റിയാദില്‍ ട്രെയിലര്‍ തമ്മില്‍ കൂട്ടിയിടിച്ച് മലപ്പുറം സ്വദേശി മരിച്ചു
Friday, September 5, 2014 7:48 AM IST
റിയാദ്: ദമാം റിയാദ് ഹൈവേയില്‍ ട്രെയിലറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മലയാളി മരിച്ചു. മലപ്പുറം കൂട്ടിലങ്ങാടി വാഴക്കാട്ടിരിയിലെ ആറാട്ട്തൊടി മുഹമ്മദ് എന്ന നാണിയുടെ മകന്‍ ആഷിഖ് (23) ആണ് മരിച്ചത്. ട്രെയിലര്‍ ഓടിച്ചിരുന്ന ആഷിഖിന്റെ പിതാവ് മുഹമ്മദ് കാലിന് പരിക്കുകളോടെ ശുമൈസി ആശുപത്രിയില്‍ ചകിത്സയിലാണ്.

ദമാമില്‍ നിന്നും റിയാദിലേക്ക് സാധനങ്ങളുമായി വരുന്ന ട്രെയിലറാണ് അപകടത്തില്‍പ്പെട്ടത്. റിയാദില്‍ നിന്നും 50 കിലോമീറ്റര്‍ അകലെ ചെക്പോയിന്റിനടുത്ത് മറ്റൊരു ട്രെയിലറുമായി കൂട്ടിയിടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി അലിയെ പരിക്കുകളോടെ ബദിയയിലെ പ്രിന്‍സ് സല്‍മാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒന്നര മാസം മുമ്പാണ് ആഷിഖ് പുതിയ വീസയില്‍ റിയാദിലെത്തിയത്. അവിവാഹിതനാണ്. കക്കാടന്‍ സമീറയാണ് മാതാവ്. ആസിഫലി, ഹാഷിം, ഫാത്തിമ ഹന്ന എന്നിവര്‍ സഹോദരങ്ങളാണ്. വിവരമറിഞ്ഞ് മക്കയില്‍ ജോലി ചെയ്യുന്ന ആഷിഖിന്റെ അമ്മാവന്‍ സക്കീര്‍ റിയാദിലേക്ക് തിരിച്ചിട്ടുണ്ട്. മൃതദേഹം നാട്ടിലയക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി ബന്ധുക്കളായ കളത്തിങ്ങല്‍ത്തൊടി കബീര്‍, അമീര്‍ അലി കുട്ടശേരി എന്നിവരോടൊപ്പം റിമാല്‍ പ്രവര്‍ത്തകരും കെഎംസിസിയുടെ തെന്നല മൊയ്തീന്‍ കുട്ടിയും രംഗത്തുണ്ട്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍