ഫിലാഡല്‍ഫിയയില്‍ ഫോമയുടെ അവാര്‍ഡ് നൈറ്റ് ഒക്ടോബര്‍ 18 ന്
Wednesday, October 8, 2014 5:02 AM IST
ഫിലാഡല്‍ഫിയ: ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്ക (ഫോമ) യുടെ 2012-14 ഭരണസമിതിയുടെ അവലോകന സമ്മേളനവും അവാര്‍ഡ് നൈറ്റും ഒക്ടോബര്‍ 18ന് (ശനി) വൈകുന്നേരം അഞ്ചു മുതല്‍ ഒമ്പതു വരെ നോര്‍ത്ത് ഈസ്റ് ഫിലാഡല്‍ഫിയ, റാഡിസണ്‍ ഹോട്ടലില്‍ നടക്കും. പ്രസ്തുത സമ്മേളനത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷക്കാലം ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും അതോടൊപ്പം ഫോമയ്ക്കുവേണ്ടി പല മേഖലകളിലായി കഴിഞ്ഞ രണ്ടു വര്‍ഷം അഹോരാത്രം പ്രവര്‍ത്തിക്കുകയും ഫിലാഡല്‍ഫിയ കണ്‍വന്‍ഷന്‍ വിജയമാക്കുവാന്‍ സഹായിച്ച എല്ലാ ഫോമാ പ്രവര്‍ത്തകരെയും അനുമോദിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

സമ്മേളനത്തില്‍ ഫോമയുടെ സുവനീയറിന്റെ പ്രകാശനവും നടക്കും. ഇതിനായി സുവനീയര്‍ ചെയര്‍മാന്‍ ജെ. മാത്യുസും കമ്മിറ്റി അംഗങ്ങളും അവസാന ഘട്ട മിനുക്ക് പണിയിലാണ്. ഫോമയെ സ്നേഹിക്കുന്ന എല്ലാ അംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു വിജയിപ്പിക്കണമെന്ന് പ്രസിഡന്റ് ജോര്‍ജ് മാത്യുവും സെക്രട്ടറി ഗ്ളാഡ്സണ്‍ വര്‍ഗീസും ട്രഷറര്‍ വര്‍ഗീസ് ഫിലിപ്പും അഭ്യര്‍ഥിച്ചു.

ഒക്ടോബര്‍ 24 ന് മയാമിയില്‍ നടക്കുന്ന പുതിയ ഭരണസമിതിയുടെ പ്രവര്‍ത്തനോദ്ഘാടനത്തിലും പങ്കെടുക്കണമെന്ന് അഭ്യര്‍ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോര്‍ജ് മാത്യു 267 549 1196.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍