കാലിക്കട്ട് ഫെസ്റ് സമാപനം വെള്ളിയാഴ്ച; എം.കെ രാഘവന്‍ എംപി മുഖ്യാതിഥി
Tuesday, September 23, 2014 7:48 AM IST
റിയാദ്: ഒഐസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കാലിക്കട്ട് ഫെസ്റിന്റെ സമാപന സമ്മേളനം വെള്ളി വൈകുന്നേരം ഏഴു മുതല്‍ അല്‍ ഖസീം റോഡിലുള്ള അല്‍ വാഹ ഓഡിറ്റോറിയത്തില്‍ വിവിധ പരിപാടികളോടെ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കോഴിക്കോട് എംപിയും കോണ്‍ഗ്രസ് നേതാവുമായ എം.കെ രാഘവന്‍ മുഖ്യാതിഥിയായിരിക്കും. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും ഫെസ്റിനോടനുബന്ധിച്ച് നടന്ന വിവിധ കലാ മത്സരങ്ങളുടെ വിജയികള്‍ക്കുള്ള സമ്മാനദാനവും എം.കെ രാഘവന്‍ നിര്‍വഹിക്കും. സമ്മേളനത്തില്‍ കെഎംസിസി നേതാവും ജില്ലയില്‍ നിന്നുള്ള പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനുമായ അര്‍ഷുല്‍ അഹമ്മദിന് സാമൂഹ്യ പ്രതിബദ്ധതാ പുരസ്കാരം നല്‍കി ആദരിക്കുമെന്നും സംഘാടകര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷങ്ങളില്‍ റിയാദിലെ പ്രവാസി സമൂഹത്തിനിടയില്‍ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ള ഒഐസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് അര്‍ശുല്‍ അഹമ്മദില്‍ നിന്നും നിറഞ്ഞ പിന്തുണയും സഹകരണവും ലഭിച്ചിട്ടുണ്െടന്ന് നിലവിലെ പ്രസിഡന്റ് മുനീര്‍ കോക്കല്ലൂര്‍ പറഞ്ഞു.

കാലിക്കട്ട് ഫെസ്റില്‍ ഒഐസിസിയുടെ വിവിധ ജില്ലാ പ്രസിഡന്റുമാരേയും ആദരിക്കും. സാംസ്കാരിക സമ്മേളനത്തിനുശേഷം മാപ്പിളപാട്ട് ഗായകനായ ആബിദ് കണ്ണൂര്‍, കരീം മാവൂര്‍, ജിന്‍ഷ ഹരിദാസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഗാനമേളയും മലബാറിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന വിവിധ കലാപരിപാടികളുമുണ്ടായിരിക്കുമെന്നും സംഘാടകര്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ നവാസ് വെള്ളിമാടുകുന്ന്, അസീസ് കോഴിക്കോട്, മുനീര്‍ കോക്കല്ലൂര്‍, ശഫീഖ് കിനാലൂര്‍, ഷൌക്കത്ത് പന്നിക്കോട് എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍