കാതോലിക്കാ ബാവായ്ക്ക് ഓര്‍ലാന്റോ വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം
Thursday, September 25, 2014 5:59 AM IST
ഫ്ളോറിഡ: ഓര്‍ലാന്റോ സെന്റ് മേരീസ് ഓത്തഡോക്സ് ദേവാലയ കൂദാശയോടനുബന്ധിച്ച് ഒര്‍ലാന്റൊയിലെത്തിയ മലങ്കരസഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മര്‍ത്തോമ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായ്ക്ക് ഓര്‍ലാന്റോ വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി.

വൈകിട്ട് അഞ്ചിന് കാതോലിക്കാ ബാവായെയും ഭദ്രാസനാധ്യക്ഷന്‍ അലക്സിയോസ് മാര്‍ യൌസേബിയോസ് മെത്രാപോലീത്തായെയും ഓര്‍ലാന്റോ സെന്റ് മേരീസ് ഓത്തഡോക്സ് ദേവാലയ കവാടത്തില്‍ വമ്പിച്ച വരവേല്‍പ്പ് നല്‍കി. ആറിന് സന്ധ്യാ നമസ്കാരത്തോടെ കൂദാശയുടെ ഒന്നാം ഭാഗം പൂര്‍ത്തിയാക്കി.

ദേവാലയത്തിന്റെ താക്കോല്‍ അലക്സ് അലക്സാണ്ടര്‍ മലങ്കരസഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ കാതോലിക്ക ബാവയ്ക്ക് സമര്‍പ്പിച്ചു.

വ്യാഴാഴ്ച വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം നടക്കുന്ന സല്‍ക്കാരത്തില്‍ അലക്സിയോസ് മാര്‍ യൌസേബിയോസ് മെത്രാപോലീത്താ അധ്യക്ഷത വഹിക്കും. പൊതുസമ്മേളനം പരിശുദ്ധ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. സഭാ സെക്രട്ടറി ഡോ.ജോര്‍ജ് ജോസഫ്, വൈദികര്‍, മലങ്കര സഭാ മാനേജിഗ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും.

ഇതോടെ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സൌത്ത് വെസ്റ് അമേരിക്കന്‍ ഭദ്രാസനത്തില്‍പ്പെട്ട ഫ്ളോറിഡയിലെ ഒര്‍ലാന്റോ നഗര ഹൃദയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ നാമത്തില്‍ മലങ്കര സഭക്ക് പുതിയൊരു ദേവാലയം സ്വന്തമാകും. നഗരപാശ്ചാത്തലത്തിന്റെ മനോഹാരിതയില്‍ ഏകദേശം 78 സെന്റിലാണ് മനോഹരമായ ദേവാലയവും ഓഡിറ്റോറിയവും സ്ഥിതി ചെയ്യുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം (വികാരി) 678 342 0246, അലക്സ് അലക്സാണ്ടര്‍ (കൂദാശാ കമ്മിറ്റി കണ്‍വീനര്‍) 417 299 8136.