കോറല്‍സ്പ്രിംഗ് പള്ളിയില്‍ മാതാവിന്റെ ജനന തിരുനാള്‍ ആഘോഷിച്ചു
Saturday, September 20, 2014 5:09 AM IST
ഫ്ളോറിഡ: ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് കാത്തലിക് ഫൊറോനാ പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുനാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. സെപ്റ്റംബര്‍ 12-ന് ഇടവക വികാരി ഫാ. കുര്യാക്കോസ് കുമ്പയ്ക്കില്‍ തിരുനാളിന് കൊടിയേറ്റി. ലദിഞ്ഞിനെ തുടര്‍ന്ന് നടന്ന കുര്‍ബാനയില്‍ ഫാ. ജോര്‍ജ് പുതുശേരിയില്‍ മുഖ്യകാര്‍മികനായിരുന്നു.

13-ന് പ്രസുദേന്തി വാഴ്ചയ്ക്കുശേഷം സീറോ മലബാര്‍ ആരാധനാക്രമത്തിലെ ഏറ്റവും പ്രധാന ബലിയര്‍പ്പണമായ റാസാ കുര്‍ബാന അര്‍പ്പിക്കപ്പെട്ടു. ഫാ. സക്കറിയസ് തോട്ടുവേലില്‍ മുഖ്യകാര്‍മികനായിരുന്നു. ഫാ. ജയിംസ് കുമ്പയ്ക്കില്‍, ഫാ. കുര്യാക്കോസ് കുമ്പയ്ക്കില്‍, ഫാ. ആന്റണി വയലില്‍കരോട്ട്, ഫാ. മാത്യു തുണ്ടത്തില്‍ തുടങ്ങിയവര്‍ സഹകാര്‍മികരായിരുന്നു. മരിയന്‍ ഭക്തിയേയും വിശ്വാസത്തേയും കുറിച്ച് ഫാ. ജയിംസ് കുമ്പയ്ക്കിലിന്റെ തിരുനാള്‍ സന്ദേശം ഹൃദയസ്പര്‍ശിയായിരുന്നു. തുടര്‍ന്ന് നടന്ന ജപമാല പ്രദക്ഷിണത്തില്‍ വിശ്വാസികള്‍ ഭക്തിപൂര്‍വ്വം പങ്കെടുത്തു.

14-ന് ലദീഞ്ഞിനെ തുടര്‍ന്ന് നടന്ന ആഘോഷമായ പാട്ടുകുര്‍ബാനയില്‍ ഫാ. ജയിംസ് കുമ്പയ്ക്കില്‍ മുഖ്യകാര്‍മികനായിരുന്നു. ഫാ. ജോണ്‍ മേലേപ്പുറം പ്രധാന തിരുനാള്‍ സന്ദേശം നല്‍കി. ഫാ. കുര്യാക്കോസ് കുമ്പയ്ക്കില്‍, ഫാ. ജോണ്‍ മേലുപ്പുറം, ഫാ. ജോസഫ് മാരൂര്‍ തുടങ്ങിയവര്‍ സഹകാര്‍മികരായിരുന്നു. 28 പ്രസുദേന്തി കുടുംബങ്ങള്‍ മുന്‍നിരയില്‍ അണിനിരന്നപ്പോള്‍ ഗായകസംഘം തിരുകര്‍മ്മങ്ങള്‍ ഭക്തിസാന്ദ്രമാക്കി. തുടര്‍ന്ന് മാതാവന്റേയും മറ്റ് വിശുദ്ധരുടേയും രൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള വര്‍ണ്ണശബളമായ പ്രദക്ഷിണം നടന്നു. ഡ്രം ലവേഴ്സിന്റെ ചെണ്ടമേളവും, മറ്റു വാദ്യഘോഷങ്ങളും പ്രദക്ഷിണത്തിന് കൊഴുപ്പേകി.

15-ന് ഫാ. ബെന്നി സി.എസ്.ടിയുടെ കാര്‍മികത്വത്തില്‍ മരിച്ചവരുടെ ഓര്‍മ്മയ്ക്കായി പ്രത്യേക കുര്‍ബാന അര്‍പ്പിക്കപ്പെട്ടു. തിരുനാളിന് ഒരുക്കമായി നടന്ന നൊവേനയിലും മറ്റ് നേര്‍ച്ചകാഴ്ചകളിലും വിശ്വാസികള്‍ ഭക്തിപൂര്‍വ്വം പങ്കെടുത്തു. എല്ലാ തിരുനാള്‍ ദിവസങ്ങളിലും സ്നേഹവിരുന്ന് ഉണ്ടായിരുന്നു. കൂടാതെ എസ്.എം.സി.സിയുടെ നേതൃത്വത്തില്‍ നാടന്‍ വിഭവങ്ങളോടുകൂടിയ തട്ടുകടയും ഗെയിമുകളും എല്ലാവരും ആസ്വദിച്ചു.

തിരുനാളിന്റെ സുഗമമായ നടത്തിപ്പിന് ജയിംസ് വാത്തിയേലില്‍ നേതൃത്വം കൊടുത്ത പ്രസുദേന്തിമാരും , സിസ്റേഴ്സ്, കൈക്കാരന്മാര്‍, പാരീഷ് കൌണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ പ്രവര്‍ത്തിച്ചു. തിരുനാളിനായി സഹകരിക്കുകയും, സഹായിക്കുകയും ചെയ്ത എല്ലാവര്‍ക്കും തിരുനാളിന്റെ രക്ഷാധികാരിയായിരുന്ന ഫാ. കുര്യാക്കോസ് കുമ്പയ്ക്കില്‍ നന്ദി അറിയിച്ചു. ഷിബു ജോസഫ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം