നാട്ടുകാര്‍ കൈത്താങ്ങായി; കുലശേഖരം സ്വദേശി തങ്കപ്പന്‍ നാട്ടിലെത്തി
Monday, September 22, 2014 4:12 AM IST
റിയാദ്: സ്വദേശത്തേക്ക് മടങ്ങുന്നതിനായി സൌദിയിലെ വിവധ നഗരങ്ങലൂടെ കറങ്ങി റിയാദിലെത്തിയ കന്യാകുമാരിക്കടുത്ത മാര്‍ത്താണ്ഡം കുലശേഖരം സ്വദേശി തങ്കപ്പന്‍ അരുമനായകം (55) ഏറെ കടമ്പകള്‍ കടന്ന് റിയാദിലെ നവോദയ പ്രവര്‍ത്തകരുടേയും സ്വന്തം നാട്ടുകാരുടേയും സഹായത്തോടെ ഇന്ത്യയിലേക്ക് മടങ്ങി. തങ്കപ്പന്റെ അവസ്ഥ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് വി.ജി മാത്യൂവിന്റെ നേതൃത്വത്തില്‍ കുലശേഖരം വാട്ട്സ് ആപ്പ് കൂട്ടായ്മ നാട്ടിലേക്ക് മടങ്ങുന്നതിന്റെ മുഴുവന്‍ സാമ്പത്തിക ബാധ്യതയും വഹിക്കാന്‍ തയ്യാറായി മുന്നോട്ട് വരികയായിരുന്നു. തുടര്‍ന്ന് നവോദയ ജീവകാരുണ്യവിഭാഗം റിയാദ് തര്‍ഹീലുമായി ബന്ധപ്പെട്ട് രണ്ട് വര്‍ഷത്തെ ഇഖാമയുടെ തുകയും പിഴയും അടച്ചതിനാല്‍ ഫൈനല്‍ എക്സിറ്റ് ലഭിച്ചു. ഒറിജിനല്‍ പാസ്പോര്‍ട്ട് കൈവശം ഉണ്ടായിരുന്നത് കാര്യങ്ങള്‍ എളുപ്പമാക്കി. എയര്‍ ഇന്ത്യ വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങിയ തങ്കപ്പന്റെ ടിക്കറ്റ് നല്‍കിയതും കുലശേഖരം സോഷ്യല്‍ നെറ്റ്വര്‍ക്ക് കൂട്ടായ്മയാണ്.

22 മാസം മുന്‍പ് റെസ്റ്റോറന്റ് തൊഴിലാളിയുടെ വിസയില്‍ സൌദിയിലെ ജിസാനില്‍ എത്തിയ തങ്കപ്പന്‍ പറഞ്ഞ ജോലിയോ ശമ്പളമോ ലഭിക്കാത്തതിനാല്‍ നാട്ടിലേക്ക് മടങ്ങുന്നതിനായി സൌദിയുടെ വിവിധ ഭാഗങ്ങളില്‍ ചെന്ന് നടത്തിയ ശ്രമങ്ങളൊക്കെ വെറുതെയാവുകയായിരുന്നു. 3 മാസം സ്പോണ്‍സറോടൊപ്പം ജോലി ചെയ്തിട്ടും ശബളവും ഇഖാമയുംം ലഭിക്കാതെ വന്നതോടെയാണ് സ്വന്തം നിലയില്‍ ജോലി അന്വേഷിച്ച് പലയിടങ്ങളിലും കറങ്ങി തബൂക്കിലെത്തിയത്. തബൂക്കിലെ ജോലിക്കിടയില്‍ ഹൃദയസംബന്ധമായ ഗുരുതരരോഗം ബാധിച്ചതോടെ നാട്ടിലെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങി. ജിദ്ദയിലെത്തി നിതാഖാത്ത് ഇളവുകാലം ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ആരുടെയോ നിര്‍ദ്ദേശപ്രകാരം ഒരു പാകിസ്ഥാനി എജന്റ് വഴി എക്സിറ്റ് തരപ്പെടുത്താന്‍ ശ്രമിച്ച് പരാജയപ്പെടുകയും 2000 റിയാല്‍ നഷ്ടപ്പെടുകയും ചെയ്തു. എജന്റ് വാഗ്ദാനം ചെയ്തത് പ്രകാരം തര്‍ഹീലില്‍ എത്തിയെങ്കിലും രോഗബാധിതനാണെന്ന് കണ്ട് അധികൃതര്‍ മടക്കി അയക്കുകയായിരുന്നു. മറ്റൊരു വഴിയില്‍ ഇഖാമയും രേഖകളും ശരിയാക്കി നാട്ടിലേക്ക് മടങ്ങുന്നതിന് 1600 റിയാല്‍ ചിലവാക്കിയെങ്കിലും അതും ഫലം കണ്ടില്ല. തുടര്‍ന്നാണ് റിയാദിലെത്തിയത്. ഇന്ത്യന്‍ എംബസിയില്‍ അഭയം തേടിയെങ്കിലും എംബസി സെക്യൂരിറ്റി അധികൃതര്‍ അകത്തേക്ക് കടത്തിവിടാതെ പറഞ്ഞയക്കുകയായിരുന്നു.

പിന്നീട് നവോദയ പ്രവര്‍ത്തകര്‍ തങ്കപ്പനെ ഏറ്റെടുത്ത് നാട്ടിലയക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി ഇദ്ദേഹത്തെക്കുറിച്ചുള്ള വാര്‍ത്ത മാധ്യമങ്ങള്‍ക്ക് നല്‍കുകയായിരുന്നു. നാട്ടില്‍ പോകാനുള്ള തങ്കപ്പന്റെ നീണ്ട ശ്രമങ്ങള്‍ക്ക് ഇങ്ങനെയാണ് പരിസമാപ്തി കണ്ടത്. നവോദയയുടെ ജീവകാരുണ്യ പ്രവര്‍ത്തകരായ ബാബുജി, ജി.വി മാത്യു എന്നിവര്‍ ഇതിന് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍