കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിയുടെ ഓണാഘോഷം വര്‍ണാഭമായി
Tuesday, September 23, 2014 4:53 AM IST
ന്യൂജേഴ്സി: കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിയുടെ (കാന്‍ജ്) ഓണാഘോഷ ചടങ്ങുകള്‍ അമേരിക്കന്‍ മലയാളികള്‍ക്ക് എന്തു കൊണ്ടും ഒരു പുതിയ അനുഭവമായി. അമേരിക്കയിലെ ഏറ്റവും വലിയ ഓണഘോഷചടങ്ങില്‍ പങ്കെടുത്ത ആയിരക്കണക്കിന് മലയാളികള്‍ ദൈവത്തിന്റെ സ്വന്തം നാടിന്റെ സ്വന്തം ആഘോഷമായ ഓണം ഒരിക്കലും മറക്കാനാവാത്ത അനുഭവമാക്കി മാറ്റി.

അമേരിക്കയിലെ മലയാളി കൂട്ടായ്മകളില്‍ 34 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള കാന്‍ജിനു എല്ലാവരെയും ഒരേ കുടക്കീഴില്‍ അണി നിരത്താന്‍ എന്നും സാധിക്കുന്നു എന്നതിന് ഒഴുകിയെത്തിയ ജനാവലി ഒരു ഉദാഹരണമായി.

നോര്‍ത്ത് ബ്രോന്‍സ്വിക് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ സെപ്റ്റംബര്‍ 14 ന് (ഞായര്‍) നടന്ന ചടങ്ങുകളില്‍ പഞ്ചവാദ്യ മേളങ്ങളുടേയും താലപൊലിയേന്തിയ യുവതികളുടെയും ബാലികമാരുടേയും അകമ്പടിയോടെ നടന്ന മാവേലി മന്നന്റെ എഴുന്നെള്ളത്ത് തികച്ചും മലയാളിയുടെ പാരമ്പര്യത്തിന്റെ ഒരു ഓര്‍മ പുതുക്കല്‍ ആയി മാറി.

നന്ദിനി മേനോന്‍, രേഖ മേനോന്‍, തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഒരുക്കിയ അത്തപുക്കളം, സിത്താര്‍ പാലസ് ഒരുക്കിയ രുചികരമായ ഓണസദ്യ, റോഷിന്‍ മാമ്മന്റെ നേതൃത്വത്തില്‍ നടന്ന പഞ്ചവാദ്യമേളം എന്നിവ മലയാളിയുടെ മനസിലേക്ക് അതുപോലെ തന്നെ പുതുതലമുറയുടെ ഓര്‍മകളിലേക്ക് ഒരു മറക്കാനാകാത്ത ഒരു ഓണം സമ്മാനിച്ചു.

ആര്‍പ്പുവിളികളോടെ എഴുന്നെള്ളി എത്തിയ മാവേലി മന്നന്റെ സാന്നിധ്യത്തില്‍ കാന്‍ജ് പ്രസിഡന്റ് ജെ. പണിക്കര്‍, ട്രസ്റി ബോര്‍ഡ് ചെയര്‍ പേഴ്സണ്‍ ഷീല ശ്രീകുമാര്‍, മുഖ്യാതിഥി ന്യൂജേഴ്സി ഡപ്യുട്ടി സ്പീക്കര്‍ ഉപേന്ദ്ര ചിവിക്കുള, സെക്രട്ടറി അനില്‍ പുത്തന്‍ചിറ, ട്രഷറര്‍ ജെയിംസ് ജോര്‍ജ്, ഓണം പ്രോഗ്രാം കണ്‍വീനര്‍ സ്വപ്ന രാജേഷ് എന്നിവര്‍ സംയുക്തമായി നിലവിളക്ക് തെളിച്ച് കാന്‍ജ് 2014 ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു.

നിയുക്ത ഫോമ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍, ദിലീപ് വര്‍ഗീസ്, ഫോമ മുന്‍ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, നിയുക്ത ഫോമ റീജിയണല്‍ വൈസ് പ്രസിഡന്റ് ജിബി തോമസ്, നിയുക്ത ഫോമ ജനറല്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡ്, നിയുക്ത ഫോമ ജോയിന്റ് സെക്രട്ടറി സ്റാന്‍ലി കളത്തില്‍ തുടങ്ങി അനേകം വിശിഷ്ട വ്യക്തികള്‍ ചടങ്ങിനു സാക്ഷ്യം വഹിച്ചു.

ഓണം കണ്‍വീനര്‍ സ്വപ്ന രാജേഷ് ഏവരേയും ഓണഘോഷത്തിലേക്ക് സ്വാഗതം ചെയ്തു. തുടര്‍ന്ന് പ്രസിഡന്റ് ജെ. പണിക്കര്‍, സെക്രട്ടറി അനില്‍ പുത്തന്‍ചിറ എന്നിവര്‍ വേദിയെ അഭിസംബോധന ചെയ്തു സംസാരിച്ചു.

സുമ നായര്‍ ആന്‍ഡ് ടീം അവതരിപ്പിച്ച ഗാനവും റുത്ത് സഖറിയ, വര്‍ഷ എന്നിവര്‍ ആലപിച്ച ദേശിയ ഗാനവും വളരെ ശ്രദ്ധേയമായി. മാലിനി നായര്‍ നേതൃത്വം കൊടുത്ത തിരുവാതിരക്കളി ഹൃദ്യമായ ഒരു അനുഭവമായി. 'കാന്‍ജ് ഗോട്ട് ടാലന്റ്' എന്ന പ്രോഗ്രാമിലൂടെ നിരവധി പരിപാടികള്‍ അരങ്ങേറി.

അക്കരക്കാഴ്ച്ചകള്‍ ടീം അവതരിപ്പിച്ച ലഘു നാടകം, ഷാജി എഡ്വേര്‍ഡ്,ജോസ് ഏബ്രഹാം തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടത്തിയ ലഘു നാടകം തുടങ്ങി എല്ലാവരും വളരെ മികവു പുലര്‍ത്തി.

ഫോമ 2014 കലാതിലകം സോഫിയ ചിറയിലിനെ ആദരിക്കുന്ന ചടങ്ങില്‍ നിയുക്ത ഫോമ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍, ഫോമ മുന്‍ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, നിയുക്ത ഫോമ റീജിയണല്‍ വൈസ് പ്രസിഡന്റ് ജിബി തോമസ്, നിയുക്ത ഫോമ ജനറല്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡ്, നിയുക്ത ഫോമ ജോയിന്റ് സെക്രട്ടറി സ്റാന്‍ലി കളത്തില്‍, ആനി ജോര്‍ജ് തുടങ്ങി അനേകം വിശിഷ്ട വ്യക്തികള്‍ പങ്കെടുത്തു.

മയുര സ്കൂള്‍ ഓഫ് ഡാന്‍സ് അവതരിപ്പിച്ച ഈ വര്‍ഷത്തെ ഏറ്റവും പുതിയ പ്രൊഡക്ഷന്‍ 'ആന്‍സിയന്റ് മദര്‍' എന്ന നൃത്ത ശില്‍പം ആയിരുന്നു ഇത്തവണത്തെ കാന്‍ജ് ഓണാഘോഷത്തിന്റെ പ്രധാന ആകര്‍ഷണം. ഹരികുമാര്‍ രാജന്റെ നേതൃത്വത്തില്‍ ബിന്ദ്യ പ്രസാദ് ആന്‍ഡ് ടീമിന്റെ നൃത്താവതരണം. മയുര സ്കൂള്‍ ഓഫ് ഡാന്‍സിന് ജനഹൃദയങ്ങളില്‍ വലിയ സ്ഥാനം ആണ് നേടിക്കൊടുത്തത്. പ്രകൃതിയെ സംരക്ഷിക്കണം അതിനെ സ്നേഹിക്കണം എന്നുള്ള ഒരു വലിയ മെസേജ് കാണികളിലെത്തിക്കുവാന്‍ മയുരക്ക് കഴിഞ്ഞു.

ലയ്സി അലക്സിന്റെ നേതൃത്വത്തില്‍ ഫൊക്കാന അംഗങ്ങളും കാന്‍ജിന്റെ ഓണാഘോഷ ചടങ്ങുകളില്‍ പങ്കെടുത്തു.

കാന്‍ജ് ഓണാഘോഷത്തിനുവേണ്ടി രാജന്‍ ചീരന്‍ അണിയിച്ചൊരുക്കിയ മിത്രാസ് മ്യൂസിക്കല്‍ നൈറ്റ് ഫ്രാങ്കോ ശാലിനി തുടങ്ങിയ പ്രശസ്ത ഗായകര്‍ അവിസ്മരണീയമാക്കി.

ആയിരത്തിലധികം വരുന്ന അതിഥികള്‍ക്ക് ഒരുക്കിയ രുചികരമായ ഓണസദ്യക്ക് ഫുഡ് കമ്മിറ്റി അംഗങ്ങളായ അബ്ദുള്ള സൈദ്, സണ്ണി കുരിശും മൂട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

സജി പോള്‍, സണ്ണി വാലിപ്ളാക്കല്‍, സിറിയക് കുര്യന്‍, രുഗ്മിണി പദ്മകുമാര്‍, അമ്മു ഫിലിപ്പ്, സോബിന്‍ ചാക്കോ, ജയന്‍ എം. ജോസഫ്, ജോസഫ് ഇടിക്കുള, ദീപ്തി നായര്‍, ജെയിംസ് മുക്കാടന്‍ തുടങ്ങിയവര്‍ ആഘോഷ നടത്തിപ്പിനായി അണിയറയില്‍ പ്രവര്‍ത്തിച്ചു. കോണ്‍ഫിഡന്റ് ഗ്രൂപ്പിനുവേണ്ടി റോബിന്‍ കടവന്‍ ചടങ്ങില്‍ പങ്കെടുത്തു. ജയിംസ് ജോര്‍ജ് ഏവര്‍ക്കും നന്ദി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസിനുവേണ്ടി റീജിയണല്‍ ഡയറക്ടര്‍ രാജു പള്ളത്ത്, ന്യൂസ് ഡയറക്ടര്‍ കൃഷ്ണ കിഷോര്‍, കാമറ ഷിജോ പൌലോസ്

മലയാളം ഐപി ടിവിക്കുവേണ്ടി സുനില്‍ ട്രൈസ്റാര്‍. കാമറ സോജി, ടൈംലൈന്‍ സോബിന്‍ ജോണ്‍ മാര്‍ട്ടിന്‍, സംഗമം ന്യൂസ് എന്നിവര്‍ ചടങ്ങുകളില്‍ മലയാളം മീഡിയ സാന്നിധ്യമായി.

റിപ്പോര്‍ട്ട്: ജോസഫ് ഇടിക്കുള