ശ്രീനാരായണ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക ഗുരുദേവ ജയന്തിയും ഓണവും ആഘോഷിച്ചു
Thursday, September 18, 2014 2:25 AM IST
ന്യൂയോര്‍ക്ക്: ശ്രീനാരായണ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരുദേവന്റെ 160-മത് ജന്മദിനവും ഓണവും സെപ്റ്റംബര്‍ 13-ന് ശനിയാഴ്ച ക്വീന്‍സിലുള്ള ഗ്ളെന്‍ഓക്സ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് ആഘോഷിക്കുകയുണ്ടായി. വിഭവസമൃദ്ധമായ സദ്യയ്ക്കുശേഷം സ്വാമിജി ബോധിതീര്‍ത്ഥ, നാസാ കൌണ്ടി ലെജിസ്ളേറ്റര്‍ റിച്ചാര്‍ഡ് നികല്ലെല്ലോ, കേരളാ റവന്യൂ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ച് ചടങ്ങുകള്‍ക്ക് തുടക്കംകുറിച്ചു.

തുടര്‍ന്ന് ചേര്‍ന്ന പൊതുസമ്മേളനത്തില്‍ മന്ത്രി അടൂര്‍ പ്രകാശ്, നാസാ കൌണ്ടി ലെജിസ്ളേറ്റര്‍ റിച്ചാര്‍ഡ് നികല്ലെല്ലോ, സ്വാമിജി ബോധിതീര്‍ത്ഥ, ശ്രീനാരായണ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഭാരവാഹികളായ ചെയര്‍മാന്‍ ഗോപിനാഥ പണിക്കര്‍, പ്രസിഡന്റ് പ്രസന്നന്‍ ഗംഗാധരന്‍, ജനറല്‍ സെക്രട്ടറി സജീവ് ചേന്നാട്ട്, യൂത്ത് ഫോറം പ്രസിഡന്റ് അരുണ്‍ ശിവന്‍ എന്നിവര്‍ ചതയദിനാശംസകളും, ഓണാശംസകളും അര്‍പ്പിച്ചു.

ഈവര്‍ഷത്തെ സുവനീര്‍ പ്രകാശന കര്‍മ്മം ശ്രീനാരായണ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ മുന്‍ ചെയര്‍മാനും സുവനീര്‍ എഡിറ്ററുമായ വാസുദേവ് പുളിക്കലിന്റെ സാന്നിധ്യത്തില്‍ സ്വാമിജി ബോധിതീര്‍ത്ഥ, ഫോമാ പ്രസിഡന്റ് ആനന്ദന്‍ നിരവേലിന് നല്‍കി നിര്‍വഹിച്ചു. ശ്രീനാരായണ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ പരിഷ്കരിച്ച വെബ്സൈറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മവും നടക്കുകയുണ്ടായി. തുടര്‍ന്ന് സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികളും അരങ്ങേറുകയുണ്ടായി. നിലമ്പൂര്‍ കാര്‍ത്തികേയന്‍ ചിട്ടപ്പെടുത്തിയ ദൈവദശകം പ്രാര്‍ത്ഥനയും, ശ്രീധര്‍ രൂപകല്‍പ്പന ചെയ്ത ദൈവദശകത്തിന്റെ ദൃശ്യാവിഷ്കാരവും ചടങ്ങിനു മാറ്റുകൂട്ടി. വിമന്‍സ് ഫോറം പ്രസിഡന്റ് ബിന്ദു വാലത്തിന്റെ നന്ദി പ്രകാശനത്തോടുകൂടി ആഘോഷങ്ങള്‍ക്ക് പരിസമാപ്തിയായി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം