തിരുവല്ലാ അസോസിയേഷന്‍ ഓഫ് ഡാളസ് തിരുവല്ലയില്‍ പഠനസഹായ വിതരണം നടത്തി
Thursday, August 28, 2014 8:30 AM IST
ഡാളസ്: തിരുവല്ലാ അസോസിയേഷന്‍ ഓഫ് ഡാളസിന്റെ നേതൃത്വത്തില്‍ നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്കുള്ള യൂണിഫോമും പുസ്തക വിതരണവും ജൂണ്‍ മൂന്നിന് തിരുവല്ലയില്‍ നടന്നു.

കറ്റോട് ഗവ. എല്‍പി സ്കൂളില്‍ നടന്ന ചടങ്ങില്‍ തിരുവല്ലാ അസോസിയേഷന്‍ ഓഫ് ഡാളസിന്റെ വൈസ് പ്രസിഡന്റ് സജി നായര്‍ അധ്യക്ഷത വഹിച്ചു. കുട്ടികള്‍ക്കുള്ള യൂണിഫോമും സ്കൂള്‍ കിറ്റുകളും തിരുവല്ലാ മുന്‍ മുനിസിപ്പല്‍ ചെയര്‍മാനും അസോസിയേഷന്‍ കോഓര്‍ഡിനേറ്ററുമായ ചെറിയാന്‍ പോളചിറക്കല്‍ വിതരണം ചെയ്തു. തിരുവല്ലാ അസോസിയേഷന്റെ നാട്ടിലെ പരിപാടികള്‍ക്ക് നേതൃത്വം നല്‍ക്കുന്ന ബാബു വര്‍ഗീസ് (തലവടി), പോള്‍ വര്‍ഗീസ് മലയില്‍, ബേബി മുളമൂട്ടില്‍ തുടങ്ങിയവരും ചടങ്ങിനു നേതൃത്വം നല്‍കി.

എല്ലാ വര്‍ഷവും നടന്നുവരുന്ന ധനസഹായത്തിന്റെ ഭാഗമായി മൂന്ന് സ്കൂളുകള്‍ക്ക് സഹായം ലഭിച്ചു. ഗവ. എല്‍പി സ്കൂള്‍ ഹെഡ് മിസ്ട്രസ് രമാ തങ്കച്ചി അസോസിയേഷന്റെ പ്രവര്‍ത്തങ്ങള്‍ക്ക് കൃതജ്ഞത രേഖപ്പെടുത്തി. സജി നായര്‍ അസോസിയേഷനെ പ്രതിനിധീകരിച്ച് പ്രസംഗിച്ചു. പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച ഏവര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.

'ഉല്ലാസതിരമാല 2014' സ്റ്റേജ് ഷോയുടെ ധനസമാഹരണത്തിലൂടെ തിരുവല്ലാ വൈഎംസിഎയുടെ ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികള്‍ക്കുള്ള പുനരധിവാസ പദ്ധതിയിലും അസോസിയേഷന്‍ ഈ വര്‍ഷം പങ്കാളികളായി. അസോസിയേഷന്‍ പ്രസിഡന്റ് സോണി ജേക്കബിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന ഈ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ മാത്യു സാമുവല്‍, സുനില്‍ വര്‍ഗീസ് തലവടി, സജി നായര്‍, ജെ.പി ജോണ്‍, പ്രസാദ് ഏബ്രഹാം, ബിനോ മാത്യു, സുനു മാത്യു മാമൂട്ടില്‍ തുടങ്ങിയവരും ചുക്കാന്‍ പിടിക്കുന്നു.

റിപ്പോര്‍ട്ട്: ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍