കാതോലിക്കാ ബാവയും സംഘവും അമേരിക്കന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി കേരളത്തിലേക്ക് മടങ്ങി
Tuesday, September 30, 2014 4:40 AM IST
ന്യൂയോര്‍ക്ക്: മലങ്കര സഭാമക്കള്‍ക്ക് ഈ സഭയോടുള്ള വിധേയത്വവും സ്നേഹവും ഏറ്റുവാങ്ങി പരിശുദ്ധ കാതോലിക്ക ബാവയും സംഘവും 12 ദിവസം നീണ്ടുനിന്ന അമേരിക്കന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി കേരളത്തിലേക്ക് മടങ്ങി. കാതോലിക്ക നിധിശേഖരണവുമായി ബന്ധപ്പെട്ട് മലങ്കര സഭാ മക്കളെ നേരില്‍ കാണുവാനും, അവര്‍ക്ക് സഭയോടുള്ള കൂറും, വിശ്വസ്തതയും, അരക്കിട്ടുറപ്പിക്കുന്നതിനുമായാണ് സഭയുടെ പരമാധ്യക്ഷന്‍ തന്റെ അപ്പോസ്തോലിക സന്ദര്‍ശനത്തിനായി അമേരിക്കയില്‍ എത്തിയത്.

മലങ്കര സഭക്ക് ഒരു കാതൊലിക്കയും ഒരു മലങ്കര മെത്രാപോലീത്തയേ ഉള്ളു. പരിശുദ്ധ മാര്‍ത്തോമാ ശ്ളീഹായുടെ സിംഹാസനത്തില്‍ ആരൂഡനായിരിക്കുന്ന കിഴക്കിന്റെ കാതോലിക്ക പരിശുദ്ധ ബസേലിയോസ് മാര്‍തോമ പൌെലോസ് ദ്വിതീയന്‍ ബാവ. മലങ്കര സഭയുടെ കാതോലിക്ക എന്നത് സഭാ മക്കളുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നവികാരമാണ്. പരിശുദ്ധ കാതോലിക്കാ ബാവ എടുക്കുന്ന ഏത് തീരുമാനവും ഉള്‍കൊള്ളുവാനും, അതേപടി അനുസരിക്കുവാനും മലങ്കര സഭാമക്കള്‍ എന്നും ഒരുക്കമാണ്.

മലങ്കരസഭയുടെ ചരിത്രത്തില്‍ ഇദംപ്രഥമമായിട്ടാണ് പരിശുദ്ധ കാതോലിക്കാ ബാവായും അസോസിയേഷന്‍ സെക്രട്ടറി ഡോ.ജോര്‍ജ് ജോസഫും കാതോലിക്കാ നിധിശേഖരണത്തിന്റെ ഫിനാന്‍സ് എക്സികുട്ടീവ് ഡോ. യൂഹാാന്‍ മാര്‍ ക്രിസോസ്റമോസ് മെത്രാപ്പോലീത്തായും കാതോലിക്കാ നിധിശേഖരണാര്‍ത്ഥം അമേരിക്കന്‍ ഭദ്രാസനങ്ങളില്‍ എത്തിയത്. മലങ്കര സഭയുടെ പരമാദ്ധ്യക്ഷന്‍ നേരിട്ട് ഭദ്രാസന കേന്ദ്രങ്ങളില്‍ എത്തി എല്ലാ വൈദികരെയും ഇടവക സ്ഥാനീയരെയും, സഭാസ്ഹികളായ വിശ്വാസികളെയും അഭിസംബോധന ചെയ്യുകയും സഭയുടെ ഇപ്പൊഴത്തെ പ്രവര്‍ത്തങ്ങള്‍ വിശദീകരിച്ചതിലൂടെ സഭയുടെ അടിസ്ഥാന ഘടകമായ ഇടവകകളും സഭാ കേന്ദ്രവുമായി ഊഷ്മളവും, വൈകാരികവുമായ ഒരു ബന്ധത്തിനു ആക്കം വര്‍ദ്ധിച്ചു

കാലാകാലങ്ങളില്‍ കാതോലിക്കാ ദിനപ്പിരിവിലൂടെയാണ് സഭയുടെ പ്രവര്‍ത്തങ്ങള്‍ക്കു വേണ്ട ധനം സമാഹരിക്കുക. ചെറിയ തുകയില്‍ നിന്നും വലിയ ഒരു നിധി ശേഖരമായി കാതോലിക്കാദിനപ്പിരിവ് വളരുകയും സഭാപ്രവര്‍ത്തങ്ങള്‍ അനുക്രമായി വിപുലീകരിക്കപ്പെടുകയും ചെയ്തു. 2007ല്‍ 1.15 കോടി രൂപയാണ് കാതോലിക്കാ ദിനപ്പിരിവിലൂടെ സഭയ്ക്ക് ലഭിച്ചതെങ്കില്‍ 2014 ആയപ്പോള്‍ അത് 10 കോടി രൂപയായി വര്‍ദ്ധിച്ചു. അവികസിത പള്ളികള്‍ക്ക് സഹായം, അവികസിത ഭദ്രാസനങ്ങള്‍ക്കുള്ള സഹായം,ഭവന നിര്‍മ്മാണം, കര്‍ഷക സഹായം, വിവാഹ സഹായം, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സഭാംഗങ്ങള്‍ക്കായി ആരോഗ്യ ഇന്‍ഷ്വറന്‍സ് പരിരക്ഷ, കുട്ടികള്‍ക്കുള്ള ലോണ്‍ സ്കോളര്‍ഷിപ്പ് തുടങ്ങിയ ക്ഷേമ പദ്ധതികളും തുടങ്ങി സഭയുടെ വളര്‍ച്ചക്ക് ആവശ്യമായ തുക കണ്െടത്തുന്നത് കാതോലിക്കാ ദിനശേഘരണത്തിലൂടെയാണ്.

ആധുനിക കാലഘട്ടത്തിലെ പുതിയ വെല്ലുവിളികളെ ഏറ്റെടുത്ത് കാലഘട്ടത്തിന്റെ ചുവരെഴുത്തുകള്‍ വായിക്കുവാനുള്ള ധാര്‍മ്മിക ഉത്തരവാദിത്വം സഭാ നേതൃത്വം സഭ ഏറ്റെടുത്തു എന്ന സഭാ മക്കളുടെ ബോധ്യമാണ് ഇപ്രകാരമുള്ള വളര്‍ച്ചക്ക് കാരണമായത്. ആര്‍ജ്ജവമുള്ള എപ്പ്സ്ക്കോപ്പസിയും, പൌെരോഹിത്യവും, ഉദാത്തമായ അത്മായ നേതൃത്വവും ഇന്നിന്റെ സഭയുടെ അക്ഷയ നിധിയാണ്. ഈ കാലഘട്ടത്തില്‍ സാമൂഹികരാഷ്ട്രീയ തലങ്ങളില്‍ മലങ്കര സഭയുടെ നിലപാടുകള്‍ നിര്‍ണ്ണായകമാണ്. പരിസ്ഥിതിയുടെ നിലില്‍പ്പിനും, സാമൂഹിക നീതിയുടെ പരിരക്ഷയ്ക്കും ദേശീയഅന്തര്‍ദേശീയ തലത്തില്‍ മലങ്കര സഭയ്ക്ക് പുതിയ മാനങ്ങള്‍ കണ്െടത്തേണ്ടതുണ്ട്. വരും കാലങ്ങളില്‍ സമുദായം എന്ന നിലയില്‍ മലങ്കര സഭാ മക്കള്‍ക്ക് അഭിമാനകരമായ നിരവധി കര്‍മ്മ പദ്ധതികള്‍ക്കാണ് സഭ രൂപം കൊടുത്തുകൊണ്ടിരിക്കുന്നത്. ഇവിടെ സഭാ തൃേത്വവും, വിശ്വാസികളും കൈകോര്‍ത്താല്‍ വന്‍കാര്യങ്ങള്‍ സാധ്യമാകും എന്ന ബോധ്യമാണ് അമേരിക്കയില്‍ ഇപ്പോള്‍ സംഭവിക്കുന്ന ഈ അപ്പോസ്തോലിക സന്ദര്‍ശനം വന്‍ വിജയമാകുവാനുള്ള കാരണം.

ആടുകളെ തേടുന്ന ഇടയനും ഇടയന്റെ വാക്കുകള്‍ക്ക് കാതോര്‍ക്കുന്ന ആടുകളും ഒരു വൈകാരിക ബന്ധത്തെയാണ് സൂചിപ്പിക്കുന്നത്. ആടുകളിലേക്ക് ഇറങ്ങി വന്ന ഇടയനുമായി ആടുകള്‍ ഇടപഴകുന്ന ഒരു അസുലഭ സന്ദര്‍ഭമായി അമേരിക്കയിലെ രണ്ടു ഭദ്രാസനങ്ങളിലെയും സമ്മേളനങ്ങള്‍ അക്ഷരാര്‍ഥത്തില്‍ കാരണമായി. അടിസ്ഥാനതലത്തിലേക്ക് കടന്നു വരാന്‍ പരിശുദ്ധ ബസേലിയോസ് മര്‍ത്തോമ്മാ പൌെലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരുമസുകൊണ്ട് കാട്ടിയ ഹൃദയ വിശാലതയും, അതിനായി ഇടവക മെത്രാപ്പോലീത്താമാര്‍ കാട്ടുന്ന ശുഷ്ക്കാന്തിയും വൈദികര്‍ കാട്ടുന്ന നിസ്വാര്‍ത്ഥമായ സഹകരണവും വിശ്വാസികളുടെ ഉത്സാഹവും പ്രത്യേകം അഭിനന്ഥനാര്‍ഹമാണെന്ന് പരിശുദ്ധ കാതോലിക്ക ബാവ അനുസ്മരിച്ചു. കാതോലിക്കാ നിധിശേഖരം പൂര്‍ണ്ണ നിലയില്‍ ഉള്‍ക്കൊണ്ട ഇടവകകളെ പ്രത്യേകമായി ശ്ളാഹിക്കുന്നതായി പരിശുദ്ധ കാതോലിക്ക ബാവ പറഞ്ഞു.

റിപ്പോര്‍ട്ട്: ജോണ്‍സണ്‍ പുഞ്ചക്കോണം