മൂന്ന് ദിവസത്തിനകം വിറ്റഴിഞ്ഞത് 10 മില്യണ്‍ ഐ ഫോണുകള്‍
Tuesday, September 23, 2014 4:46 AM IST
ന്യൂയോര്‍ക്ക്: പുതിയ ആപ്പിള്‍ ഐ ഫോണുകള്‍ വിപണയില്‍ വില്‍പ്പന ആരംഭിച്ച് മൂന്ന് ദിവസത്തിനകം 10 മില്യണ്‍ ഫോണുകളാണ് വിറ്റഴിഞ്ഞതെന്ന് ആപ്പിള്‍ കമ്പനി സെപ്റ്റംബര്‍ 22 ന് (തിങ്കള്‍) പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നു. ഇതു എക്കാലത്തേയും റിക്കാര്‍ഡ് വില്‍പ്പനയാണ്.

ഐഫോണ്‍ 6 , ഐ ഫോണ്‍ 6 പ്ളസ് എന്നിവയാണ് പുതിയതായി ആപ്പിള്‍ മാര്‍ക്കറ്റില്‍ വില്‍പ്പനയ്ക്കായി എത്തിച്ചത്. യഥാക്രമം 4.7 ഇഞ്ചും 5.5 ഇഞ്ചും വലിപ്പമുളള സ്ക്രീനാണ് ടെലഫോണ്‍ പ്രേമികളെ ഇത് വാങ്ങാന്‍ പ്രേരിപ്പിച്ചത്. നേരത്തെ ഐ ഫോണിന്റെ സ്ക്രീനിന് 4 ഇഞ്ചായിരുന്നു വലിപ്പം. കഴിഞ്ഞ വര്‍ഷം പുതിയതായി പുറത്തിറക്കിയ ഐ ഫോണ്‍ ആദ്യ വാരാന്ത്യം 9 മില്യണ്‍ മാത്രമാണ് വില്‍പ്പന നടന്നത്.

ലോകമെമ്പാടുമുളള ആപ്പിള്‍ സ്റോറുകള്‍ക്ക് മുമ്പില്‍ വില്‍പ്പനയാരംഭിച്ച സെപ്റ്റംബര്‍ 19 ന് (വെളളി) രാവിലെ മുതല്‍ വമ്പിച്ച ജനാവലിയാണ് ക്യൂവില്‍ അണിനിരന്നത്. ഇരുനൂറു ഡോളര്‍ മുതല്‍ 400 ഡോളര്‍ വരെയാണ് ഫോണിന്റെ വില. ഹോളിഡേ സീസണില്‍ അമ്പത്തി അഞ്ച് മുതല്‍ 60 മില്യണ്‍ വരെ ഐ ഫോണുകള്‍ വില്‍പ്പന നടക്കുമെന്നാണ് സാന്‍ഫോര്‍ഡ് ഫിനാന്‍ഷ്യല്‍ അനലിസ്റ് ടോണി സെതാനാവി പ്രതീക്ഷിക്കുന്നത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍