കേരള സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിന് പരക്കെ സ്വാഗതം
Tuesday, August 26, 2014 4:43 AM IST
റിയാദ്: റദ്ദാക്കിയ ബാര്‍ ലൈസന്‍സുകള്‍ പുതുക്കി നല്‍കാതേയും ഘട്ടം ഘട്ടമായി മുഴുവന്‍ ബാറുകള്‍ നിര്‍ത്തലാക്കിയും കേരള സംസ്ഥാനത്തിന്റെ ഉറക്കം കെടുത്തുന്ന മദ്യ വിപത്തിനെതിരെ പടപൊരുതാന്‍ തീരുമാനമെടുത്ത യു.ഡി.എഫ് സര്‍ക്കാരിന്റെ പുതിയ മദ്യനയം പ്രവാസ ലോകത്ത് പരക്കെ സ്വാഗതം ചെയ്യപ്പെടുന്നു. എടുക്കുന്ന തീരുമാനങ്ങളില്‍ മദ്യമുതലാളിമാരുടെ പ്രലോഭനങ്ങളില്‍ കുടുങ്ങി പുറകോട്ടു പോകാതെ സുധീരം മുന്നോട്ടു പോകാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് വിവിധ സംഘടനകളും സംഘടനാ പ്രതിനിധികളും സാമൂഹ്യ പ്രവര്‍ത്തകരും പറഞ്ഞു.

സമയബന്ധിതമായ പദ്ധതിയിലൂടെ കേരളത്തെ സമ്പൂര്‍ണ്ണ മദ്യനിരോധന സംസ്ഥാനമാക്കി മാറ്റനുള്ള ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ നിശ്ചയ ദാര്‍ഢ്യത്തോടെയുള്ള നടപടികളെ ഒ.ഐ.സി.സി സെന്‍ട്രല്‍ കമ്മിറ്റ സ്വാഗതം ചെയ്തു. വി.എം സുധീരന്റെ നേതൃത്വത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം യു.ഡി.എഫ് സര്‍ക്കാരിന് ഇക്കാര്യത്തില്‍ നല്‍കുന്ന പിന്തുണയോടൊപ്പം ഒ.ഐ.സി.സി യുടെ മുഴുവന്‍ അംഗങ്ങളും അണി ചേരുമെന്നും ഇത് സംസ്ഥാന ചരിത്രത്തില്‍ പുതിയ അധ്യായം തുന്നിച്ചേര്‍ക്കുമെന്നും ഒ.ഐ.സി.സി പ്രസിഡണ്ട് കുഞ്ഞി കുമ്പള അഭിപ്രായപ്പെട്ടു.

ആളോഹരി മദ്യ വിനിയോഗത്തില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തുള്ള കേരളത്തെ മദ്യ വിമുക്തമാക്കാന്‍ ശക്തമായ നിലപാടെടുത്ത യു.ഡി.എഫ് സര്‍ക്കാരിനേയും അതിനായി നിരന്തരം പ്രേരണ ചെലുത്തിയ മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തേയും കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരനേയും ഇരിട്ടി മട്ടന്നൂര്‍ കെ.എം.സി.സി കമ്മിറ്റി മുക്തകണ്ഠം പ്രശംസിച്ചു. ജനവികാരം കണക്കിലെടുത്ത് സമ്പൂര്‍ണ്ണ മദ്യ നിരോധനമെന്ന ജനകീയ തീരുമാനമെടുത്ത കേരള മുഖ്യമന്ത്രിക്കും യു.ഡി.എഫ് സര്‍ക്കാരിനും റിയാദ് ഒ.ഐ.സി.സി സോണ്‍ കമ്മിറ്റിയുടെ അഭിനന്ദനങ്ങള്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് മാത്രം ബാര്‍ ലൈസന്‍സ് പരിമിതപ്പെടുത്തിയും കേരളത്തെ ഘട്ടം ഘട്ടമായി മദ്യവിമുക്തമാക്കാനുള്ള സര്‍ക്കാരിന്റെ പദ്ധതി ശ്ളാഘനീയമാണെന്ന് ഫോര്‍ക്ക നിര്‍വ്വാഹക സമിതി അഭിപ്രായപ്പെട്ടു. ഇതോടൊപ്പം കാമ്പസുകളിലും മറ്റും ലഹരി വസ്തുക്കളുടെ ഉപയോഗം ഫലപ്രദമായി തടയുന്നതിന് കേരളത്തിലെ സാംസ്കാരിക സന്നദ്ധ സംഘടനകളും റസിഡന്‍സ് അസോസിയേഷനുകളും ഫലപ്രദമായി ബോധവത്കരണ പരിപാടികള്‍ കാര്യക്ഷമമായി നടത്തണമെന്നും ഫോര്‍ക്ക ആവശ്യപ്പെട്ടു.

പ്രവാസികള്‍ക്കിടയില്‍ ലഹരി വിരുദ്ധ കാമ്പയിനുകളുമായി മുന്നോട്ട് പോകുന്ന സുബൈര്‍ കുഞ്ഞ് ഫൌണ്േടഷന്‍, ലഹരിക്കും ചൂതാട്ടങ്ങള്‍ക്കുമെതിരെ ത്രൈമാസ കാമ്പയിനുകള്‍ നടത്തി പ്രവാസി ഇന്ത്യക്കാര്‍ക്കിടയില്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്ന സൌദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍, ഒ.ഐ.സി.സി തൃശൂര്‍ ജില്ലാ കമ്മിറ്റി, എന്‍.ആര്‍.കെ വെല്‍ഫെയര്‍ ഫോറം തുടങ്ങി നിരവധി സംഘടനകള്‍ സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ മദ്യ നിരോധനം നടപ്പിലാക്കുന്ന നടപടികളെ സഹര്‍ഷം സ്വാഗതം ചെയ്തു. തീരുമാനങ്ങള്‍ ഗൌരവപൂര്‍വ്വം നടപ്പിലാക്കാന്‍ എല്ലാ തടസ്സങ്ങളേയും തൃണവല്‍ഗണിച്ച് മുന്നോട്ട് പോകണമെന്നും പ്രവാസി സംഘടനകള്‍ കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍