റിയാദില്‍ നാലായിരത്തിലേറെ പേര്‍ക്ക് ഓണസദ്യയൊരുക്കി കേളി ഓണാഘോഷം
Friday, September 12, 2014 8:16 AM IST
റിയാദ്: റിയാദിലെ പ്രവാസി സമൂഹത്തിലെ നാലായിരത്തിലേറെ പേര്‍ക്ക് വിഭവസമൃദ്ധമായ സദ്യയൊരുക്കി ഗൃഹാതുരതയുണര്‍ത്തി കേളിയുടെ നേതൃത്വത്തില്‍ ഓണം ആഘോഷിച്ചു.

സംഘാടക മികവ് ഒരിക്കല്‍കൂടി തെളിയിക്കുന്നതായിരുന്നു കേളിയുടെ ഓണാഘോഷം. റിയാദ് അല്‍ഹയര്‍ കോമ്പൌണ്ടില്‍ പ്രത്യേകം നിര്‍മിച്ച രണ്ട് കൂറ്റന്‍ ടെന്റുകളിലായാണ് ഓണസദ്യ വിളമ്പിയത്. രണ്ട് ടെന്റുകളിലുമായി ഏകദേശം 480ഓളം പേര്‍ക്ക് ഒരേസമയം സദ്യ വിളമ്പാനുള്ള സൌകര്യമാണ് ഒരുക്കിയിരുന്നത്. കുടുംബങ്ങളായെത്തിയവര്‍ക്കായി പ്രത്യേക സൌകര്യവും ഒരുക്കിയിരുന്നു. കേളിയുടെ പതിനാല് ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് സദ്യക്കായി  ഇരുപത്തിയൊന്നോളം വിഭവങ്ങള്‍ ഒരുക്കിയത്. ഡബിള്‍ ഹോഴ്സ് ഫുഡ് പ്രൊഡക്ട്സ് ആയിരുന്നു ഒണാഘോഷപരിപാടികളുടെ മുഖ്യ പ്രായോജകര്‍.

ഓണാഘോഷപരിപാടികളുടെ ഭാഗമായി വനിതകള്‍ക്കായി പായസപാചക മല്‍സരവും കേളിയുടെ വിവിധ ഏരിയകള്‍ക്കായി പൂക്കള മല്‍സരവും സംഘടിപ്പിച്ചിരുന്നു. അന്‍പതോളം വനിതകള്‍ പങ്കെടുത്ത പായസപാചക മല്‍സരത്തില്‍ വിജയിയായ ലൈല മെഹ്റുഫ് ഒരു പവന്‍ സ്വര്‍ണ നാണയം സമ്മാനമായി നേടി. സിറ്റി ഫ്ളവര്‍ ഗ്രൂപ്പാണ് സമ്മാനം സ്പോണ്‍സര്‍ ചെയ്തിരുന്നത്. പൂക്കള മല്‍സരത്തില്‍ കേളി ഉമ്മുല്‍ഹമാം ഏരിയ ഒന്നാം സ്ഥാനം കരസ്ഥമാക്കി.  സനയ്യഅര്‍ബയിന്‍, അത്തിക്ക എന്നീ ഏരിയകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

കേളി കുടുംബ വേദിയുടെ നേതൃത്വത്തിലും കലാക്ഷേത്ര അനില്‍കുമാറിന്റെ ശിക്ഷണത്തില്‍ കൈരളി കലാകേന്ദ്രത്തിലെ നൃത്ത വിദ്യാര്‍ഥികളും അവതരിപ്പിച്ച മനോഹരമായ നൃത്തനൃത്യങ്ങളും കേളിയുടെ വിവിധ ഏരിയകളിലെ കലാകാരന്‍മാരും കലാകാരികളും അവതരിപ്പിച്ച മറ്റ് കലാപരിപാടികളും ഓണാഘോഷപരിപാടികള്‍ക്ക് മാറ്റുകൂട്ടി.

വൈകിട്ടു നടന്ന സാംസ്കാരിക സമ്മേളനം പ്രവാസി എഴുത്തുകാരന്‍ ജോസഫ് അതിരുങ്കല്‍ ഉദ്ഘാടനം ചെയ്തു. കേളി വൈസ് പ്രസിഡന്റും സംഘാടക സമിതി ചെയര്‍മാനുമായ സജീവന്‍ ചൊവ്വ അധ്യക്ഷത വഹിച്ചു. സാംസ്കാരികപ്രവര്‍ത്തകന്‍ ജയചന്ദ്രന്‍ നെരുവമ്പ്രം, ഡബിള്‍ ഹോഴ്സ് റിയാദ് മാനേജര്‍ ഹസന്‍ സഹ്റാനി, സിറ്റി ഫ്ളവര്‍ പ്രതിനിധി നൌഫല്‍, കേളി മുഖ്യ രക്ഷാധികാരി കെ.ആര്‍. ഉണ്ണികൃഷ്ണന്‍, ന്യൂ ഏജ് സാംസ്കാരികവേദി രക്ഷാധികാരി സക്കീര്‍ വടക്കുംതല, നോര്‍ക്ക സൌദി കണ്‍സള്‍ട്ടന്റ് ശിഹാബ് കൊട്ടുകാട്, റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് ബഷീര്‍ പാങ്ങോട്,പയ്യന്നൂര്‍ സൌഹൃദവേദി ജനറല്‍ സെക്രട്ടറി സനൂപ് പയ്യന്നൂര്‍, മഹാത്മ സ്കൂള്‍ ഡയറക്ടര്‍ ജബാര്‍, കേളി സെക്രട്ടറി റഷീദ് മേലേതില്‍, പ്രസിഡന്റ് മുഹമ്മദ് കുഞ്ഞ് വള്ളികുന്നം, വൈസ് പ്രസിഡന്റ് കുഞ്ഞിരാമന്‍ മയ്യില്‍, രക്ഷാധികാരി സമിതി അംഗം ദസ്തക്കീര്‍, കേളി കുടുംബവേദി പ്രസിഡന്റ് ഷമീം ഹുസൈന്‍ എന്നിവര്‍ പ്രസംഗിച്ചു. ഷൌക്കത്ത് നിലമ്പൂര്‍ സ്വാഗതവും സുരേഷ് ചന്ദ്രന്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ കലാപരിപാടികളില്‍ പങ്കെടുത്ത കുട്ടികള്‍ക്കുള്ള ട്രോഫികളും പായസപാചക മല്‍സര വിജയിക്കും പൂക്കള മല്‍സര വിജയികള്‍ക്കുമുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. ഓണാഘോഷത്തിന്റെ ഭാഗമായി സഫാ മക്ക പോളി ക്ളിനിക്കിലെ അഞ്ചോളം ഡോക്ടര്‍മാരുടെയും അനുബന്ധ സ്റാഫിന്റെയും നേതൃത്വത്തില്‍ ഒരുക്കിയിരുന്ന സൌജന്യ വൈദ്യപരിശോധനക്കുള്ള സൌകര്യം പരിപാടികളില്‍ പങ്കെടുക്കാനെത്തിയ നിരവധിപേര്‍ പ്രയോജനപ്പെടുത്തി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍