പാരമറ്റയില്‍ ആദ്യകുര്‍ബാന സ്വീകരണവും അല്‍ഫോന്‍സാമ്മയുടെ തിരുനാളും ആഘോഷിച്ചു
Tuesday, October 14, 2014 6:56 AM IST
സിഡ്നി: പാരമറ്റയിലെ സീറോ മലബാര്‍ കത്തോലീക്കാ സമൂഹം കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണവും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളും ഒക്ടോബര്‍ 10, 11, 12 തീയതികളില്‍ ആഘോഷിച്ചു.

വെന്റ് വര്‍ത്ത്വില്‍ ഔവര്‍ ലേഡി ഓഫ് മൌണ്ട് കാര്‍മല്‍ ദേവാലയത്തില്‍ ഒക്ടോബര്‍ 10ന് (വെള്ളി) കൊടിയേറ്റോടെ തിരുനാളിന് തുടക്കം കുറിച്ചു.

11ന് (ശനി) സീറോ മലബാര്‍ സഭ മെല്‍ബണ്‍ ബിഷപ് മാര്‍ ബോസ്കോ പുത്തൂരിന് സ്വീകരണം നല്‍കി. തുടര്‍ന്ന് കുട്ടികളുടെയും ആദ്യകുര്‍ബാന സ്വീകരണവും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും നടന്നു. ശുശ്രൂഷകള്‍ക്ക് മാര്‍ ബോസ്കോ പുത്തൂര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. എപ്പിസ്കോപ്പല്‍ വികാരി ഫാ. തോമസ് ആലുക്ക ഫാ. ജോഷി പറപ്പുള്ള, വികാരി ഫാ. ജോബി കടമ്പാട്ടുപറമ്പില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

12ന് (ഞായര്‍) മാര്‍ ബോസ്കോ പുത്തൂരിന്റെ നേതൃത്വത്തില്‍ നടന്ന ആഘോഷ തിരുനാള്‍ കുര്‍ബാനയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും ലദീഞ്ഞും നടന്നു. തുടര്‍ന്ന് തിരുസ്വരൂപം വഹിച്ച് പ്രദക്ഷിണവും നടന്നു. അഞ്ഞൂറോളം വിശ്വാസികള്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പ് ചുംബിച്ച് അനുഗ്രഹം തേടി.

ഈ വര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്തു നടത്തിയത് ജോസഫ് ആന്റണിയും കുടുംബവുമായിരുന്നു. അടുത്ത വര്‍ഷത്തെ തിരുനാള്‍ പ്രസുദേന്തിമാരായി പത്തുപേരെ വാഴിച്ചു.

ഇടവക വികാരി ജോബി കടമ്പാട്ടുപറമ്പില്‍ ഏവര്‍ക്കും നന്ദി പറഞ്ഞു. സ്നേഹവിരുന്നോടെ ചടങ്ങുകള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: ജെയിംസ് ജോസഫ്