കുവൈറ്റില്‍ വിദേശികള്‍ക്ക് താമസ കാലാവധി പരിമിതപ്പെടുത്തുവാന്‍ വീണ്ടും നീക്കം
Wednesday, October 15, 2014 4:03 AM IST
കുവൈറ്റ് : വിദേശികള്‍ കുവൈറ്റില്‍ താമസിക്കുന്നതിന് പ്രായപരിധി ഏര്‍പ്പെടുത്താന്‍ ആലോചന. ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പാര്‍ലമെന്റ് അംഗം അബ്ദുള്ള അല്‍തെമീനി ലീഗല്‍ കമ്മിറ്റിക്ക് സമര്‍പ്പിച്ചു. ആദ്യം സമര്‍പ്പിച്ച റിപ്പോര്‍ട്ട് കമ്മിറ്റി തള്ളിയിരുന്നു. ഈ സാഹചര്യത്തില്‍ മാറ്റങ്ങള്‍ വരുത്തിയ റിപ്പോര്‍ട്ട് ആണ് ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്നത്.

പുതുതായി സമര്‍പ്പിച്ച നിര്‍ദ്ദേശത്തില്‍ താഴ്ന്നതുമായ പൂര്‍ണ വൈദഗ്ധ്യമില്ലാത്തതുമായ (ലോ ആന്‍ഡ് സെമി സ്കില്‍ഡ്) ജോലികള്‍ ചെയ്യുന്നവര്‍ 50 വയസിന് ശേഷം കുവൈറ്റില്‍ ജോലി ചെയ്യാന്‍ പാടില്ല. ഇത്തരക്കാരായ വിദേശ തൊഴിലാളികള്‍ക്ക് 50 വയസിനു ശേഷം വിസ് പുതുക്കി നല്കുന്നത് കൊണ്ട് നേട്ടമൊന്നിമില്ലെന്നാണ് സമിതിയുടെ കണ്െടത്തല്‍. അതേസമയം, വിദേശികളായ ഡോക്ടര്‍മാര്‍, ഉപദേശകര്‍, സര്‍വ്വകലാശാല പ്രൊഫസര്‍മാര്‍ എന്നിവര്‍ക്ക് 70 വയസു വരെ രാജ്യത്ത് തുടരാവുന്നതാണ്. നേരത്തെ സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളില്‍ പറഞ്ഞിരുന്നതില്‍ നിന്ന് വ്യത്യസ്തമായി അഞ്ചു വര്‍ഷത്തിനു പകരം പത്തു വര്‍ഷമായി കാലാവധി വര്‍ദ്ധിപ്പിച്ചതാണ് പുതിയ നിര്‍ദ്ദേശങ്ങളിലെ പ്രധാനമാറ്റം.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍