ഫുജൈറ കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഈദ്-ഓണം ആഘോഷിച്ചു
Monday, September 29, 2014 6:19 AM IST
ഫുജൈറ: കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഫുജൈറയുടെ ഈദ്-ഓണം 2014 വിവിധ പരിപാടികളോടെ ആഘോഷിച്ചു.

സെപ്റ്റംബര്‍ 26ന് (വെള്ളി) രാവിലെ അത്തപൂക്കളമൊരുക്കി. തുടര്‍ന്ന് ഫുജൈറ ഇന്ത്യന്‍ സ്കൂളില്‍ നടന്ന വിഭവസമൃദ്ധമായ ഓണസദ്യയില്‍ അറുനൂറില്‍പരം ആളുകള്‍ പങ്കെടുത്തു.

വൈകുന്നേരം ഫുജൈറ നാഷണല്‍ തീയേറ്ററില്‍ നടന്ന ഈദ്-ഓണം ആഘോഷങ്ങള്‍ ഘോഷയാത്രയോടുകൂടി ആരംഭിച്ചു. യൂണിറ്റ് പ്രസിഡന്റ് സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന് ഉദ്ഘാടന സമ്മേളനത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ലേബര്‍ ആന്‍ഡ് വെല്‍ഫെയര്‍ വൈസ് കൌണ്‍സിലര്‍ പി. മോഹനന്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.

ഫുജൈറ ദിവാന്‍ ഫിനാന്‍സ് ഡയറക്ടര്‍ അലി താജ്ലി വിശിഷ്ടാഥിതിയായിരുന്നു. ഐഎസ് സി ഫുജൈറ അഡ്വൈസര്‍ വേദമൂര്‍ത്തി, കൈരളി കേന്ദ്രകമ്മിറ്റി പ്രസിഡന്റ് പി.എം അഷ്റഫ്, സെക്രട്ടറി സന്തോഷ് കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സി.കെ ലാന്‍ സ്വാഗതവും എ. അനീഷ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് തിരുവാതിര, ഒപ്പന, നൃത്തങ്ങള്‍, ഗാനങ്ങള്‍, ശിങ്കാരിമേളം, നൃത്തസംഗീതശില്‍പ്പം ഉള്‍പ്പെടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.