സൌദി ദേശീയ ദിനം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Tuesday, September 23, 2014 4:47 AM IST
ദമാം: സൌദി അറേബ്യയുടെ 84-#ാമത് ദേശീയ ദിനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി നാടും നഗരവും പച്ചകൊടികളും തോരണങ്ങളുമായി അണിയിച്ചൊരുക്കിയിട്ടുണ്ട്. വര്‍ണാഭമായ പലപരിപാടികളാണ് ആഘോഷത്തിന്റെ ഭാഗമായി വിവിധയിടങ്ങളില്‍ തയാറാക്കിയിട്ടുള്ളത്.

ജിദ്ദ പട്ടണത്തില്‍ മൂവായിരം പതാകകളും ആയിരം ബോഡുകളും ആഘോഷത്തിന്റ ഭാഗമായി സ്ഥാപിച്ചിട്ടുണ്ട്. ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ലോകത്തിലെതന്നെ ഏറ്റവും വലിയ പതാക സ്ഥാപിക്കുമെന്ന് ജിദ്ദ നഗരസഭ അറിയിച്ചു. ആഘോഷത്തിന്റെ ഭാഗമായി ജിദ്ദ കോര്‍ണിഷില്‍ അല്‍ സഖാലയില്‍ ചൊവ്വ വൈകുന്നേരം കരിമരുന്ന് പ്രയോഗം നടക്കും.

റിയാദില്‍ എട്ടിടങ്ങളിലാണ് പരിപാടികള്‍ അരങ്ങേറുക. റിയാദിലെ മലസില്‍ സൈനിക വിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും പ്രദര്‍ശന പരിപാടികള്‍ അരങ്ങേറും. വിവിധ കാഴ്ചകളും രാജ്യത്തിന്റെ ചരിത്രം വിളിച്ചറിയിക്കുന്ന പ്രദര്‍ശന പരിപാടികളും നടക്കും. റിയാദില്‍ ഗതാഗതം നിയന്ത്രിക്കുന്നതിനായി 850 ട്രാഫിക് പോലീസുകാരും സുരക്ഷക്കായി 100 പോലീസുകാരേയും നിയമിച്ചിട്ടുണ്ട്. മതകാര്യ വകുപ്പിന്റെ നൂറുകണക്കിന് ഉദ്യോഗസ്ഥരും രംഗത്തുണ്ടാവും.

ദേശീയ ദിനത്തോടനുബന്ധിച്ച് ദമാമിലും അല്‍കോബാറിലും പരിപാടികള്‍ സംഘടിപ്പിക്കും. പരിപാടിയുടെ ഭാഗമായി സൈറ്റകില്‍ സൌദി അറേബ്യയുടെ ചരിത്രം വ്യക്തമാക്കുന്ന പരിപാടിയോടൊപ്പം സൈനിക വിമാനങ്ങളുടെ പ്രദര്‍ശനവും നടക്കും. പരിപാടി കിഴക്കന്‍ പ്രവിശ്യ ഗവര്‍ണര്‍ സൌദ് ബിന്‍ നായിഫ് രാജകുമാരന്‍ ഉദ്ഘാടനം ചെയ്യും.

അല്‍ബാഹയില്‍ ആഘോഷപരിപാടികള്‍ അല്‍ ബാഹ് ഗവര്‍ണര്‍ മഷാരിബിന്‍ സൌദ് രാജകുമാരന്‍ ഉദ്ഘാടനം ചെയ്യും. അല്‍ബാഹയില്‍ 7200 അടി ഉയരത്തില്‍ സൌദിയുടെ പതാക സ്ഥാപിക്കും. സ്കൂള്‍ വിദ്യാര്‍ഥികളുടെ സ്കൌട്ട് പരേഡ് ഉള്‍പ്പെടെയുള്ള വിവിധ പരിപാടികള്‍ അരങ്ങേറും.

സൌദി ഭരണാധികാരിയായ അബ്ദുള്ള രാജാവിന്റെ കീഴില്‍ രാജ്യം ഐശ്വര്യത്തിലും സുരക്ഷതയിലും മുന്നോട്ട് കുതിക്കുകയാണെന്ന് സൌദി കിരീടാവകാശി സല്‍മാന്‍ രാജകുമാരന്‍ പ്രസ്താവിച്ചു. മേഖലയിലേയും ലോകത്തിന്റെ ഐശ്വര്യത്തിനും സമാധാനത്തിനുമായി തങ്ങള്‍ നിലകൊള്ളുമെന്ന് ദേശീയ ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രസ്താവനയില്‍ അദ്ദേഹം വ്യക്തമാക്കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം