കേരളീയ മത്സരങ്ങളോടെ നവോദയ ഈദ്, ഓണം ആഘോഷം നടത്തി
Tuesday, September 30, 2014 5:34 AM IST
റിയാദ്: നവോദയ ഒരുക്കിയ ഈദ്, ഓണാഘോഷം പരിപാടികളുടെ വൈവിധ്യംകൊണ്ട് ശ്രദ്ധേയമായി. മാവേലി എഴുന്നള്ളത്ത്, പുലികളി, പൂക്കള മത്സരം, മൈലാഞ്ചിയിടല്‍ മത്സരം, ഉറിയടി, തലയണയടി, വടംവലി, തിരുവാതിര, ഓണസദ്യ തുടങ്ങി വിവിധ പരിപാടികളാല്‍ വര്‍ണാഭമായിരുന്നു.

മനോഹരമായ വലിയ പൂക്കളവും ചുണ്ടന്‍വള്ളവുമായി പ്രവേശനകവാടം തന്നെ ആകര്‍ഷകമായിരുന്നു. നിലവിളക്ക് തെളിച്ച് ഈദ്, ഓണം ആഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ബി. ഉദയഭാനു നിര്‍വഹിച്ചു. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി വെവേറെ നടന്ന അത്തപൂക്കള മത്സരത്തില്‍ 12 ടീമുകള്‍ മാറ്റുരച്ചു. പുരുഷന്‍മാരുടെ വിഭാഗത്തില്‍ ബത്ത യൂണിറ്റും സ്ത്രീകളുടെ വിഭാഗത്തില്‍ ന്യൂസനയ യൂണിറ്റും ഒന്നാം സ്ഥാനം സ്വന്തമാക്കി. മൈലാഞ്ചിയിടല്‍ മത്സരത്തില്‍ 13 പേരാണ് പങ്കെടുത്തത്. റസീനയും ഷഹ്ബാനയും യഥാക്രമം ഒന്നും രണ്ടും സമ്മാനങ്ങള്‍ കരസ്ഥമാക്കി. തുടര്‍ന്ന് വിഭവസമൃദ്ധമായ ഓണസദ്യയും നടന്നു.

ഉച്ചകഴിഞ്ഞ് നടന്ന സാംസ്കാരിക സമ്മേളനം നിയാസ് ഉമര്‍ ഉദ്ഘാടനം ചെയ്തു. റോജി മാത്യൂ, ഫൈസല്‍ ഗുരുവായൂര്‍, നസീര്‍ റിയ, ഷിബു പത്തനപുരം, ബാബു എസ്.എം.എസ്, യഹിയ സഫാമക്ക, അബ്ദുള്‍ ഗഫൂര്‍അല്‍ ഹുദാ സ്കൂള്‍, ഉബൈദ് എടവണ്ണ, ബഷീര്‍ പാങ്ങോട് തുടങ്ങിയവര്‍ പ്രസംഗിച്ചു. അന്‍വാസ് സ്വാഗതവും ഷൈജു ചെമ്പൂര് നന്ദിയും പറഞ്ഞു.

നവോദയ ആര്‍ട്സ് അക്കാദമി വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച സംഘഗാനത്തിന് പുറമെ, ഓണപാട്ടുകള്‍, കരടിപ്പാട്ട്, നൃത്തനൃത്യങ്ങള്‍ തുടങ്ങിയ സ്റ്റേജ് ഇനങ്ങളും കുട്ടികള്‍ക്കായുള്ള മത്സരങ്ങളും നടന്നു. നവോദയ മഹിളാസംഘം പ്രവര്‍ത്തകര്‍ അവതരിപ്പിച്ച തിരുവാതിരകളി, മോഡേണ്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച മൈം, കരാട്ടെ അധ്യാപകന്‍ പ്രേമദാസിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ അവതരിപ്പിച്ച കരാട്ടെ പ്രദര്‍ശനം തുടങ്ങിയവയും ആകര്‍ഷകമായി. സക്കീര്‍ മണ്ണാര്‍മലയുടെ നേതൃത്വത്തില്‍ ഗാനമേളയും നടന്നു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍