കേഫാക് ഫുട്ബോള്‍ മാമാങ്കത്തിന് തുടക്കം
Thursday, October 2, 2014 6:55 AM IST
കുവൈറ്റ് : കാല്‍പന്ത് കളിയുടെ ആരവവും ആവേശവും പ്രവാസി ലോകത്തിന് പകര്‍ന്ന് നല്‍കികൊണ്ട് ഗ്രാന്‍ഡ് ഹൈപ്പര്‍ സ്പോന്‍സര്‍ ചെയ്യുന്ന കേഫാക് ഫുട്ബോള്‍ സീസണ്‍ 3 മിശ്രിഫ് പബ്ളിക് അഥോറിറ്റി ഫോര്‍ യൂത്ത് ആന്‍ഡ് സ്പോര്‍ട്സ് ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തില്‍ തുടക്കംകുറിച്ചു.

കുവൈറ്റ് അന്താരാഷ്ട്ര താരവും ഗള്‍ഫിലെ പ്രശസ്ത ഫുട്ബാള്‍ കളിക്കാരനുമായ അലി അല്‍ ശമാലിയാണ് കിക്കോഫ് നിവഹിച്ചത്. ലീഗില്‍ അണിനിരക്കുന്ന 18 ടീമുകളുടെ 450 ളം കളിക്കാരും നൂറുകണക്കിന് ഫുട്ബോള്‍ പ്രേമികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന് കേഫാക് ലോഗോ മാതൃകയില്‍ പ്രത്യേകം തയാറാക്കിയ കേക്ക് മുറിച്ചു ലീഗിന്റെ ഔപചാരിക ഉദ്ഘാടനം ഗ്രാന്‍ഡ് ഹൈപ്പര്‍ റിജിയണല്‍ ഡയറക്ടര്‍ അയൂബ് കേച്ചേരി നിര്‍വഹിച്ചു. ടൈസ് സെന്റര്‍ ഡയറക്ടര്‍ എന്‍ജിനിയര്‍ അബ്ദുള്‍ അസീസ് അല്‍ ദുവൈജ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. പ്രസിഡന്റ് അബ്ദുള്ള കാദിരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി വി.എസ് നജീബ് സ്വാഗതവും ഖജാന്‍ജി ജസ്വിന്‍ നന്ദിയും പറഞ്ഞു. ഫൈസല്‍ മഞ്ചേരി, ടി.വി ഹിക്മത്ത്, സാമൂഹ്യ,സാസ്കാരിക മേഖലയിലെ പ്രമുഖര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കഴിഞ്ഞ വിജയകരമായ രണ്ട് സീസണുകളിലും കിടയറ്റ പ്രകടനനങ്ങളായിരുന്നു പങ്കെടുത്ത മുഴുവന്‍ ടീമുകളും കാഴ്ചവച്ചത്. പ്രവാസികളില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കായിക സംസ്കാരം തിരിച്ചുപിടിക്കുന്നതോടപ്പം തന്നെ മികച്ച ടീമിനെയും കളിക്കാരെയും കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടയാണ് ഫുട്ബാള്‍ ലീഗിന് കേഫാക് തുടക്കം കുറിച്ചത്. ലീഗിന്റെ ഭാഗമായി നിരവധി പരിശീലന സംവിധാനങ്ങളും കോച്ചിംഗും കേഫാക് സംഘടിപ്പിക്കാറുണ്ട്. പത്ത് മാസത്തോളം നീണ്ടുനില്‍ക്കുന്ന സീസണ്‍ 3 ല്‍ കുവൈറ്റിലെ പ്രമുഖരായ 18 ടീമുകളാണ് പന്ത് തട്ടാനിറങ്ങുന്നത്. നിലവിലുള്ള ജേതാക്കളായ ഫഹാഹീല്‍ ബ്രദേഴ്സ്, സോക്കര്‍ കേരള, മാക് കുവൈറ്റ്, സിയെസ്കൊ, സിഎഫ്സി സാല്‍മിയ, കേരള സ്ട്രൈക്കേഴ്സ്, മലപ്പുറം ബ്രദേഴ്സ്, കെകെഎസ് സൌത്ത് സുര്‍റ, സ്പാര്‍ക്സ് എഫ്സി, റൌദ ചലഞ്ചേഴ്സ്, ബിഗ് ബോയ്സ്, അല്‍ ശബാബ്, ബ്രദേഴ്സ് കേരള, സില്‍വര്‍ സ്റാര്‍സ്, സ്റാര്‍ ലൈറ്റ് വാരിയേഴ്സ്, ബ്ളാസ്റ്റെര്‍സ് കുവൈറ്റ്, ചാമ്പ്യന്‍സ് എഫ്സി അബാസിയ, യംഗ് ഷൂട്ടേഴ്സ് അബാസിയ എന്നീ ടീമുകള്‍ ഒക്ടോബര്‍ 10 മുതല്‍ കളത്തിലറങ്ങും. എല്ലാ വെള്ളിയാഴ്ചകളിലും വൈകുന്നേരം 4.30 മുതല്‍ ഒമ്പതു വരേയാണ് മല്‍സരങ്ങള്‍.

കാല്‍പന്തുകളിയെ നെഞ്ചേറ്റിയ പ്രവാസി ഫുട്ബാള്‍ പ്രേമികള്‍ക്ക് ആവേശങ്ങളുടെ രാവുകളാണ് കേഫാക് ഫുട്ബാള്‍ മാമാങ്കത്തിലൂടെ ഒരുക്കുന്നത്. കുടുംബ സമേതം മല്‍സരങ്ങള്‍ ആസ്വദിക്കാനുള്ള സൌകര്യമൊരുക്കിയതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 99708812, 99783404.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍