങ്ങളില്‍ പങ്കാളിയാകാനും പാര്‍ട്ടിക്ക് സാധിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി പത്തുലക്ഷം വൃക്ഷത്തൈകള്‍ നടുകയും അതു പരിപാലിക്കുകയും ചെയ്തുവരുന്നു.

നാഷണല്‍ ഹൈവേ 45 മീറ്റര്‍ ആക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം കേരളം നടപ്പാക്കുന്നതിനോട് എതിര്‍പ്പില്ലെന്നും എന്നാല്‍ ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് മാര്‍ക്കറ്റ് വില നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ മുസ്ലിം ലീഗ് ഇടപെടും. വികസനത്തിന്റെ പേരില്‍ ആരെയും കുടിയിറക്കുകയോ വഴിയാധാരമാക്കുകയോ ചെയ്യില്ല. അത് യുഡിഎഫിന്റെ നയവുമല്ല. സാമ്പത്തിക പ്രതിസന്ധിയും മറ്റും ലോകത്തെ പിടിച്ചുകുലുക്കിയപ്പോള്‍ ഇന്ത്യ പതറാതെ നിന്നത് പ്രവാസികളുടെ സാമ്പത്തിക പിന്‍ബലത്തിലായിരുന്നു. പ്രവാസികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ എല്ലാ പ്രസ്ഥാനങ്ങളും മുന്നോട്ടുവരണം. മലപ്പുറത്തെ പാസ്പോര്‍ട്ട് ഓഫീസ്, എയര്‍ ഇന്ത്യ ഓഫീസ് എന്നിവ നിര്‍ത്തലാക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണം. യുഡിഎഫ് സര്‍ക്കാര്‍ ഏതെങ്കിലും കുറ്റവാളികള്‍ക്ക് ജയില്‍മോചനം നല്‍കിയിട്ടുണ്െടങ്കില്‍ അത് പോലീസ് റിപ്പോര്‍ട്ട് പരിശോധിച്ച് വിശദമായ അന്വേഷണം നടത്തിയാണെന്നും എന്നാല്‍ അച്യുതാനന്ദന്‍ സര്‍ക്കാര്‍ അതൊന്നും നോക്കാതെയാണ് നിരവധി കുറ്റവാളികളെ ജയില്‍ മോചിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കെഎംസിസി നേതാക്കളായ അഷ്റഫ് വേങ്ങാട്ട്, കുന്നുമ്മല്‍ കോയ, ഷാജി ആലപ്പുഴ, കെ.വി.എ ഗഫൂര്‍, ജലീല്‍ തിരൂര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍