ബലിപെരുന്നാള്‍: സിവില്‍ സര്‍വീസ് കമ്മീഷന്റെ നിര്‍ദ്ദേശം സര്‍ക്കാര്‍ അംഗീകരിച്ചു
Tuesday, September 23, 2014 4:48 AM IST
കുവൈറ്റ്: ബലിപെരുന്നാളിന് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്കൂളുകള്‍ക്കും ഒമ്പത് ദിവസം അവധി ലഭിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഒക്ടോബര്‍ മൂന്നിന് (വെള്ളി) മുതല്‍ ഒക്ടോബര്‍ 11 ന് (ശനി) വരെയാണ് അവധി. ഇതനുസരിച്ച് ഒക്ടോബര്‍ രണ്ടിന് (വ്യാഴം) അടയ്ക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പെരുന്നാള്‍ അവധി കഴിഞ്ഞ് 12 ന് (ഞായര്‍) ആയിരിക്കും തുറന്നു പ്രവര്‍ത്തിക്കുക.

കുറെ ദിവസങ്ങളായി ഉണ്ടായ അനിശ്ചിതങ്ങള്‍ക്കൊടുവിലാണ് മന്ത്രിസഭ ഇതുസംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊണ്ടത്. ഒക്ടോബര്‍ മൂന്ന് (വെള്ളി) മുതല്‍ ചൊവ്വാഴ്ചവരെ അഞ്ചു ദിവസങ്ങളാണ് പെരുന്നാള്‍ അവധിയായി നേരത്തെ അപ്രഖ്യാപിത തീരുമാനം ഉണ്ടായിരുന്നത്. എന്നാല്‍ പെരുന്നാള്‍ അവധികള്‍ക്കും വാരാന്ത്യ അവധിക്കും ഇടയില്‍വരുന്ന ദിവസമായതുകൊണ്ട് ഒക്ടോബര്‍ എട്ട്, ഒമ്പത് ദിവസങ്ങള്‍ വിശ്രമ ദിനങ്ങളായി പ്രഖ്യാപിക്കണമെന്ന് സിവില്‍ സര്‍വീസ് കമ്മീഷന്‍ മന്ത്രിസഭയോട് ആവശ്യപ്പെടുകയായിരുന്നു. കമ്മീഷന്റെ നിര്‍ദേശം പരിഗണിച്ചാണ് മന്ത്രിസഭ ഇപ്പോള്‍ പെരുന്നാള്‍ അവധി ഒമ്പത് ദിവസങ്ങളായി തീരുമാനിച്ചത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍