ന്യൂയോര്‍ക്കില്‍ ഈദ് ആഘോഷിച്ചു
Wednesday, October 8, 2014 1:31 AM IST
ന്യൂയോര്‍ക്ക്: ലോകമെമ്പാടുമുള്ള മുസ്ളീങ്ങളുടെ ബലിപെരുന്നാള്‍ ആഘോഷങ്ങളോടനുബന്ധിച്ച് ന്യൂയോര്‍ക്കിലും പരിസര പ്രദേശങ്ങളിലുമുള്ള കേരള മുസ്ളീം കുടുംബങ്ങള്‍ കെ.എം.ജിയുടെ ആഭിമുഖ്യത്തില്‍ യോങ്കേഴ്സിലുള്ള ബോംബെ സിസ്ലേഴ്സില്‍ വെച്ച് വമ്പിച്ച രീതിയില്‍ ഈദ് ആഘോഷിച്ചു.

ഈദ് ദിനമായ ഒക്ടോബര്‍ നാലിന് ശനിയാഴ്ച വൈകിട്ട് മഗ്രിബ് പ്രാര്‍ത്ഥനയോടെ തുടങ്ങിയ പരിപാടി വിവിധ കലാപരിപാടികളോടെയാണ് സമാപിച്ചത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക കലാമത്സരങ്ങള്‍ കൂടാതെ പ്രശസ്ത ഗായകനായ തഹ്സീന്‍ മുഹമ്മദ്, സെറീന നിയാസ്, സുഹൈല്‍ ഈസ തുടങ്ങിയവരുടെ ഗാനമേള പരിപാടികള്‍ക്ക് മാറ്റുകൂട്ടി.

അന്‍സവ് കസീം ആയിരുന്നു പരിപാടികളുടെ മോഡറേറ്റര്‍. യു.എ. നസീര്‍ അതിഥികളെ സദസിന് പരിചയപ്പെടുത്തി. ഡോ. അബ്ദുള്‍ അസീസ് പുതുതായി എത്തിയ കുടുംബങ്ങളെ സ്വാഗതം ചെയ്തു. 2015 ഓഗസ്റില്‍ വാഷിംഗ്ടണ്‍ ഡി.സിയില്‍ വെച്ച് നടക്കുന്ന കെ.എം.ജി കുടുംബ സംഗമത്തെക്കുറിച്ച് ഡോ. ഉണ്ണി മൂപ്പന്‍ വിശദീകരിച്ചു. ഡോ. അഹ്മദ് കുട്ടി, ഇസ്മയില്‍ ആലുവ, ഡോ. ലേഖ ശ്രീനവാസന്‍, ഷാജഹാന്‍ മാക്ക് (ഒമാന്‍) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

പരിപാടികള്‍ക്ക് സി.കെ. വീരാന്‍കുട്ടി, ഹനീഷ് എരണിക്കല്‍, മൂസ കുന്നുമ്മല്‍, മുസ്തഫ കമാല്‍, വഹീദ ഷബീര്‍, റസിയ വീരാന്‍കുട്ടി, ഡോ. സെല്‍മ അസീസ്, ഹസീന മൂപ്പന്‍ എന്നിവര്‍ നേതൃത്വം നല്‍കി. വിഭവസമൃദ്ധമായ പെരുന്നാള്‍ സത്കാരത്തിനുശേഷം ദേശീയ ഗാനത്തോടെ രാത്രി 10 മണിക്ക് ഈദ് ആഘോഷങ്ങള്‍ സമാപിച്ചു. യു.എ. നസീര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം