നരേന്ദ്ര മോദി ഗ്രൌണ്ട് ഗ്രൌണ്ട് സീറോ സന്ദര്‍ശിച്ച് ആദരാജ്ഞലിയര്‍പ്പിച്ചു
Tuesday, September 30, 2014 5:32 AM IST
ന്യൂയോര്‍ക്ക്: അമേരിക്കന്‍ സന്ദര്‍ശനം നടത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബര്‍ 27 ന് (ശനി) ഗ്രൌണ്ട് സീറോ സന്ദര്‍ശിച്ച് സെപ്റ്റംബര്‍ 11 ന് നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ സ്മരണയ്ക്കു മുമ്പില്‍ ആദരാജ്ഞലി അര്‍പ്പിച്ചു.

മോദിയുടെ സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസം ആരംഭിച്ചത് വേള്‍ഡ് ട്രെയ്ഡ് സെന്റര്‍ സന്ദര്‍ശനത്തോടെയായിരുന്നു. അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ എസ്. ജയ്ശങ്കര്‍, എംബസി ഉദ്യോഗസ്ഥര്‍ എന്നിവരോടൊപ്പം എത്തി ചേര്‍ന്ന് പ്രധാനമന്ത്രി ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ പേര്‍ ആലേപനം ചെയ്തിരിക്കുന്ന ഗ്രാനൈറ്റ് സ്ളാബുകളില്‍ റോസാപുഷ്പം സമര്‍പ്പിച്ചതിനുശേഷം കൈകള്‍ കൂപ്പി ധ്യാനനിരതനായി നിന്നതിനുശേഷമാണ് ആദരാജ്ഞലി അര്‍പ്പിച്ചത്.

തുടര്‍ന്ന് 9/11 മ്യൂസിയവും പ്രധാനമന്ത്രി സന്ദര്‍ശിച്ചു. 2977 നിരപരാധികളാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍ 40 പേര്‍ ഇന്ത്യക്കാരായിരുന്നു. മ്യൂസിയം മേയിലാണ് പ്രസിഡന്റ് ഒബാമ ഉദ്ഘാടനം ചെയ്തത്.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍